ബ്രേവ് ആൻഡ് ബോൾഡ് എന്ന് സോഷ്യൽമീഡിയ വിശേഷിപ്പിച്ച കേരളത്തിന്റെ സ്വന്തം കലക്ടർ ബ്രോയാണ് കോഴിക്കോടിന്റെ മുൻകലക്ടർ പ്രശാന്ത് നായർ ഐഎഎസ്. ശക്തമായ നിലപാടുകളുമായി സോഷ്യൽമീഡിയയിൽ പ്രത്യേകിച്ചും സജ്ജീവമായ കലക്ടർ ബ്രോ കുറച്ചുകാലമായി എല്ലാത്തിൽ നിന്നും വിട്ടുനിൽകുകയാണ്. ആരാധകരുടെ കലക്ടർ ബ്രോ എവിടെയാണെന്നുള്ള ചോദ്യത്തിന് മറുപടി നൽകുന്നതോടൊപ്പം ഓണാഘോഷത്തെക്കുറിച്ചും ഓണകാലത്തെക്കുറിച്ചും പ്രശാന്ത് നായർ സംസാരിക്കുന്നു.
എവിടെയാണ് കലക്ടർ ബ്രോ എന്ന് ചോദിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
ഞാൻ എങ്ങുംപോയിട്ടില്ല, ഇവിടെ തന്നെയുണ്ട്. ഇപ്പോൾ ഒരു സബാട്ടിക്കൽ എടുത്തിരിക്കുന്നു എന്ന് മാത്രം. സബാട്ടിക്കൽ എന്നുപറയുന്നത് വിദേശരാജ്യങ്ങളിലൊക്കെ വളരെ സാധാരണയാണ്. നിത്യ തൊഴിലിൽ നിന്നൊരു ഇടവേള. ഒരു ബ്രേക്ക്. നമ്മുടെ നാട്ടിൽ വെക്കേഷന് പണം മുടക്കി എന്തിന് വെറുതേ പോകുന്നു എന്ന് ചോദിക്കുന്നവരാണ് കൂടുതലും! പൊതുജീവിതത്തിലുള്ളവർ 24/7 ജനസേവനം നടത്തി മരിക്കുന്നതായി അഭിനയിക്കുന്ന നാടാണ് നമ്മുടേത്. അമേരിക്കൻ പ്രസിഡന്റൊക്കെ വെക്കേഷന് കുടുംബത്തോടൊപ്പം അടിച്ച് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാറുണ്ട് - അവർ വളരെ സാധാരണമനുഷ്യരാണെന്നും നോർമൽ ആണെന്നും ബോധ്യപ്പെടുത്താൻ കൂടിയാണ് അങ്ങനെ ചെയ്യുന്നത്. ഇവിടെ പക്ഷെ രാഷ്ട്രീയക്കാർക്ക് ഇരുപത്തിനാലുമണിക്കൂറും ജനങ്ങളെ സേവിക്കുകയാണെന്ന് കാണിക്കാനാണ് വ്യഗ്രത. തീരെ സത്യസന്ധതയില്ലാത്ത ആർട്ടിഫിഷ്യലായിട്ടുള്ള കാര്യമാണത്. രാവും പകലും ജനങ്ങൾക്കുവേണ്ടി മരിക്കുന്നു എന്നുപറയുന്നത് ഒരുതരം അബ്നോർമാലിറ്റിയാണ്.
കേവലം ഒരു ഉദ്യോഗസ്ഥനായ ഞാൻ ഏതായാലും അങ്ങനെ അഭിനയിക്കാൻ ആളല്ല. അതിന്റെ ആവശ്യവുമില്ല. ഔദ്യോഗികമായ തിരക്കിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത് കുടുംബത്തിന് വേണ്ടിയും ഇഷ്ടപ്പെട്ട മേഖലയിലും ചെലവഴിക്കുന്നതാണ് സബാട്ടിക്കൽ. മാനസികമായി ഊർജ്ജസ്വലമായി തിരിച്ചുവരാനുള്ള ഉന്മേഷം കൂടിയാണ് സബാട്ടിക്കൽ നൽകുന്നത്. കുടുംബവും ജോലിയും തുല്യമായി കൊണ്ടുപോവുകയാണല്ലോ വേണ്ടത്. ഒരു ബ്രേക്ക് എടുത്തിട്ട് റിഫ്രഷ് ആയി ഞാൻ തിരിച്ചുവരും. നാലഞ്ചുവർഷമായി നിരന്തരം ഔദ്യോഗികമായ തിരക്കുകളിലാണ്. പത്ത് വർഷത്തെ IAS ജോലിക്കിടെ ലീവെടുത്തിട്ടില്ല. കുടുംബത്തോടൊപ്പം പങ്കുവെയ്ക്കാൻ സമയം കണ്ടെത്തിരിയിരുന്നില്ല. മക്കൾ ചെറിയ കുട്ടികളാണ് അവരോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്. അച്ഛന്റെയും അമ്മയുടേയും കൂടെ വർഷങ്ങൾക്ക് ശേഷം ആഘോഷിക്കുന്ന ഓണം കൂടിയാണ് ഇത്തവണ. എന്നെ വളർത്തിവലുതാക്കിയ അവർക്കുവേണ്ടി ചെലവഴിക്കാൻ സമയമില്ല എന്നു പറയുന്നത് എന്ത് മര്യാദകേടാണ്. കുറച്ചുകാലമായിട്ട് അതൊന്നും ചെയ്യാൻ സാധിക്കാതെ വന്നതിന്റെ പരിഹാരം കൂടിയാണ്.
അതിനോടൊപ്പം കുറച്ച് എഴുത്തും കാര്യങ്ങളുമൊക്കെയുണ്ട്. സർക്കാർ ഓഫീസിലെ ഫയലിന്റെ ഇടയിൽ ഒളിപ്പിച്ച കടലാസ്സിൽ കഥയും തിരക്കഥയും എഴുതേണ്ട ആവശ്യമില്ല. നീതികേടല്ലേ അത്? സർഗാത്മകമായ കാര്യങ്ങൾ ചെയ്യുമ്പോൾ മനസ് കൂടുതൽ അതിലേക്ക് അർപ്പിക്കേണ്ട ആവശ്യമുണ്ട്. അതുകൊണ്ടും കൂടിയാണ് ഈ ഇടവേള. മൗനം അവലംബിക്കുന്നത് ചിന്തകളെ ക്രോഡീകരിക്കാനും സെറ്റിൽ ചെയ്യിക്കാനും സഹായിക്കും. സോഷ്യൽമീഡിയയിൽ ആക്ടീവാകുമ്പോൾ നൂറുകണക്കിന് മെസേജുകളൊക്കെ വരാറുണ്ട്. അതിലേക്ക് ശ്രദ്ധപോകുമ്പോൾ എഴുത്തിൽ ശ്രദ്ധിക്കാനാവില്ല. മെസേജ് അയക്കുന്നവർ സ്വാഭാവികമായും മറുപടി പ്രതീക്ഷിക്കും. ഞാൻ മിണ്ടാതിരുന്നാൽ അവർക്ക് നിരാശയാകും. അത് ഒഴിവാക്കാൻ വേണ്ടിയാണ് ഡീ ആക്ടിവേറ്റ് ചെയ്തത്. ഒരുതരത്തിൽ പറഞ്ഞാൽ കൂടുതൽ ആക്ടീവാകാൻ വേണ്ടിയുള്ള ഡീ ആക്ടിവേഷനാണ്.
കലക്ടറിൽ നിന്നും തിരക്കഥാകൃത്തിലേക്കുള്ള മാറ്റമാണോ ഈ ഓണക്കാലം?
എഴുത്തിനോട് താൽപര്യമുണ്ടായിരുന്നു പണ്ടുതന്നെ. കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായി ഷോർട്ട്ഫിലിമിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ടായിരുന്നു. എങ്കിലും സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതുന്നത് മറ്റൊരു അനുഭവമാണ്. അനിൽരാധാകൃഷ്ണമേനോന്റെ സിനിമയ്ക്കാണ് തിരക്കഥയെഴുതുന്നത്. അനിലേട്ടനെ മുൻപരിചയമുണ്ട്. ജ്യേഷ്ഠനെ പോലെ അടുപ്പമുണ്ട്. എഴുത്തുപൂർത്തിയായി, കുറച്ച് ഷൂട്ടിങ്ങ് കൂടി ബാക്കിയുണ്ട്. കഥകളും ലേഖനങ്ങളുമൊക്കെ കലക്ടർ ആയ ശേഷം മുടങ്ങി എന്ന് വേണം പറയാൻ. വ്യക്തി എന്ന നിലയിൽ താൽപര്യമുള്ള കാര്യമാണ് എഴുത്ത്.
സ്ക്രിപ്റ്റിന്റെ പ്രത്യേകത നമ്മൾ എഴുതുന്നത് അഭ്രപാളികളിൽ കാണുന്നതിന്റെ സന്തോഷമുണ്ട് എന്നതാണ്. കഴിഞ്ഞ മാസം, "ദൈവകണം" എന്ന പേരിൽ ഒരു ഹ്രസ്വചിത്രം എഴുതി സംവിധാനം ചെയ്തു. പോസ്റ്റ് പ്രൊഡക്ഷൻ തീർന്ന് വരുന്നു. ഒരു ബുജി ഐറ്റം ആണ്! ഇതിനിടെ ജനങ്ങൾക്ക് ഉപകാരപ്പെട്ടേക്കാവുന്ന ഒരു പുസ്തകത്തിന്റെ പണിയും നടക്കുന്നുണ്ട്. എന്റെ പത്ത് വർഷത്തെ സർക്കാർ ജോലിയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തിൽ എഴുതുന്ന പുസ്തകമാണിത്. നമ്മുടെ പ്രശ്നങ്ങൾ ജനകീയമായി കൂട്ടായ്മയിലൂടെ പരിഹരിക്കാൻ പറ്റുന്നതിനെ കുറിച്ചാണ് ഇതിൽ പ്രധാനമായും പറയുന്നത്.
എന്തുകൊണ്ടാണ് ദിവാൻജി മൂല ഗ്രാൻഡ് പ്രി എന്ന പേര് സിനിമയ്ക്ക് നൽകിയത്?
അത് അനിലേട്ടൻ ഇട്ട പേരാണ്. ദിവാൻജി മൂല തൃശൂരിലുള്ള ഒരു സ്ഥലമാണ്. അദ്ദേഹവുമായി ചേർന്ന് എഴുതിയ തിരക്കഥയാണ്. അവിടെ നടക്കുന്ന ഒരു കഥയാണ് സിനിമ. അവിടുത്തെ യുവാക്കളുടെ ജീവിതവും പശ്ചാത്തലവുമൊക്കെ ആസ്പദമാക്കിയാണ് സിനിമ. അനിലേട്ടന്റെ ചിത്രങ്ങൾക്ക് എപ്പോഴും വിചിത്രമായ പേരുകളാണല്ലോ!
കോഴിക്കോട്ടെ ഓണക്കാലം എങ്ങനെയായിരുന്നു?
കോഴിക്കോട്ടായിരുന്നപ്പോൾ ഓണം ആഘോഷിക്കുന്നതിനേക്കാൾ കൂടുതൽ ഓണാഘോഷം സംഘടിപ്പിക്കലായിരുന്നു ജോലി. കലക്ടറുടെ ജോലി ജനങ്ങളെ കൊണ്ട് ഓണം ആഘോഷിപ്പിക്കലാണല്ലോ! ഓണം വാരാഘോഷം സംഘടിപ്പിച്ചൊക്കെയാണ് ഓണക്കാലം കടന്നുപോയത്. ഗാനമേളകൾ, ഡാൻസുകൾ, കവിയരങ്ങുകൾ, മിമിക്രി, നാടൻ കലാരൂപങ്ങൾ, നാടകം, ഇതൊക്കെ സർക്കാർ ചെലവിൽ സംഘടിപ്പിക്കലായിരുന്നു പ്രധാനമായും ചെയ്തത്. തിരിഞ്ഞ് നോക്കുമ്പോൾ ഇതൊക്കെ അർത്ഥശൂന്യമായി തോന്നുന്നു. ഓണം ആഘോഷിക്കുന്ന രീതി പുനർവിചിന്തനം ചെയ്യേണ്ട കാലം കഴിഞ്ഞെന്ന് തോന്നിയിട്ടുണ്ട്. എന്നല്ല ഇങ്ങനെയൊക്കെ ആഘോഷിക്കാമോ എന്ന് ശരിക്കും ചിന്തിക്കേണ്ട സമയമാണ്. കലക്ടറെന്ന രീതിയിൽ ചില ആശയങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഇത്തരം കലാപരിപാടികൾ ഭംഗിയായി അവതരിപ്പിക്കാനിപ്പോൾ സ്വകാര്യവ്യക്തികളുണ്ട്, ചാനലുകളുണ്ട്, സംഘടനകളുണ്ട്. സർക്കാരിന്റെ പണംകൊണ്ട് നിരാലംബരുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വതമായ പരിഹാരമാണ് ഓണക്കാലത്ത് ഉണ്ടാകേണ്ടതെന്ന് തോന്നിയിട്ടുണ്ട്. പാട്ടും ഡാൻസും കളിക്കുന്ന അതേസമയത്ത് പരാധീനതകൾ അനുഭവിക്കുന്ന നിരവധിപ്പേർ ചിൽഡ്രൻസ് ഹോമിലും മാനസികാരോഗ്യകേന്ദ്രത്തിലുമൊക്കെയുണ്ട്. അവരുടെ പ്രശ്നങ്ങൾ കാണാത്ത പോലെ, നമ്മൾ ഇപ്പുറത്ത് ഓണം ആഘോഷകമ്മിറ്റി കൂടി ചർച്ച ചെയ്യുന്നതിൽ ഒരു തരം ഫ്രസ്സ്ട്രേറേഷൻ തോന്നിയിട്ടുണ്ട്.
ഓണംവാരാഘോഷത്തിന്റെ ആലോചനായോഗം കൂടാൻ ഞാൻപോകുന്നത് മാനസികാരോഗ്യകേന്ദ്രത്തിലെ ഒരു മീറ്റിങ്ങിന് ശേഷമാണ്. ഒരു കോടിയോളം രൂപയുടെ കറണ്ട് ബിൽ മാനസികാരോഗ്യകേന്ദ്രത്തിൽ അടയ്ക്കാതെ കിടപ്പുണ്ടായിരുന്നു. അതിനുള്ള ഫണ്ട് അലോക്കേഷൻ ഇല്ല. അവിടത്തെ അന്തേവാസികൾക്ക് എന്തിനാ വെളിച്ചം? വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരുടെ നന്മയെ മുതലെടുത്ത് അവരെ സെന്റി ആക്കിയത് കൊണ്ട് ഫ്യൂസ് ഊരൽ നാടകം ഉണ്ടായില്ല. അവിടുത്തെ ചർച്ചകൾ കഴിഞ്ഞ് ഓണംവാരാഘോഷത്തിന്റെ ചർച്ചയ്ക്ക് ചെല്ലുമ്പോൾ എങ്ങനെ ലക്ഷങ്ങൾ ചെലവാക്കി ആഘോഷം കെങ്കേമം ആക്കാം എന്ന വിഷയമാണ് മുന്നിൽ വരുന്നത്. ഇത് കാണുമ്പോൾ ഒരു മനുഷ്യൻ എന്ന നിലയിൽ വല്ലാത്ത നിരർഥകത തോന്നിപ്പോയിരുന്നു. നമ്മൾ എല്ലാരും എന്താ ഇങ്ങനെ, നമ്മൾ എന്താ ഈ ചെയ്യുന്നതെന്നൊക്കെ ചിന്തിച്ച് പോവുക സ്വാഭാവികം. എല്ലാ ഓണംവാരാഘോഷചർച്ചകൾ നടക്കുമ്പോഴും എന്റെ മനസിൽ ഇങ്ങനെയാണോ ഓണം ആഘോഷിക്കേണ്ടതെന്ന ചിന്തയാണ് വരുന്നത്.
ടൂറിസം സീസണൊന്നുമല്ല ഓണക്കാലം. ഇവിടുത്തെ ലൈറ്റും ഗാനമേളയും മിമിക്രിയും ഒന്നും കാണാൻ വിദേശികളൊന്നും വരാറില്ല. അവരുടെ നാട്ടിൽ കാണാത്ത ലൈറ്റ് ഒന്നും ഇവിടെ ഇല്ല. നമ്മൾ നാട്ടുകാർക്ക് പുറത്തിറങ്ങി കറങ്ങാനും ആഘോഷിക്കാനുള്ള അവസരമാണ് സർക്കാർ ചെലവിൽ ഒരുക്കുന്നത്. അടിച്ചുപൊളിക്കാൻ വേണ്ടി സർക്കാർ ചെലവിൽ ഒരു മിഥ്യാലോകം സൃഷ്ടിക്കുന്നത് എത്രത്തോളം അഭികാമ്യമാണെന്നുള്ളത് വിശകലനം ചെയ്യേണ്ടതാണ്. പേരിന് ഒരു സദ്യ പാവങ്ങൾക്ക് കൊടുത്തുകഴിഞ്ഞാൽ ഉത്തരവാദിത്തം തീർന്നു എന്ന് വിചാരിക്കുന്നത് ശരിയല്ല. കുറച്ച് ഭാഗ്യം കുറഞ്ഞവർക്ക് കൂടുതൽ കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. കലക്ടർ എന്ന പരിമിതിക്കുള്ളിൽ നിന്ന് വളരെകുറച്ചേ ചെയ്യാൻ സാധിച്ചിട്ടുള്ളൂ എന്ന വിഷമം എക്കാലത്തും ഉണ്ടാവും.
ഇതരസംസ്ഥാനതൊഴിലാളികൾക്ക് ഓണസദ്യ ആദ്യമായി കേരളത്തിൽ നൽകിയത് കോഴിക്കോട്ടായിരുന്നല്ലോ?
ആദ്യമായി കോഴിക്കോട്ടാണ് അങ്ങനെയൊരു കാര്യം ചെയ്യാൻ സാധിച്ചത്. ആദ്യമായി അത്തരമൊരു ആശയം മുന്നോട്ടുവെച്ചപ്പോഴും എതിർപ്പുണ്ടായിരുന്നു. അവരെല്ലാം മനുഷ്യപറ്റില്ലാത്ത കുഴപ്പക്കാരാണെന്ന ചിന്താഗതിയായിരുന്നു പലർക്കും. അവരെ അടുപ്പിക്കേണ്ട ആവശ്യം എന്താണ്, അങ്ങനെയൊന്നും കൊടുക്കേണ്ട എന്നുള്ള മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. അവർക്കെന്തിനാണ് ഓണം എന്നൊക്കെ ചോദിച്ചവരുമുണ്ട്. അത്രക്കൊന്നും പ്രശ്നക്കാരല്ല അവർ. അവരും ഇന്ന് നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. ക്രൈംറേറ്റ് പരിശോധിച്ചാൽ നമ്മുടെ നാട്ടിലുള്ളവർ തന്നെ ചെയ്ത കുറ്റകൃത്യങ്ങളാണ് കൂടുതൽ. അവരെ ഒരുതരം അന്യാഗ്രഹജീവികളെപ്പോലെയാണ് പലരും കാണുന്നത്. സത്യത്തിൽ നമ്മൾ മലയാളികൾ പഠിച്ചകള്ളന്മാരാണ്. ഇതരസംസ്ഥാനക്കാർ അത്ര വേന്ദ്രന്മാർ അല്ലാത്തതുകൊണ്ടാണ് പിടിക്കപ്പെടുന്നത്. അവരെ പലരും അടിമകളെപ്പോലെയാണ് കണക്കാക്കുന്നത്.
തൊഴിലാളിക്ക് കിട്ടേണ്ട ന്യായമായ കൂലിയോ ക്ഷേമനിധി അംഗത്വമോ ഇവർക്ക് കൊടുക്കുന്നുണ്ടോ? യാതൊരു തൊഴിലും എടുക്കാത്ത മലയാളികൾ ക്ഷേമനിധി അംഗത്വവും ആനുകൂല്യവും പറ്റുന്നത് ഈ പാവങ്ങളെ പകലന്തിയോളം പണിയെടുപ്പിച്ചിട്ടല്ലേ? പരിക്കോ മരണമോ സംഭവിച്ചാൽ പേര് പോലുമില്ലാത്ത ഒരു ശരീരം നാട്ടിലോട്ട് കേറ്റി വിട്ട് പൊടി തട്ടുന്ന മലയാളിയുടെ നന്മ പരിഹാസ്യമാണ്. മലയാളികളെ ഗൾഫിൽ ലേബർക്യാംമ്പിൽ കഷ്ടപ്പെടുത്തുന്നുവെന്ന് സങ്കടപ്പെട്ട് പറയുന്ന അതേ നാവ് കൊണ്ട് ഇവരെ തെറി പറയാൻ നമുക്ക് ഒരു ഉളുപ്പുമില്ല. മനുഷ്യരെ മനുഷ്യരായി കാണാൻ വോട്ടും രാഷ്ട്രീയവും പണവും സ്വാധീനവും ഒക്കെ തടസ്സമാവുന്ന പോലെ. ഇതൊന്നും ഇല്ലാത്തവരുടെ കാര്യം ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയിൽ വളരെ പരിതാപകരമാണ്. ഇത്തരം പാർശ്വവത്കരിക്കപ്പെട്ടവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സമത്വം നിറഞ്ഞ ഓണക്കാലമാണ് യഥാർഥത്തിൽ വരേണ്ടത്. നമ്മുടെ കാര്യം മാത്രം നോക്കുന്ന ഓണം ആകരുത്. ആഗ്രഹിക്കാമല്ലോ അങ്ങനെ ഒക്കെ!
സിവിൽസർവീസ് കിട്ടുന്നതിന് മുമ്പുള്ള ഓണക്കാലം എങ്ങനെയായിരുന്നു?
കുട്ടിക്കാലം തൊട്ടേ തിരുവനന്തപുരത്തായത് കൊണ്ട് അവിടെ നഗരത്തിലെ ഓണം വാരാഘോഷം തന്നെയാണ് മനസ്സിൽ കൂടുതലും. LKG ൽ പഠിക്കുമ്പൊഴോ മറ്റോ 'ലൈറ്റ് കാണാൻ' പുറത്തിറങ്ങുന്നത് ഓർമ്മയുണ്ട്. നാട്ടിൽ നിന്ന് അമ്മുമ്മയും ഉണ്ട്. അന്ന് കനകക്കുന്ന് പരിസരത്തും മറ്റും എക്സിബിഷൻ കണ്ട് നടന്നതും തിരക്കിനിടയിൽ ഭംഗിയുള്ള വലിയ കണ്ണുകളിൽ കണ്മഷി എഴുതിയ ഒരു പെൺകുട്ടിയെ കണ്ടതും ഓർക്കുന്നു. ആ കുട്ടിയെ അടുത്ത ഓണത്തിന് അതേ സ്ഥലത്ത് എന്റെ കണ്ണുകൾ പരതിയതും ഓർമ്മയുണ്ട്. ആരോട് പറയാൻ! ആര് കേൾക്കാൻ! പിന്നീട് ഞാൻ വിവാഹം കഴിച്ചത് തിരുവനന്തപുരത്ത് ജനിച്ച് വളർന്ന ലക്ഷ്മിയെ ആണ്. ചെറുപ്പത്തിലെ ഫോട്ടൊകളിൽ കണ്മഷി ലാവിഷായി ഉണ്ട്. ശ്ശെടാ! ഏയ്.. അങ്ങനെ വരാൻ വഴിയില്ല..
എന്റെ സ്വദേശം കണ്ണൂരാണ്. നാട്ടിലേക്ക് ഓണക്കാലത്ത് പോകുമായിരുന്നു. ട്രെയിൻ യാത്ര വലിയ നൊസ്റ്റാൾജിയ ആണ്. അവിടെ കസിൻസിന്റെ ഒരു പട തന്നെ ഒത്ത് കൂടും. എല്ലാവരും കൂടി പൂപറിക്കാനും പൂവിടാനുമൊക്കെ കൂടും. പിന്നീട് അങ്ങോട്ട് സദ്യയിലും കോളജിലെ ഓണാഘോഷങ്ങളിലുമൊക്കെ ഓണം ചുരുങ്ങി. പിന്നെ ഓണകാലത്തെ എവർ ഗ്രീൻ ഓർമയാണ് ഓണപരീക്ഷ!
പ്രിയപ്പെട്ട ഓണവിഭവങ്ങൾ ഏതെല്ലാമാണ്?
ഓണമായലും ക്രിസ്തുമസായാലും ഇഷ്ടവിഭവം നല്ല നാടൻ കേരള പൊറോട്ടയാണ്. പ്രകൃതിഭക്ഷണക്കാരും ആരോഗ്യസാമിമാരും തല്ലിക്കൊല്ലും എന്നതിനാൽ തൽക്കാലം അത് പറയുന്നില്ല.
സാമ്പാര്‍ ഇഷ്ടമാണ്. വടക്കൻ സാമ്പാര്‍ വറുത്തരച്ച തേങ്ങ ഇട്ടിട്ടാണ്. തെക്കോട്ടുള്ള തീയൽ പോലെ. മാമ്പഴ പുളിശ്ശേരി എന്റെ ഓൾ ടൈം ഫേവററ്റാണ്. വടക്കോട്ട് ഓണവും വിഷുവും ഒക്കെ നോൺ വെജ് വിഭവങ്ങളാൽ സമൃദ്ധമായിരിക്കും. ചെറു മൽസ്യങ്ങളാണ് ഏറെ ഇഷ്ടം. മധുരം ഏറെ ഇഷ്ടമാണ്. അടപ്രഥമൻ ഇഷ്ടമാണ്. സേമിയപായസത്തിൽ ബോളി ഉടച്ച് കഴിക്കുന്നിടത്താണ് സദ്യ നിർത്തേണ്ടത്. തിരുവനന്തപുരത്തെ തനത് വിഭവമാണ് ബോളി. സദ്യയുടെ ക്ലൈമാക്സിന് ഇതിലും നല്ല പഞ്ചില്ല.
Read more: Lifestyle Malayalam Magazine