ആ ദിവസങ്ങളിൽ അവരെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്നും മുഖത്തുകാണാറുള്ള പ്രസരിപ്പ് ഒട്ടൊന്നു മങ്ങി ആകെ വാടി തളർന്ന്.. ദേഷ്യവും സങ്കടവും കരച്ചിലുമൊക്കെയായി വികാരങ്ങളുടെ അങ്ങേയറ്റമായിരിക്കും ആ ദിനങ്ങളിൽ അവളെ കാത്തിരിക്കുന്നത്. ആർത്തവനാളുകളുടെ ആദ്യ ദിവസം പലപ്പോളും പെൺകുട്ടികൾക്ക് ആശങ്കകളുടേയും അസ്വസ്ഥതകളുടേതുമാണ്. ശാരീരികവും മാനസികവുമായൊക്കെ അവൾ തളർന്നിരിക്കുന്ന സമയം.
ആർത്തവത്തിന്റെ കഠിനമായ വേദനയിലും അവധിയെടുക്കാൻ അവസരമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയിലാണ് നിരവധി സ്ത്രീകൾ. മെറ്റേണിറ്റി ലീവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണെങ്കിലും ആർത്തവ ദിനങ്ങളുടെ അസ്വസ്ഥതകളെ അവഗണിച്ച് എങ്ങനെയും ഒരു ജോലി ദിവസം തള്ളി നീക്കുക എന്നതു മാത്രമായിരുന്നു സ്ത്രീകളുടെ മുമ്പിൽ ഇന്നലെ വരെയുള്ള സാധ്യത. എന്നാൽ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മുംബൈയിലെ മാധ്യമ സ്ഥാപനമായ കൾച്ചറൽ മെഷീൻ. ഇനി മെഡിക്കൽ, കാഷ്വൽ ലീവുകളെപ്പോലെ തന്നെ ആർത്തവത്തിന്റെ ആദ്യദിനത്തിൽ പ്രത്യേക അവധി നൽകുകയാണ് ഈ സ്ഥാപനം.
ആർത്തവത്തിന്റെ ആദ്യ ദിവസം ശമ്പളത്തോടു കൂടിയ അവധിയാണ് കൾച്ചറൽ മെഷീൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. 75 വനിതാ ജീവനക്കാരാണ് കൾച്ചറൽ മെഷീനിലുള്ളത്. എച്ച് ആർ ഡിവിഷന്റെ പുതിയ തീരുമാനത്തെ കൂടുതൽ പ്രതീക്ഷയോടെയാണ് വനിതാജീവനക്കാർ വരവേറ്റത്. കമ്പനിയുടെ തീരുമാനത്തോടുള്ള ജീവനക്കാരുടെ പ്രതികരണവും ആർത്തവ ദിനങ്ങളെ കുറിച്ചുള്ള വനിതാ ജീവനക്കാരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തി കമ്പനി തയാറാക്കിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. രാജ്യം മുഴുവൻ ഇതൊരു മാതൃകയാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam