Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് കയ്‌ല; ഇന്റർനെറ്റിൽ ഏറ്റവും തിരയപ്പെടുന്ന ഫിറ്റ്നസ് ട്രെയിനർ

Kayla വെബ്‌ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന 30 പേരില്‍ ഒരാളായി ടൈം മാസിക കയ്‌ലയെ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുത്തിരുന്നു...

കേവലം 26 വയസ്സു മാത്രമാണ് കയ്‌ല ഇറ്റ്‌സിനെസ് എന്ന യുവതിയുടെ പ്രായം. ഇന്റര്‍നെറ്റിലെ 'വര്‍ക്കൗട്ട് ക്വീൻ‍' എന്നാണ് പഴ്സനേൽ ട്രെയ്‌നറും എഴുത്തുകാരിയും സംരംഭകയും എല്ലാമായ ഈ മിടുക്കിയെ ഫോബ്‌സ് മാസിക വിശേഷിപ്പിച്ചത്. ബിക്കിനി ബോഡി ഗൈഡ്‌സ് എന്ന പേരില്‍ നിരവധി ഫിറ്റ്‌നസ് പുസ്തകങ്ങള്‍ പുറത്തിറക്കിയ കയ്‌ല ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ട്രെയ്‌നര്‍മാരില്‍ ഒരാളാണ്. വെബ്‌ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന 30 പേരില്‍ ഒരാളായി ടൈം മാസിക കയ്‌ലയെ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുത്തിരുന്നു.

ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ ആണ് ജനിച്ചുവളര്‍ന്നത്. കോടീശ്വര കുടുംബത്തിലൊന്നുമായിരുന്നില്ല പിറന്നത്, എന്നാല്‍ ഇന്നവള്‍ ശതകോടീശ്വരിയായി മാറി. ഫിറ്റ്‌നസ് എന്ന മന്ത്രമായിരുന്നു വിജയരഹസ്യം, ഒപ്പം സോഷ്യല്‍ മീഡിയയും. പെയ്ഡ് ഇ-ബുക്കുകള്‍, സ്റ്റേഡിയം ടൂറുകള്‍, ബെസ്റ്റ് സെല്ലിങ് പുസ്തകങ്ങള്‍, ജനകീയമായ ആപ്പ്...ഇങ്ങനെ പരന്നു കിടക്കുന്നു ഇന്നവളുടെ സാമ്രാജ്യം.

‌'സ്വെറ്റ് വിത്ത് കയ്‌ല' എന്നാണ് അവളുടെ ആപ്പിന്റെ പേര്. 2016ല്‍ ഐഒഎസിലും ഗൂഗിള്‍ പ്ലേയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ഫിറ്റ്‌നസ് ആപ്പാണിത്. ആപ്പില്‍ നിന്നു മാത്രം ഏകദേശം 108 കോടി രൂപയോളമാണ് കയ്‌ലയ്ക്ക് കിട്ടുന്ന വരുമാനം.

kayla-1 കയ്‌ലയുടെ വര്‍ക്കൗട്ട് ഗൈഡും ക്ലാസുകളും ക്ലിക്കായതോടെ പാന്‍ മക്മില്ലന്‍ 2016 നവംബറില്‍ 'ദി ബിക്കിനി ബോഡി- 28-ഡേ ഈറ്റിങ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ഗൈഡ്' എന്ന പേരില്‍ ആദ്യ പ്രിന്റ് ബുക്കും പുറത്തിറക്കി...

തിരിച്ചടികള്‍, പിന്നെ അജയ്യ...

ജീവിതത്തിൽ വിജയിച്ച പല വ്യക്തികളുടേതിനും സമാനമായി ഒരു കഥയുണ്ട് കയ്‌ലയ്ക്കും. ബാസ്‌ക്കറ്റ് ബോള്‍ ഏറെ ഇഷ്ടമായിരുന്നു കുട്ടിക്കാലത്ത്. എന്നാല്‍ ഭാരമില്ലായ്മയും ആരോഗ്യമില്ലായ്മയും കുട്ടിയായ അവളെ വേട്ടയാടി, പലരും കളിയാക്കുകയും ചെയ്തു. 15ാം വയസ്സില്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ഭാവിയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ അവള്‍ക്കുണ്ടാകുമെന്നായിരുന്നു. കുഞ്ഞുങ്ങളുണ്ടാകില്ലെന്നു വരെ പറഞ്ഞു ആരോഗ്യ വിദഗ്ധര്‍. എന്നാല്‍ എങ്ങനെ ആരോഗ്യവതിയായിരിക്കാം എന്നവള്‍ ചിന്തിച്ചു. അങ്ങനെയാണ് ജിമ്മില്‍ പോയി വര്‍ക്ക്ഔട്ട് ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തത്, പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ബിരുദപഠനസമയത്ത് സുഹൃത്തുക്കള്‍ക്കും മറ്റും ഫിറ്റ്‌നസ് ട്രെയ്‌നിങ് നല്‍കിയായിരുന്നു കയ്‌ലയുടെ വളര്‍ച്ച, ഒരു വനിതാ ജിമ്മില്‍ ജോലിയും നേടി. മ‌െഷീനുകള്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍ക്കു പകരം ഏയ്‌റോബിക്‌സിലായിരുന്നു കയ്‌ല ശ്രദ്ധ വെച്ചത്. അതുപെട്ടെന്നു ശ്രദ്ധ നേടി. അതിനു ശേഷം മൊബീല്‍ പഴ്സനേൽ ട്രെയ്‌നിങ് ബിസിനസും തുടങ്ങി അവള്‍. സുഹൃത്തുക്കള്‍ക്കും മറ്റും ക്ലാസെടുക്കുന്നത് കണ്ട കയ്‌ലയുടെ 12 വയസുള്ള കസിനാണ് ഇന്‍സ്റ്റഗ്രാമില്‍ വര്‍ക്കൗട്ട് ഫോട്ടോകള്‍ ഇടാന്‍ പ്രേരിപ്പിച്ചത്. അതോടെ സംഭവം ക്ലിക്കായി.

ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിലധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലെത്തി. വര്‍ക്കൗട്ട് ടിപ്‌സ് ചോദിച്ച് ചാറ്റ്‌ബോക്‌സില്‍ അസംഖ്യം മെസേജുകളും. പങ്കാളി ടോബി പീഴ്‌സ് പുതിയൊരു ഉപദേശവും വെച്ചു. ക്ലാസുകളെല്ലാം കംപൈല്‍ ചെയ്ത് ഒരു ഗൈഡ് പോലെ ഇ-ബുക്ക് ആക്കുക, എന്നിട്ട് ഓണ്‍ലൈനില്‍ വില്‍ക്കുക. അങ്ങനെയാണ് 2013ല്‍ ബിക്ക്‌നി ബോഡി ട്രെയ്‌നിങ് കമ്പനി ഇരുവരും ചേര്‍ന്നു തുടങ്ങിയത്.

ആ വര്‍ഷം ഒക്‌ടോബറോടു കൂടിത്തന്നെ കാശുകൊടുത്ത് ഇ-ഗൈഡുകള്‍ ഡൗണ്‍ലോഡ് ചെയ്തത് ഒരു ദശലക്ഷത്തിലധികം പേരാണ്. അള്‍ട്രാ സ്ലിം ലുക്ക്, അതും ആരോഗ്യത്തോടെ നല്‍കുന്നതാണ് കയ്‌ലയുടെ ട്രെയ്‌നിങ്. ഇതിന്റെ ഭാഗമായി 1,200 കലോറിയുള്ള പ്രതിദിന ഡയറ്റാണ് നിര്‍ദേശിക്കുക. 28 മിനിറ്റ് നീളുന്ന വര്‍ക്ക്ഔട്ട് ആഴ്ചയില്‍ മൂന്ന് തവണയാണ് ചെയ്യേണ്ടത്.

കയ്‌ലയുടെ വര്‍ക്കൗട്ട് ഗൈഡും ക്ലാസുകളും ക്ലിക്കായതോടെ പാന്‍ മക്മില്ലന്‍ 2016 നവംബറില്‍ 'ദി ബിക്കിനി  ബോഡി- 28-ഡേ ഈറ്റിങ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ഗൈഡ്' എന്ന പേരില്‍ ആദ്യ പ്രിന്റ് ബുക്കും പുറത്തിറക്കി. വളരെ കുറച്ചു പേര്‍ക്കേ അവള്‍ ഇപ്പോള്‍ നേരിട്ട് ക്ലാസ് എടുക്കുന്നുള്ളൂ. ബാക്കി ആയിരക്കണക്കിന് പേര്‍ക്ക് ഓണ്‍ലൈനിലൂടെയും. നേരിട്ടാണ് സോഷ്യല്‍ മീഡിയയിലെ കയ്‌ലയുടെ എല്ലാ ഇടപെടലുകളും. ഇതിനായി ഏജന്‍സികളെ ഏല്‍പ്പിക്കുന്ന പരിപാടിയൊന്നുമില്ല. ഇന്‍സ്റ്റഗ്രാമില്‍ ഇന്ന് കയ്‌ലയ്ക്കുള്ളത് 7.4 ദശലക്ഷം ഫോളോവേഴ്‌സാണ്.

Read more: Lifestyle Malayalam Magazine