സൗന്ദര്യ സംരക്ഷണത്തിൽ ഭരണാധികാരികൾ തൽപരരാവുന്നതിൽ തെറ്റില്ല, പക്ഷേ അതിൽ മതിമറന്നു കണക്കില്ലാതെ പണം ചിലവഴിച്ചാലോ? ആ അവസ്ഥയിലാണ് ഇപ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍. മുപ്പത്തിയൊമ്പതുകാരനായ മക്രോൺ മേക്അപ്പിനു വേണ്ടി മാത്രം മൂന്നുമാസം കൊണ്ടു ചിലവഴിച്ച തുക കേട്ടു ഞെട്ടിയിരിക്കുകയാണ് ലോകം. ഒന്നും രണ്ടുമല്ല പത്തൊമ്പതു ലക്ഷമാണ് സുന്ദരനാകാനായി മക്രോൺ ചിലവാക്കിയത്. ഫ്രഞ്ച് മാഗസിനായ ലെ പോയിന്റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
ഓഫീസിനുള്ളിൽ എത്തി മൂന്നുമാസം കൊണ്ടാണ് സൗന്ദര്യവൽക്കരണത്തിനായി മക്രോൺ ലക്ഷങ്ങള്‍ ചിലവിട്ടിരിക്കുന്നത്. ആറുലക്ഷത്തിൽപ്പരം രൂപയാണ് ഒരുമാസത്തെ മേക്അപ് ചിലവിലേക്കു നീക്കിവച്ചിരുന്നത്, ഇതെല്ലാം നികുതിദായകരിൽ നിന്നുള്ള പണമാണെന്നു പ്രത്യേകം പറയേണ്ടല്ലോ. പുറത്തു വരുന്ന രേഖകൾ പ്രകാരം മക്രോണിന്റെ മേക്അപ് സേവനങ്ങൾക്കായി ഒരു ആർട്ടിസ്റ്റിനെ രണ്ടുതവണയായി നിയോഗിച്ചിരുന്നു. ആദ്യത്തെ തവണ ഏഴു ലക്ഷത്തിൽപ്പരം രൂപയും രണ്ടാമത്തെ പ്രാവശ്യം പന്ത്രണ്ടു ലക്ഷവുമാണു നൽകിയിരുന്നത്. വാർത്താ സമ്മേളനങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും യാത്രകൾക്കുമൊക്കെ പോകുംമുമ്പു സുന്ദരനാകാൻ വേണ്ടിയായിരുന്നു ഈ ചിലവഴിച്ചതൊക്കെയും.
ലോകത്തു തന്നെ ഇത്ര ഇളം പ്രായത്തില്‍ ശക്തമായൊരു രാജ്യത്തിന്റെ അധിപനായി മക്രോണിനെപ്പോലെ ഒരാള്‍ വരുന്നത് അപൂര്‍വമാണ്. മുന്‍ബാങ്കറായ മക്രോണ്‍ ഫ്രാന്‍സിലെ പരമ്പരാഗത പാര്‍ട്ടികളെ ഞെട്ടിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണത്തിലേറിയത്. ക്ലീഷേഡ് രാഷ്ട്രീയക്കാരനല്ല മക്രോണ്‍, തന്നേക്കാള്‍ 25 വയസ്സ് പ്രായം കൂടുതലുള്ള അധ്യാപികയെ കല്ല്യാണം കഴിച്ച വ്യത്യസ്തൻ. ചുരുങ്ങിയ സമയംകൊണ്ടു സമൂഹമാധ്യമത്തിൽ പ്രിയങ്കരനായ മക്രോൺ ഇപ്പോൾ മേക്അപ് വിവാദത്തിലൂടെയാണ് വീണ്ടും ചർച്ചയിൽ ഇടം നേടുന്നത്.
Read more: Lifestlye Malayalam Magazine