കണ്ണെഴുതി പാവാട ധരിച്ച് രൺവീർ, അഴക് കൂട്ടാൻ മൂക്കുത്തിയും!!

കട്ടിയായി കണ്‍മഷിയെഴുതിയ കണ്ണുകളുമായി രണ്‍വീര്‍ പരമ്പരാഗത ചട്ടക്കൂട്ടിലെ പുരുഷ ഫാഷന്‍ മന്ത്രങ്ങളെ തിരുത്തിയെഴുതി. നേരത്തെ മാഗസിന്റെ കവർ ഷൂട്ടിനായി വലിയ മൂക്കുത്തി അണിഞ്ഞും രണ്‍വീര്‍ ഹൃദയങ്ങൾ കീഴടക്കി...

സ്ത്രീ–പുരുഷ സമത്വം വാക്കുകളിൽ മാത്രം ഒതുങ്ങുന്ന നാട്ടിൽ പ്രവൃത്തിയിലൂടെ തെളിയുന്ന ഐക്യദാർഢ്യത്തിന് നൂറിൽ നൂറു മാർക്കാണ്. ലിംഗസമത്വത്തിനു പിന്തുണ നൽകിക്കൊണ്ട് പരമ്പരാഗത സ്ത്രീ– പുരുഷ വസ്ത്ര രീതികളെ പൊളിച്ചെഴുതുകയാണ് ഫാഷന്‍ ലോകം. സ്ത്രീ വേഷങ്ങളായി അറിയപ്പെടുന്ന സ്‌കര്‍ട്ട്, സാരി എന്നിവയണിഞ്ഞാണ് പുരുഷൻമാർ ലിംഗസമത്വത്തോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. തങ്ങളുടെ സ്വാതന്ത്ര്യം അടിച്ചുറപ്പിക്കാന്‍ പുരുഷ വസ്ത്രങ്ങളെന്ന ലേബലിലുള്ള പാന്റിലും ഷര്‍ട്ടിലും സ്ത്രീകള്‍ ചേക്കേറിയെങ്കിലും സാരിയും സ്‌കര്‍ട്ടും അണിഞ്ഞ് സ്ത്രീ സമത്വവാദത്തെ മുന്നോട്ടു നയിക്കാൻ ഇന്ന് പുരുഷന്‍മാര്‍ തയാറാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. 

ഹോട്ട് സ്റ്റാർ രൺവീർ

ബോളിവുഡിന്റെ ഫാഷന്‍ ഐക്കണ്‍ രണ്‍വീര്‍ സിങ്ങാണ് ലിംഗസമത്വം എന്ന വാദത്തെ എന്നും തന്റെ ഫാഷനിലൂടെ പിന്തുണച്ചിട്ടുള്ളത്. സ്‌കര്‍ട്ട് അണിഞ്ഞാണ് അടുത്തിടെ രണ്‍വീര്‍ ഒരു ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. കട്ടിയായി കണ്‍മഷിയെഴുതിയ കണ്ണുകളുമായി രണ്‍വീര്‍ പരമ്പരാഗത ചട്ടക്കൂട്ടിലെ പുരുഷ ഫാഷന്‍ മന്ത്രങ്ങളെ തിരുത്തിയെഴുതി.  നേരത്തെ മാഗസിന്റെ കവർ ഷൂട്ടിനായി വലിയ മൂക്കുത്തി അണിഞ്ഞും രണ്‍വീര്‍ ഹൃദയങ്ങൾ കീഴടക്കി. മൂക്കുത്തിയണിഞ്ഞ് അമീർഖാൻ, അക്ഷയ്കുമാർ തുടങ്ങിയവരും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. 

കണ്‍വെന്‍ഷനല്‍ ജെന്‍ഡേര്‍ഡ് ഡ്രസിങ്ങിനെ രണ്‍വീര്‍ വെല്ലുവിളിക്കുന്നത് ഇതാദ്യമല്ല. ബാജിറാവു മസ്താനി എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികളിലെല്ലാം സ്‌കര്‍ട്ടിലാണ് രണ്‍വീര്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീവിഭാഗമെന്നു പറഞ്ഞു തരം തിരിച്ചിട്ടുള്ള ഫ്ലോറല്‍ ഡിസൈന്‍, തിളങ്ങുന്ന ഷര്‍ട്ട്, ക്രേസി പ്രിന്റുകള്‍, ദോത്തി പാന്റുകള്‍ എന്നിവയിലും പുരുഷൻമാർക്കു തിളങ്ങാമെന്നു രൺവീർ പലതവണ തെളിയിച്ചു. ലെഹംഗ, കുര്‍ത്ത ജാക്കറ്റ് കോമ്പിനേഷനും പരീക്ഷിച്ചു കയ്യടിവാങ്ങിയിട്ടുണ്ട് ബോളിവുഡിന്റെ ഹോട്ട് സ്റ്റാർ. വെല്‍വെറ്റ്, സര്‍ദോസി പ്രിന്റഡ് ഷേര്‍വാണി അണിഞ്ഞ് ഇന്ത്യന്‍ എത്‌നിക് വസ്ത്രത്തിന് പുതിയ മാനം നല്‍കി.

മാറുന്ന വസ്ത്രസങ്കൽപം

മെന്‍സ് വെയര്‍ വിഭാഗം മാറ്റത്തിന്റെ പാതയിലാണ്. കണ്‍വന്‍ഷനല്‍ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുകയാണ് ഡിസൈനര്‍മാര്‍. അതിന്റെ ഭാഗമായാണ് ജാക്കറ്റുകള്‍ക്കും ഷര്‍ട്ടുകള്‍ക്കും അവധി നല്‍കി ബോംബേഴ്‌സും ടാങ്ക് ടോപ്‌സും മെന്‍സ് വെയര്‍ വിഭാഗത്തില്‍ പുതിയ ചരിത്രം തീര്‍ക്കുന്നത്.

പാരിസില്‍ കഴിഞ്ഞമാസം  നടന്ന സ്പ്രിങ് സമ്മര്‍ 2018 ഫാഷന്‍ ഷോയില്‍ അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ തോം ബ്രൗണ്‍ അവതരിപ്പിച്ചത് പുരുഷന്‍മാര്‍ക്കുള്ള സ്‌കര്‍ട്ട്- സ്യൂട്ട്, പ്ലീറ്റഡ് സ്‌കര്‍ട്ട് വിത് ജാക്കറ്റ്‌സ് തുടങ്ങിയ കോംബിനേഷനുകളാണ്. ഫാഷന്‍ റണ്‍വേയ്ക്കു പുറത്ത് ചില ഹോളിവുഡ് നടന്‍മാരും സ്‌കര്‍ട്ടില്‍ വന്നു ഞെട്ടിച്ചിട്ടുണ്ട്. ലിംഗ സമത്വത്തിനുള്ള അംഗീകാരമായാണ് ഫാഷൻ ലോകം ഈ മാറ്റത്തെ കാണുന്നത്.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam