ക്രിക്കറ്റ് മൈതാനത്തു വെടിക്കെട്ടു ബാറ്റിങ്ങ് നടത്തുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പിറന്നാൾ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങൾ നിറയെ. നവംബർ അഞ്ചിന് ഇരുപത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ച താരത്തിന് ആശംസകളുമായി ക്രിക്കറ്റ്–ബോളിവുഡ് ലോകത്തു നിന്നു നിരവധി താരങ്ങൾ എത്തിയിരുന്നു. മുഖം മുഴുവനായി കേക്കിൽ മൂടിയ കോഹ്‌ലിയുടെ പിറന്നാൾ ആഘോഷചിത്രവും വൈറലാകുന്നുണ്ട്. കാര്യം ആഘോഷവേളകൾ ആനന്ദകരമാക്കുമെങ്കിലും ഡയറ്റിന്റെ കാര്യത്തിൽ തീരെ കോംപ്രമൈസിനു തയാറാവാത്ത താരമാണ് കോഹ്‌ലി.
ഇന്ത്യന്‍ ടീമില്‍ ഇത്രയധികം ഫിറ്റ്നസിനു പ്രാധാന്യം നൽകുന്ന മറ്റൊരു ക്രിക്കറ്റർ ഉണ്ടോ എന്നു സംശയമാണ്. സിക്സ് പാക്ക് ശരീരവും മസിലുകളുമായി കോഹ്‌ലി ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. വർക്കൗട്ടിനൊപ്പം കൃത്യമായ ഡയറ്റിങ് പാലിക്കുന്നതു കൂടിയാണ് ഇന്ത്യൻ ടീമിലെ ഈ ക്ഷുഭിതയൗവനത്തെ ചുറുചുറുക്കോടെ കാത്തു നിർത്തുന്നത്.
ഭക്ഷണ കാര്യത്തിൽ ഇഷ്ടങ്ങളെല്ലാം വെടിഞ്ഞ് ആരോഗ്യ പരിപാലനത്തിനു പ്രാധാന്യം കൊടുക്കുകയാണ് കോഹ്‌ലി. കഴിഞ്ഞ നാലുവർഷത്തിനിടെ താരം ബട്ടർ ചിക്കൻ കഴിച്ചിട്ടേയില്ലത്രേ.
പ്രാതൽ രാജാവിനെപ്പോലെ
ഒരു ഓംലെറ്റോടെയാണ് കോഹ്‌ലിയുടെ ദിവസം ആരംഭിക്കുന്നത്. മൂന്നു മുട്ടയുടെ വെള്ളയും ഒരു മുഴുവൻ മുട്ടയും ചേർത്തുണ്ടാക്കുന്ന ഓംലെറ്റിനൊപ്പം ചീരയും കുരുമുളകുപൊടിയും ചീസും ആവോളം ചേർക്കും. ഗ്രിൽ ചെയ്തതോ ബേക് ചെയ്തതോ ആയ മത്സ്യവും നിർബന്ധമാണ്. ഒപ്പം പപ്പായയും തണ്ണിമത്തനും കൂടെയുണ്ടെങ്കിൽ കുശാൽ. ഗ്ലൂട്ടൻ ഫ്രീ ബ്രഡും നട്ട് ബട്ടറും ബ്രേക്ഫാസ്റ്റിൽ തിരഞ്ഞെടുക്കുന്ന ഒന്നാണ്. ഒപ്പം നാരങ്ങ ചേർത്ത വലിയൊരു കപ്പ് ഗ്രീൻ ടീ കൂടിയായാൽ ബ്രേക്ഫാസ്റ്റിന്റെ പട്ടിക തീരും.
ലൈറ്റ് ആയി ലഞ്ച്
ചോറും ചപ്പാത്തിയുമൊക്കെയാകും കോഹ്‌ലിയുടെ ഉച്ചഭക്ഷണത്തിൽ എന്നു ധരിച്ചെങ്കിൽ തെറ്റി. അതൊക്കെ എന്നേ താരത്തിന്റെ പ്ലേറ്റിൽ നിന്നും ഔട്ടായിക്കഴിഞ്ഞിരിക്കുന്നു. ഗ്രിൽഡ് ചിക്കനും പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചെടുത്തതും പച്ചക്കറികളുമൊക്കെയാണ് ഉച്ചയ്ക്കു കഴിക്കാൻ ഇഷ്ടം.
അത്താഴത്തിലെ സീക്രട്ട്സ്
അത്താഴത്തിന് താരം കൂടുതൽ ഉൾക്കൊള്ളിക്കാറുള്ളത് കടൽ വിഭവങ്ങളാണ്. അതിൽ തന്നെയും മത്സ്യങ്ങളായിരിക്കും പാത്രത്തിന്റെ ഏറെ ഭാഗവും. മസിൽ കൂട്ടാനായി റെഡ് മീറ്റും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താറുണ്ട്. ഒപ്പം സൂപ്പും സലാഡും കൂടെയുണ്ടെങ്കിൽ സംഗതി ജോറാകും.
ജങ്ക് ഫൂഡ് പരമാവധി ഒഴിവാക്കുന്ന കോഹ്‌ലി ആവതും വീട്ടിൽ തന്നെയുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്. ദിവസവും രണ്ടു മണിക്കൂറെങ്കിലും താരം വർക്കൗട്ടിനു വേണ്ടി ചിലവഴിക്കാറുണ്ട്. വിശപ്പ് നന്നായി തോന്നുമ്പോൾ ബർഗർ കഴിക്കുന്നതിനു പകരം നട്ട്സോ അല്ലെങ്കിൽ ആരോഗ്യകരമായ സാൻഡ്‌വിച്ചോ കഴിക്കുന്നതാണ് കോഹ്‌ലിയുടെ രീതി.
ഇനി ഡയറ്റ് ഇത്ര കർശനമാണെങ്കിലും ആഴ്ചയിലോ മാസത്തിലോ അതിന് അപവാദമായി ഒരു ചീറ്റ് ഡേ വേണമെന്നു പറയുന്നയാളാണ് കോഹ്‌ലി. നിങ്ങൾക്ക് കഴിക്കാൻ ആഗ്രഹമുള്ള ഭക്ഷണം വാരിവലിച്ചു കഴിക്കാതെ നിശ്ചിത അളവിൽ കഴിക്കണമെന്നാണ് ഈ ചീറ്റ് ഡേ കൊണ്ടു കോഹ്‌ലി ഉദ്ദേശിക്കുന്നത്. പിന്നൊരു ഉപദേശം കൂടി താരം ആരാധകർക്കു നൽകാറുണ്ട്, മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത് എന്നതാണത്. കാരണം അവ നിങ്ങളുടെ പ്രതിരോധശേഷിയെ തകർക്കുന്നതാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam