ചിലർ അങ്ങനെയാണ് ചായയെന്നാൽ ജീവനായിരിക്കും. മനസ്സിനും നാക്കിനുമൊത്ത ചായ തേടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കും. എന്നാൽ ചായയോടുള്ള സ്‌നേഹം മൂത്ത് ആ പേരുതന്നെ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ. ബ്രിട്ടനിൽ അതും നടന്നു. 31 വയസ്സുള്ള യുവാവ് ഇഷ്ട ബ്രാൻഡ് ചായയുടെ പേര് മിഡിൽ നെയിമായി സ്വീകരിച്ചിരിക്കുകയാണ്. വെറുതേ വിളിക്കാൻ മാത്രമല്ല, ഔദ്യോഗികമായിത്തന്നെ രേഖകളിൽ പേരുമാറ്റി.
ഷെഫീൽഡുകാരനായ നഥാൻ ഡെറക് ഗാർനർ.. അല്ലല്ല ഇപ്പോൾ നഥാൻ യോർക്ക്ഷർ ടീ ഗാർനർ ആണ് കഥാപാത്രം. യോർക്ക്ഷർ കമ്പനിയുടെ ചായയുടെ ഭ്രാന്തനാണ് നഥാൻ. ഇയാളുടെ ചായക്കൊതി കണ്ട് സഹപ്രവർത്തകരിലൊരാളാണ് എന്നാൽ പിന്നെ നിന്റെ പേര് ചായയെന്നാക്കരുതോയെന്നു ചോദിച്ചത്. തമാശയായാണ് ചോദിച്ചതെങ്കിലും നഥാന്
അതങ്ങിഷ്ടപ്പെട്ടു. പിന്നെ പേരു മാറ്റിക്കിട്ടാനുള്ള ഓട്ടമായി. ഒടുവിൽ ആദ്യപേരിലെ ഡെറക് ഒഴിവാക്കി പകരം യോർക്ക്ഷർ ടീ എന്നു സ്ഥാപിച്ചു.
കോൺക്രീറ്റ് ഫാക്ടറി ജീവനക്കാരനാണ് നഥാൻ. 12ാം വയസ്സിൽ പരിചയപ്പെട്ടതാണ് യോർക്ക്ഷർ ചായയെ. അന്നുമുതൽ തുടങ്ങിയ കുടിയാണ്. ഇപ്പോൾ 31 വയസ്സിൽ ദിവസവും 20 കപ്പ് ചായയാണ് അകത്താക്കുന്നത്. പേരുമാറ്റിയ വിവരം സഹപ്രവർത്തകരും തൊഴിലുടമയും ആഘോഷമാക്കി. നഥാന്റെ ചിത്രവും പേരു മാറ്റിക്കിട്ടിയതിന്റെ രേഖയും വച്ചുള്ള ചിത്രങ്ങൾ
സമൂഹമാധ്യമങ്ങളിലൂടെ പറന്നു. വിവരം ചായപ്പൊടിക്കമ്പനിയിലും എത്തി. ഇദ്ദേഹത്തിന്റെ സ്‌നേഹം കാണുമ്പോൾ ഞങ്ങൾ പൊങ്ങിപ്പൊങ്ങിപ്പോകുകയാണെന്ന് ബ്രാൻഡ് മാനേജർ പറഞ്ഞു.
പിന്നീട് നഥാൻ കമ്പനി ആസ്ഥാനം സന്ദർശിക്കുന്നതിന്റെ ചിത്രം യോർക്ക്ഷർ ടീ പുറത്തുവിട്ടു. എന്റെ പേരുമാറ്റം ചില കൂട്ടുകാർക്കും ബന്ധുക്കൾക്കും കളിയാക്കാനുള്ള വിഷയം മാത്രമാണ്. എന്നാൽ അമ്മ അങ്ങനെയല്ല പെരുമാറിയത്. ഉറക്കെച്ചിരിച്ച് മഹത്തായ പ്രവൃത്തിയെന്ന് അഭിനന്ദിക്കുകയാണ് ചെയ്തത്. അതു വലിയ കരുത്തായി. ചായ ഇന്ത്യയിലും വിഷയമാണ്. രുചിയിലും രാഷ്ട്രീയത്തിലും. ഇവിടെ ആരെങ്കിലും ഇത്തരം മാതൃക കാണിച്ചാൽ അതു നാടുമുഴുവൻ സ്വീകരിക്കപ്പെടാനുള്ള സാധ്യതയേറെയാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam