27-ാം വയസ്സിൽ വീട്ടിൽ സമാധാനമായി ഉറങ്ങി; രക്ഷപ്പെട്ടത് വക്കീലായതോടെ: ജീവിതം പറഞ്ഞ് ഷാനിബ അലി
ചെറുപ്പത്തിൽ മനസ്സിനേൽക്കുന്ന മുറിവുകൾ പിന്നീട് എത്ര വലുതായാലും മായാതെ കിടക്കും. അതിന്റെ ആഴമളക്കാൻ ചിലപ്പോൾ സാധിച്ചെന്നും വരില്ല. കുട്ടിയല്ലേ എന്നു കരുതി അവരുടെ വിചാരവികാരങ്ങളെ ഗൗനിക്കാതെ, കടന്നു പോകുന്നതുകൊണ്ടാകാം പലപ്പോഴും കുഞ്ഞുങ്ങൾ മാനസികമായി ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നത്. അവർക്കുമുണ്ട്
ചെറുപ്പത്തിൽ മനസ്സിനേൽക്കുന്ന മുറിവുകൾ പിന്നീട് എത്ര വലുതായാലും മായാതെ കിടക്കും. അതിന്റെ ആഴമളക്കാൻ ചിലപ്പോൾ സാധിച്ചെന്നും വരില്ല. കുട്ടിയല്ലേ എന്നു കരുതി അവരുടെ വിചാരവികാരങ്ങളെ ഗൗനിക്കാതെ, കടന്നു പോകുന്നതുകൊണ്ടാകാം പലപ്പോഴും കുഞ്ഞുങ്ങൾ മാനസികമായി ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നത്. അവർക്കുമുണ്ട്
ചെറുപ്പത്തിൽ മനസ്സിനേൽക്കുന്ന മുറിവുകൾ പിന്നീട് എത്ര വലുതായാലും മായാതെ കിടക്കും. അതിന്റെ ആഴമളക്കാൻ ചിലപ്പോൾ സാധിച്ചെന്നും വരില്ല. കുട്ടിയല്ലേ എന്നു കരുതി അവരുടെ വിചാരവികാരങ്ങളെ ഗൗനിക്കാതെ, കടന്നു പോകുന്നതുകൊണ്ടാകാം പലപ്പോഴും കുഞ്ഞുങ്ങൾ മാനസികമായി ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നത്. അവർക്കുമുണ്ട്
ചെറുപ്പത്തിൽ മനസ്സിനേൽക്കുന്ന മുറിവുകൾ പിന്നീട് എത്ര വലുതായാലും മായാതെ കിടക്കും. അതിന്റെ ആഴമളക്കാൻ ചിലപ്പോൾ സാധിച്ചെന്നും വരില്ല. കുട്ടിയല്ലേ എന്നു കരുതി അവരുടെ വിചാരവികാരങ്ങളെ ഗൗനിക്കാതെ, കടന്നു പോകുന്നതുകൊണ്ടാകാം പലപ്പോഴും കുഞ്ഞുങ്ങൾ മാനസികമായി ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നത്. അവർക്കുമുണ്ട് ആത്മാഭിമാനം. അതിനെ നമ്മൾ ബഹുമാനിക്കണം. ചെറുപ്രായത്തിൽ ബഹുമാനം കൊടുത്താൽ മാത്രമേ അവൻ വളർന്നു വലുതാകുമ്പോൾ മറ്റുള്ളവരിലേക്കും അത് പകരുകയുള്ളൂ. തന്റെ ജീവിതംകൊണ്ട് മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ ഷാനിബ ശ്രമിക്കുന്നത് ഈ കാര്യങ്ങളാണ്. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ കുട്ടിക്കാലവും ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം സ്വപ്നങ്ങളിൽ മാത്രം സഫലമാക്കാൻ വിധിക്കപ്പെട്ട കാലത്തുനിന്നും ഇന്ന് നല്ലൊരു അഭിഭാഷകയിലേക്കു ഷാനിബ വളർന്നത് ആത്മാഭിമാനത്തിന്റെ പേരിലാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘കാതൽ’ സിനിമയുടെ ലീഗൽ അഡ്വൈസറായിരുന്നു ഷാനിബ. ഹൈക്കോടതിയിൽ തിരക്കേറിയ അഭിഭാഷകയായി പ്രവർത്തിക്കുമ്പോഴും ഷാനിബ എന്നും താൻ കടന്നുവന്ന വഴികൾ മറന്നിട്ടില്ല. പാവപ്പെട്ടവനും അഭിമാനമുണ്ടെന്ന് തന്റെ ജീവിതം കൊണ്ട് വിളിച്ചു പറയുകയാണ് ഷാനിബ.
ഗതിയില്ലാത്ത വീട്ടിലെ കുട്ടികളോട് പുച്ഛമുള്ള സമൂഹം
‘കുട്ടിക്കാലത്തെ ട്രോമ’ എന്ന ഒറ്റവാക്കുകൊണ്ട് നമുക്ക് പലരുടെയും ജീവിതത്തെ ചുരുക്കി കളയാം. പക്ഷേ ആ ട്രോമ എന്നു പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം ആജീവനാന്തകാലം സഹിക്കേണ്ടിവരുന്ന ഒരു നൊമ്പരമാണ്. ഷാനിബയുടെ കഥയും വ്യത്യസ്തമല്ല. ചെറുപ്രായത്തിൽ തന്നെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണവളാണ്. ‘‘ദാരിദ്ര്യം എന്നു പറയുന്നത് നമ്മൾക്കൊക്കെ ഭക്ഷണം ഇല്ലാത്ത അവസ്ഥയാണ് അല്ലെങ്കിൽ ഉടുക്കാൻ വസ്ത്രം ഇല്ലാത്തത്, അതുമല്ലെങ്കിൽ കയറിക്കിടക്കാൻ ഒരു വീടില്ലാത്തത്. ആത്മാഭിമാനത്തിന് പുല്ലുവില പോലുമില്ലാത്ത ഒന്നാണ് ദാരിദ്യം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പാവപ്പെട്ടവന് ആരും വില നൽകില്ല എന്ന് ഞാൻ എന്റെ സ്വന്തം അനുഭവം കൊണ്ടു മനസ്സിലാക്കിയതാണ്. ആ ചിന്താഗതി മാറണം അതിനുവേണ്ടിയാണ് എന്റെ പോരാട്ടങ്ങൾ.’’– താൻ കടന്നുവന്ന വഴികളെ കുറിച്ച് ഷാനിബ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.
ഷാനിബയും സഹോദരിയും ഉമ്മയും ഉപ്പയും അടങ്ങുന്നതായിരുന്നു ചെറിയ കുടുംബം. കോഴിക്കോട് കുറ്റിക്കാട്ടൂരാണ് സ്വദേശം. ഉപ്പയ്ക്ക് ചെറിയ പ്രായത്തിൽ തന്നെ സുഖമില്ലാതെ ആയതിനാൽ ജോലിക്ക് പോകാൻ സാധിക്കില്ലായിരുന്നു. ആ കാലത്ത് ഒരു മുസ്‌ലിം കുടുംബത്തിലെ സ്ത്രീ പുറത്തു ജോലിക്കു പോയി കുടുംബം പോറ്റുക എന്ന് പറയുന്നത് അങ്ങേയറ്റം അംഗീകരിക്കാൻ ആവാത്ത വസ്തുത തന്നെയാണ്. എന്നാൽ ഷാനിബയുടെ കുടുംബത്തിന് ഉമ്മ എന്ന ആ സ്ത്രീ പുറത്തു പോയാൽ മാത്രമേ ജീവിക്കാനാവമായിരുന്നുള്ളൂ. ഉമ്മ അടുത്തുള്ള വീടുകളിൽ ജോലിക്കു പോയായിരുന്നു ഷാനിബയുടെയും മറ്റ് അംഗങ്ങളുടെയും ചെലവ് കഴിഞ്ഞിരുന്നത്. ദാരിദ്ര്യം മാത്രമായിരുന്നു അന്ന് കൂട്ട്. രണ്ടു പെൺകുട്ടികൾ ആയതിനാലും ഒരു നേരമെങ്കിലും ആഹാരം കൃത്യമായി കിട്ടുമല്ലോ എന്നതിനാലും ആ അമ്മ രണ്ടുമക്കളെയും സ്കൂളിൽ പറഞ്ഞയച്ചു. സ്കൂളിൽ നിന്നും കിട്ടുന്ന ഉച്ചക്കഞ്ഞി ആയിരുന്നു അന്നത്തെ കാലത്ത് തങ്ങളുടെ ഏക ആശ്രയമെന്ന് ഷാനിബ ഓർത്തെടുക്കുന്നു. അതു മുടങ്ങാതിരിക്കാൻ എന്നും സ്കൂളിൽ പോകും. പക്ഷേ, പഠനത്തോടു പെൺകുട്ടികൾക്കു രണ്ടുപേർക്കും നല്ല ഇഷ്ടവും ഉണ്ടായിരുന്നു. പ്രാരാബ്ധങ്ങൾക്കിടയിലും ഒന്നുമില്ലായ്മയിലും അവർ വിദ്യാഭ്യാസത്തെ മുറുകെപ്പിടിച്ചു. അയൽ വീടുകളിലെ കുട്ടികൾ ഇട്ടുപഴകിയ യൂണിഫോമും എഴുതിത്തീരാറായ ബുക്കുകളും ആയിരുന്നു ഷാനിബയ്ക്കും സഹോദരിക്കും പഠിക്കാൻ ലഭിച്ചിരുന്നത്.
‘‘ഏതെങ്കിലും അടുക്കളപ്പുറത്ത് നിൽക്കുന്ന ഉമ്മയെ കണ്ടാണ് ഞാൻ വളർന്നത്. കയറിക്കിടക്കാൻ നല്ലൊരു വീടില്ല. ധരിക്കാൻ നല്ല ഡ്രസ്സുകളില്ല. ഞങ്ങളുടെ പ്രായത്തിലുള്ള മറ്റു കുട്ടികൾ ഫാൻസി ഐറ്റംസിനും കളിപ്പാട്ടങ്ങൾക്കും മറ്റുമൊക്കെ വാശി പിടിച്ചു കരഞ്ഞപ്പോൾ ഞാനും സഹോദരിയും ഇൻസ്ട്രുമെന്റ് ബോക്സിനും പുസ്തകങ്ങൾക്കുമായിരുന്നു കരഞ്ഞിരുന്നത്. അതുപോലും നിറവേറ്റി തരാൻ ഞങ്ങളുടെ പാവം ഉമ്മയ്ക്ക് അന്ന് സാധിച്ചിരുന്നില്ല.’’– ഷാനിബ കൂട്ടിച്ചേർത്തു. ഭക്ഷണമായിരുന്നു ആ കാലത്ത് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഷാനിബ പറയുന്നു. ‘‘അന്ന് ഞങ്ങൾക്ക് കിട്ടിയിരുന്ന ലക്ഷ്വറി ഫുഡ് എന്ന് പറയുന്നതുപോലും മുട്ട പൊരിച്ചതായിരുന്നു. അത് കിട്ടുന്നതോ രണ്ടോ മൂന്നോ മാസം കൂടുമ്പോഴും. ഉമ്മ മുട്ട പൊരിക്കുന്ന സമയം അത്രയും ഞങ്ങൾ രണ്ടുപേരും അതിനടുത്തു തന്നെ നിൽക്കുമായിരുന്നു. അത്യാവശ്യം തടിച്ച് ഉരുണ്ട് നല്ല വെളുത്ത പെൺകുട്ടിയായിരുന്നു ചെറുപ്പകാലത്തു ഞാൻ. ഇന്ന് പറയുന്ന സോ കോൾഡ് ക്യൂട്ട്നെസ് ഒക്കെ അന്ന് ഉണ്ടായിരുന്നിട്ടും എനിക്കാരും ഒരു മിട്ടായി പോലും വാങ്ങി തന്നിട്ടില്ല. എൽഎൽബിയ്ക്ക് പഠിക്കുമ്പോൾ കിട്ടിയ സ്റ്റെഫന്റിൽ നിന്നുമാണ് ഞാൻ ആദ്യമായി ഒരു ഡയറി മിൽക്ക് വാങ്ങി കഴിക്കുന്നത്.’’– ഷാനിബ ഓർക്കുന്നു.
‘‘അടുത്ത വീട്ടിൽ ടിവി കാണാൻ ചെല്ലുമ്പോൾ ഗതിയില്ലാത്ത വീട്ടിലെ കുട്ടികളോടുള്ള ഒരു പുച്ഛം ഉണ്ടല്ലോ അതായിരിക്കും ആ വീട്ടുകാരുടെ മുഖത്ത്. ആ പുച്ഛം കണ്ടാണ് ഞാൻ വളർന്നത്.നമ്മൾ ചെല്ലുമ്പോൾ ശ്രദ്ധിക്കാതിരിക്കുക, വീട്ടിൽ കയറ്റാതെ വാതിൽ അടച്ചു കളയുക, നമുക്ക് യാതൊരുവിധ വിലയും നൽകാതിരിക്കുക ഇങ്ങനെ പോകുന്നു സമൂഹത്തിന്റെ സമീപനം. ഒന്നുമില്ലാത്തവനാണെങ്കിലും അവനും ആത്മാഭിമാനമുണ്ട്.അതിനു വിലകൽപ്പിക്കാതിരിക്കുന്നതു ഭീകരമാണ്. ഗതിയില്ലാത്തവനും ആത്മാഭിമാനം ഉണ്ടെന്ന് കാണിച്ചുകൊടുക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചതാണ്. ഇത്തരം അതിഭീകരമായ സന്ദർഭങ്ങളിലൂടെ ആയിരുന്നു എന്റെ കുട്ടിക്കാലം കടന്നുപോയത്. ആ കുട്ടിക്കാലട്രോമ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.’’
ഡാൻസ് കളിക്കാത്തതിനാൽ കലാതിലക പട്ടം നഷ്ടപ്പെട്ടവൾ
വീട്ടിലെ ബുദ്ധിമുട്ടുകൾക്കിടയിലും പഠനത്തിൽ മിടുക്കിയായി, കലാകായിക മേളകളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ പെൺകുട്ടിയായിരുന്നു ഷാനിബ. വീട്ടിലെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ട് തന്നെ പൈസ ചെലവുള്ള ഒരു കാര്യത്തിനൊന്നും ഷാനിബയ്ക്ക് ചേരാനായില്ല. പക്ഷേ, മാറി നിൽക്കാനും അവൾ തയാറായിരുന്നില്ല. സ്കൂൾ കലോത്സവവേദികളിൽ ഉപന്യാസമത്സരത്തിലും പ്രസംഗത്തിലും എല്ലാം ഒന്നാം സ്ഥാനം നേടി ഷാനിബ. ഒരിക്കൽ കലോത്സവം കഴിഞ്ഞ് പോയിന്റ് നില പുറത്തു വന്നപ്പോൾ ഷാനിബയ്ക്കായിരുന്നു ഏറ്റവും കൂടുതൽ പോയിന്റ്. എന്നാൽ കലാതിലക പട്ടം കൊടുക്കാൻ സാധിക്കില്ല എന്ന് അധ്യാപകൻ പറഞ്ഞപ്പോൾ ആ പിഞ്ചു പെൺകുട്ടി അത് എന്തുകൊണ്ടാണ് എന്ന് മാത്രമായിരുന്നു ചോദിച്ചത്. അദ്ദേഹം അതിനു മറുപടി പറഞ്ഞത് ഷാനിബ നൃത്തം ചെയ്യുന്നില്ലല്ലോ. നൃത്തം കളിക്കുന്നവർക്ക് മാത്രമാണ് കലാതിലകപട്ടം നൽകാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു. തന്നെക്കാൾ മാർക്ക് കുറഞ്ഞ ആൾ കലാതിലക പട്ടം സ്റ്റേജിൽ കയറി വാങ്ങുന്നത് ഷാനിബ കൗതുകത്തോടെ നോക്കി നിന്നു. പുരസ്കാരത്തിന് അർഹയായ പെൺകുട്ടിക്കൊപ്പം അവളുടെ മാതാപിതാക്കളും ബന്ധുക്കളും എല്ലാം സ്റ്റേജിൽ സന്തോഷത്തോടുകൂടി നിറഞ്ഞുനിന്നപ്പോൾ പണമില്ലാത്തതിനാൽ മാത്രം തനിക്ക് നഷ്ടപ്പെട്ടുപോയ ആ സൗഭാഗ്യത്തെ ഷാനിബ കൺനിറച്ചു കണ്ടു. അന്ന് തന്റെ മകൾക്ക് എന്താണ് സംഭവിക്കുന്നതെന്നു പോലും അന്വേഷിക്കാനോ അറിയാനോ ഉള്ള സാഹചര്യമായിരുന്നില്ല ഷാനിബയുടെ മാതാപിതാക്കൾക്ക്. ഇന്ന് താൻ ആ അവകാശങ്ങളെക്കുറിച്ച് ബോധപതിയാണെന്ന് ഷാനിബ പറയുന്നു. രുചികരമായ ഭക്ഷണം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി കൊതിച്ചിരുന്ന ഒരു കുട്ടിയിൽ നിന്ന് ചുറ്റുമുള്ളവരെ അവരുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി പോരാടാൻ പ്രേരിപ്പിക്കുകയും സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്യുന്ന ഒരാളിലേക്ക് താൻ എത്തിയത് ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോന്നുകൊണ്ടാണെന്നും ഷാനിബ പറയുന്നു.
വക്കീലായതും ഒരുതരം രക്ഷപ്പെടലാണ്
‘‘പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഇനി എന്തു പഠിക്കണം എന്ന് ചിന്തിച്ചിരുന്ന സമയത്താണ് അധികം ചെലവില്ലാത്ത എന്തെങ്കിലും പഠിക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്. വീട്ടിൽ സാമ്പത്തികം ഇല്ലാത്തതിനാൽ മെഡിസിൻ പോലെയുള്ള വലിയ പരിപാടികളൊന്നും നടക്കില്ല. അങ്ങനെയാണ് എൽഎൽബിക്ക് ചേരാം എന്ന് തീരുമാനിച്ചത്. അതിനുവേണ്ടി റിസർച്ചുകൾ ആരംഭിച്ചു. അന്നത്തെ റിസർച്ച് എന്ന് പറയുന്നത് മറ്റുള്ളവരോട് ചോദിച്ചറിയുക എന്നുള്ളതാണല്ലോ. അറിയാവുന്ന ആളുകളോടൊക്കെ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും പഠിച്ചു ജോലി നേടി കുറെ പണം സമ്പാദിക്കണം എന്നതായിരുന്നു അന്നത്തെ എന്റെ ആഗ്രഹം. കാരണം ഞങ്ങളുടെ വീട് അന്ന് തീരെ സുരക്ഷിതമല്ല. വാതിലിളകിയ,പൊട്ടിപ്പൊളിഞ്ഞ ഒരു കുഞ്ഞു വീടായിരുന്നു. സ്വന്തമായി ഒരു വീട് വയ്ക്കണം ആ നാട്ടിലുള്ളവരെയൊക്കെ വിളിച്ചു കാണിക്കണം എന്നൊക്കെ ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നു. ഈ ചിന്തകളൊക്കെയും പിറക്കുന്നത് അവഗണനയിൽ നിന്നുമാണ്. ആ അവഗണനയെ മറികടക്കുക എന്നത് മാത്രമായിരുന്നു എന്റെ ജീവിതലക്ഷ്യം.
പ്ലസ് ടു കഴിഞ്ഞ് കോഴിക്കോട് ലോ കോളജിലെ എൻട്രൻസ് എഴുതി നിൽക്കുന്ന സമയം. കോഴിക്കോടിനു പുറത്തേക്ക് വിടില്ല എന്ന് വീട്ടിൽ നിന്നും കർശന അറിയിപ്പുകിട്ടി. കോഴിക്കോട് ലോ കോളേജിൽ ആണെങ്കിൽ മാത്രം ഇനി പഠിക്കാൻ പോയാൽ മതിയെന്ന് വീട്ടിൽനിന്ന് പറയുകയും ചെയ്തു. എന്തോ എന്റെ ഭാഗ്യത്തിന് അവിടെത്തന്നെ അഡ്മിഷൻ കിട്ടി. ജോലിചെയ്തു സ്വന്തം കാലിൽ നിൽക്കുക ഇത് മാത്രമായിരുന്നു ലക്ഷ്യം. "
സാമ്പത്തിക സ്വാതന്ത്ര്യം നേടണം
എൽഎൽബി കഴിഞ്ഞതും പ്രാക്ടീസ് ചെയ്യാൻ വേണ്ടി ഷാനിബയ്ക്ക് തന്റെ സീനിയർ വഴി ഹൈക്കോടതിയിലെ ഒരു വക്കീലിന്റെ കീഴിൽ അവസരം ലഭിച്ചു. ഇന്റേൺഷിപ്പ് ആയിട്ടും അദ്ദേഹം ഷാനിബയ്ക്ക് 4500 രൂപ മാസം നൽകിയിരുന്നു. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയതോടെ 6500 രൂപ ശമ്പളത്തിൽ ഷാനിബ തന്റെ ആദ്യ ജോലി ആരംഭിച്ചു. താമസസ്ഥലത്തെ വാടക 3500 രൂപയും കഴിഞ്ഞ് 2000 രൂപയും കൊണ്ടാണ് കൊച്ചിയിൽ ജീവിച്ചിരുന്നത്. ‘‘ആദ്യം നല്ല സ്ട്രഗിൾ ചെയ്തു. താമസവും ഭക്ഷണവും ചെലവും എല്ലാം ഈ തുച്ഛമായ വരുമാനത്തിൽ ഒതുങ്ങണം. ഭക്ഷണം പലപ്പോഴും വേണ്ടെന്നു വയ്ക്കും. മൂന്നുനാലു മാസം അങ്ങനെ പോയി. എന്നാലും ഞാൻ ഹാപ്പിയായിരുന്നു. പഠിക്കാൻ അവസരമുണ്ട്, ജോലിയുണ്ട്, സ്വന്തം കാലിൽ നിൽക്കാം എന്നുള്ള ബോധ്യമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് സ്വന്തമായി കേസുകൾ ലഭിക്കാൻ തുടങ്ങി. അപ്പോൾ എന്നോട് സാർ പറഞ്ഞത് ഇപ്പോൾ എന്താണോ നീ സേവ് ചെയ്യുന്നത് അതേ പിന്നീട് ഉണ്ടാവുകയുള്ളൂ എന്നായിരുന്നു. അങ്ങനെയാണ് ഞാൻ സേവിങ്സ് തുടങ്ങിയതും ആ ചെറിയ വരുമാനത്തിൽ നിന്നും ഒരു ചെറിയ തുകയെങ്കിലും എനിക്കുവേണ്ടി മാറ്റിവയ്ക്കാൻ ആരംഭിച്ചതും. അന്ന് ഞാൻ മനസ്സിലാക്കിയ കാര്യമാണ് ഫിനാൻഷ്യൽ ഫ്രീഡം എന്ന് പറയുന്നത് പെൺകുട്ടികളെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്. സ്വന്തം കാര്യങ്ങൾക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കുക എന്നു പറഞ്ഞാൽ അതാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ കാര്യം എന്ന് ഞാൻ പറയും.’’
ഇതിനിടെ ഷാനിബ ഒരു ഇൻസ്റ്റഗ്രാം പേജും തുടങ്ങിയിരുന്നു. ഷാനിബയുടെ കമ്മ്യൂണിക്കേഷൻ ആണ് പ്രധാനം. നല്ല ചുറുചുറുക്കോടുകൂടി സംസാരിക്കുന്ന ഷാനിബയുടെ വർത്തമാനം കേട്ടിരിക്കാൻ രസമാണെന്ന് പറയുന്നവർ ഏറെയാണ്. ഇൻസ്റ്ററീലുകളിൽ നിന്നും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ കാതൽ എന്ന സിനിമയിൽ വരെ ഷാനിബയുടെ സാന്നിധ്യമുണ്ട്. സാധാരണ കുട്ടികൾ ഒന്നിൽ നിന്നാണ് തുടങ്ങുന്നതെങ്കിൽ, തന്നെപ്പോലെ ഒന്നുമില്ലാത്തവർ മൈനസ് നൂറിൽ നിന്നും ആരംഭിച്ച് ഒന്നിലേക്ക് എത്തുന്നതു പോലും വലിയ കാര്യമാണെന്നാണ് ഷാനിബ പറയുന്നത്.
നിങ്ങളുടെ ജീവിതം നിങ്ങൾ തന്നെ ഡിസൈൻ ചെയ്യണം
‘‘എന്റെ ജീവിതം ഞാൻ ഡിസൈൻ ചെയ്തതു പോലെയാണ് പോകുന്നത്. അതുപോലെയായിരിക്കണം ഓരോരുത്തരും. പലപ്പോഴും പെൺകുട്ടികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി വീട്ടുകാർ തന്നെയാണ്. നല്ല കുട്ടിയായി പഠിച്ച് അവർ ചൂണ്ടിക്കാണിക്കുന്ന ആളെ വിവാഹം ചെയ്തു കുടുംബജീവിതം നയിക്കാൻ ആണെങ്കിൽ അങ്ങനെ പോകാം. എന്നാൽ പഠിച്ച് നല്ലൊരു നിലയിൽ എത്തി സ്വന്തം കാലിൽ നിൽക്കണമെങ്കിൽ അതിന് നമ്മൾ തന്നെ വിചാരിക്കണം. സാമ്പത്തികമായും മാനസികമായും പിന്തുണ നൽകാൻ ആരുമില്ലാത്ത അവസ്ഥയിൽ നിന്നുമാണ് ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെ ആയി തീർന്നിരിക്കുന്നത്. അത് എന്റെ ജീവിതം ഞാൻ ഡിസൈൻ ചെയ്തതുകൊണ്ടാണ്. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാമായിരുന്ന ഞങ്ങളുടെ വീടിന്റെ സ്ഥാനത്ത് 27- മത്തെ വയസ്സിൽ ഞാൻ വലിയൊരു വീട് പണിതു. ആ വീട്ടിലാണ് ഞാൻ ആദ്യമായി സമാധാനത്തോടുകൂടി ഉറങ്ങിയത്. ചെറിയ പ്രായത്തിൽ വന്നുചേരുന്ന ബുദ്ധിമുട്ടുകളിൽ വീണു പോകാതെ പിടിച്ചുനിൽക്കാനും മുന്നോട്ടുപോകണമെന്ന് ചിന്തിക്കാനും നമ്മൾ തീരുമാനിച്ചാൽ തീർച്ചയായും അത് സാധിക്കും. പലർക്കും പറ്റാതെ പോകുന്നത് അതാണ്. ഒരു വീഴ്ച ഉണ്ടാകുമ്പോൾ അവർ തളർന്നുപോകുന്നു. മറ്റുള്ളവരുടെ മുമ്പിൽ ജീവിച്ചു കാണിച്ചുകൊണ്ട് ഇതല്ല എന്റെ വിധി ഇങ്ങനെയാണ് എന്റെ ജീവിതം എന്ന് തെളിയിച്ചു കൊടുക്കാൻ നമുക്ക് സാധിക്കണം. നമ്മൾ ഒന്നുമല്ലാതിരുന്ന സമയത്ത് തിരിഞ്ഞു പോലും നോക്കാത്തവർ,നമുക്കൊരു നല്ലകാലം വന്നു എന്നറിഞ്ഞാൽ, നമ്മളെ തേടി ഇങ്ങോട്ട് വരും. അതുപോലെ നമ്മുടെ ജീവിതത്തിലേക്ക് ആരെങ്കിലും കടന്നുവരുമ്പോൾ ഇനിയുള്ള കാലം അവരെ ആശ്രയിച്ചു ജീവിക്കാം എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഞാനും ഈ കാര്യത്തിലൂടെ കടന്നുപോയ വ്യക്തി ആയതുകൊണ്ട് പറയുകയാണ്. ഒരിക്കലും മറ്റൊരാളെ ആശ്രയിക്കരുത്. കാരണം നമുക്ക് ഒരു പ്രയാസം വരുമ്പോൾ ആരും കൂടെയുണ്ടാകില്ല. ജീവിതത്തിൽ നമ്മൾ എപ്പോഴും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മൾ വീഴുമ്പോൾ രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് വീണാൽ ആ ഭാരവും താങ്ങി അവിടെ തന്നെ കിടക്കാം. രണ്ട് വീണിടത്തു നിന്നും എഴുന്നേറ്റ് മുന്നോട്ടുപോകാം. വിധിയെ പഴിച്ച് തോറ്റുപോയി എന്നു പറയുന്നവർ ഒരിക്കലും എവിടെയും എത്തിയിട്ടില്ല. വിധിയെ തോൽപിച്ചു മുന്നോട്ടുപോയവരൊക്കെ വിജയിച്ചിട്ടേ ഉള്ളൂ. എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്കാണ് എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റുന്നത്. പെൺകുട്ടികളോട് എനിക്ക് പറയാനുള്ളത്, കുടുംബജീവിതം അല്ല വലുത്, ആദ്യം നിങ്ങൾ നേടിയെടുക്കേണ്ടത് നല്ല വിദ്യാഭ്യാസമാണ്, മാതാപിതാക്കളുടെ കയ്യിലോ ഭർത്താവിന്റെ കയ്യിലോ പണമുണ്ടെന്നു കരുതി സ്വന്തമായി സമ്പാദിക്കാതിരിക്കുന്നത് വിഡ്ഢിത്തമാണ്. സ്വന്തം കാലിൽ നിൽക്കാൻ എപ്പോഴും ശ്രമിക്കുക.’’