മോഡലിങ് രംഗത്തു തിളങ്ങാൻ പാടുകളൊന്നുമില്ലാത്ത സുന്ദരമായ മുഖം കൂടിയേ തീരൂ എന്നാണ് വയ്പ്പ്. എന്നാൽ അത്തരം ചിന്താഗതികളെയൊക്കെ കാറ്റിൽപ്പറത്തിയാണ് മരിയാന മെൻഡെസ് എന്ന ഇരുപത്തിനാലുകാരി ഇന്ന് വിജയകരമായി മോഡലിങ് രംഗത്തു പ്രവർത്തിക്കുന്നത്. മറ്റുള്ള മോഡലുകളിൽ നിന്നും മരിയാനയെ വ്യത്യസ്തയാക്കുന്നത് എന്താണെന്നല്ലേ? അത് മരിയാനയുടെ മുഖത്ത് അസാധാരണ വലിപ്പത്തിലുള്ള ആ മറുകു തന്നെയാണ്.
ബ്രസീൽ സ്വദേശിയായ മരിയാനയുടെ മൂക്കും വലത്തെകണ്ണും കവിളിന്റെ ഭാഗങ്ങളിലുമായി പടർന്നു കിടക്കുന്ന ആ കറുത്ത മറുക് കുട്ടിക്കാലം തൊട്ടേ അവളെ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തിയിരുന്നു. ഇരുപതിനായിരത്തിൽ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകതരം മറുകായിരുന്നു അത്. ത്വക്കിനുള്‍വശത്തായി അസാധാരണമാം വിധത്തിൽ നിറക്കൂടുതലുണ്ടാവുകയും തൽഫലമായി ബാധിക്കപ്പെട്ട പ്രദേശമാകെ കറുത്തിരുണ്ടു പോവുകയും ചെയ്യുന്നതാണ് അവസ്ഥ.
മരിയാനയുടെ മറുക് കാരണം അവൾ ഭാവിയിൽ കളിയാക്കപ്പെടുമോയെന്നും ഒറ്റപ്പെടുമോ എന്നും ഭയന്ന വീട്ടുകാർ അഞ്ചാം വയസിൽ അവൾക്കൊരു ലേസർ സർജറിക്കു വിധേയയാക്കി. മറുകിന്റെ തെളിച്ചം കുറയ്ക്കലായിരുന്നു ലക്ഷ്യം. പക്ഷേ ഏതാനും സെഷനുകൾ കഴിഞ്ഞപ്പോഴും മരിയാനയുടെ മറുകിനു കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. അതിൽ താൻ ഏറെ സന്തുഷ്ടയാണെന്നാണ് മരിയാന പറയുന്നത്.
തന്റെ മറുക് സൗന്ദര്യത്തിനൊരു കുറവായി തോന്നാത്ത മരിയാന മോഡലിങ്ങിന്റെ ലോകത്തേക്കും സധൈര്യം കാലെടുത്തുവച്ചു. ഇന്ന് സ്റ്റൈലിസ്റ്റ് കൂടിയായ മരിയാനയ്ക്ക് തന്റെ മറുകിനെക്കുറിച്ചോർത്ത് തെല്ലും വിഷമമില്ല, എന്നാലോ ഏറെ അഭിമാനവുമുണ്ടുതാനും.
''ഞാൻ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ വളരെ സുന്ദരിയായാണ് എനിക്കു തോന്നാറുളളത്, കാരണം എനിക്കൊരു മറുകുണ്ടല്ലോ. അതു തുറിച്ചു നോക്കുന്നവരും ഇഷ്ടപ്പെടാതെ നോക്കുന്നവരുമൊക്കെയുണ്ട്, പക്ഷേ അതൊന്നും എനിക്കൊരു പ്രശ്നമല്ല. ചിലരൊക്കെ ഇതു കാണാൻ വളരെ വൃത്തികേടാണെന്നുവരെ പറഞ്ഞിട്ടുണ്ട്. അതും എന്നെ അലട്ടിയിട്ടില്ല. അതവരുടെ അഭിപ്രായം മാത്രമല്ലേ... ഞാൻ കരുതുന്നത് ഈ മറുകു സുന്ദരമാണെന്നാണ്.
ആദ്യമായി കാണുന്നവർ എപ്പോഴും ഈ മറുകിനെക്കുറിച്ച് ചോദിക്കാനേ നേരമുണ്ടാവുകയുള്ളു. ചിലരുടെ വിചാരം ഇതു മേക്അപ്പോ ടാറ്റൂ ചെയ്തതോ ഒക്കെ ആകുമെന്നാണ്. എന്തായാലും ഞാൻ ഈ മറുകില്‍ അഭിമാനിക്കുന്നവളാണ്. കാരണം അത് എന്റെ ഭാഗം തന്നെയാണ്''- മരിയാന പറയുന്നു.