Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലിരുന്ന് ഈ വീട്ടമ്മ പ്രതിമാസം സമ്പാദിക്കുന്നത് 50, 000 രൂപ!

Asha ആഷ ബിനീഷ്

ഓൺലൈൻ വഴി പരീക്ഷാ പരിശീലനം നൽകി വരുമാനം നേടുന്ന ഒരു യുവസംരംഭകയാണ് ആഷ. പിഎസ്‌സി, ബാങ്ക്, കമ്പനി, ബോർഡ് എന്നിവിടങ്ങളിലെ ഒഴിവുകൾ അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്. സ്ഥിരമായ പിഎസ്‌സി/ ബാങ്ക് കോച്ചിങ്ങും നടത്തുന്നു. ഇതോടൊപ്പം വിവിധ ക്രാഷ് കോച്ചിങ്ങുകളും ഉണ്ട്. കറന്റ് അഫയേഴ്സിലും പരിശീലനം നൽകുന്നു. മത്സരപരീക്ഷകൾ എഴുതുന്നവരെ എല്ലാതലത്തിലും സഹായിക്കുകയാണു ലക്ഷ്യം.

വിവാഹസമയത്ത് ഒരു സോഫ്റ്റ്െവയർ കമ്പനിയിൽ പ്രോഗ്രാമറായിരുന്ന ആഷയ്ക്ക് കുഞ്ഞു ജനിച്ചതോടെ ജോലിക്കു പോകുക ബുദ്ധിമുട്ടായി. അങ്ങനെയാണ് വീട്ടിൽത്തന്നെയിരുന്നു ചെയ്യാവുന്ന ജോലിയെന്ന നിലയിൽ ഓൺലൈൻ കോച്ചിങ് തിരഞ്ഞെടുത്തത്.  പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി യുട്യൂബിൽ ഒരു കോച്ചിങ് ക്ലാസ് പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. അതു വിജയിച്ചതോടെ കൂടുതൽ ശ്രദ്ധ നൽകി. ഒരു വർഷമായി ഓൺലൈൻ ക്ലാസുകൾ നിരന്തരം നടത്തി വരികയാണ്. എറണാകുളത്ത് ഒരു കോച്ചിങ് കേന്ദ്രവും തുറന്നിട്ടുണ്ട്.

എൽ‌ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ് എന്നിവയ്ക്കു പൂർണമായ പാക്കേജാണു നൽകുന്നത്. ഇത്തരം പാക്കേജുകൾക്ക് 3,500 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കുന്നത്. ആറുമാസം മുതൽ 12 മാസം വരെ തുടർച്ചയായി കോച്ചിങ് നൽകുന്നു. പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ സമഗ്രമായ കോച്ചിങ്ങാണു നൽകുന്നത്. ആ സമയത്തു പ്രത്യേക അഡ്മിഷനുകളും കിട്ടാറുണ്ട്.

ആഷയെ കൂടാതെ ആറ് ഫാക്കൽറ്റികൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കണക്കും ജികെയുമാണ് ആഷ കൈകാര്യം ചെയ്യുന്നത്. മറ്റു വിഷയങ്ങൾ അതത് എക്സ്പേർട്ടുകളാണു കൈകാര്യം ചെയുന്നത്. എല്ലാ വിഷയങ്ങൾക്കും നൈപുണ്യം ഉള്ളവരെ മാത്രമാണ് നിയോഗിക്കുന്നത്. ആവശ്യഘട്ടങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റികളെയും ഉപയോഗപ്പെടുത്തും.

ലാപ്ടോപ്, ഒരു വെബ്സൈറ്റ് എന്നിവയാണ് ഇതിനായുള്ള നിക്ഷേപങ്ങൾ. ഫാക്കൽറ്റികൾക്ക് അവരുടെ ക്ലാസിന്റെ തോത് അനുസരിച്ച് പ്രതിഫലം നൽകുന്നു. പ്രതിമാസം 50,000 രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുന്നുവെന്ന് ആഷ പറയുന്നു.

ആഷ ബിനീഷ്

കോംപറ്ററ്റീവ് ക്രാക്കർ

കാക്കനാട്, കൊച്ചി

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam