സിനിമാ രംഗത്തുള്ളവർക്കു മാത്രമല്ല പ്രായഭേദമന്യേ സ്ത്രീകൾക്കെല്ലാം മാതൃകയാക്കാവുന്ന നടിയാണ് സുസ്മിത സെൻ. വിവാഹമാണോ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ അടിസ്ഥാനം എന്നു ധീരതയോടെ ചോദിച്ചിട്ടുള്ള സുസ്മിത രണ്ടുപെൺകുട്ടികളെ ദത്തെടുത്തതോടെ അവരോടുള്ള ബഹുമാനം ഇരട്ടിയാവുകയായിരുന്നു. ഇന്നു തന്റെ പെൺമക്കൾക്കായാണ് സുസ്മിതയുടെ ജീവിതം, അതിനിടയിലും ഫിറ്റ്നസിനും സൗന്ദര്യത്തിനും സമയം കണ്ടെത്താൻ സുസ്മിത ശ്രമിക്കാറുമുണ്ട്.
ഇപ്പോഴിതാ തന്റെ നാൽപത്തിരണ്ടാം പിറന്നാൾ അടുത്തെത്തുമ്പോഴേക്കും പുതിയൊരു ഫിറ്റ്നസ് പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ് സുസ്മിത. മറ്റൊന്നുമല്ല ഫ്ലാറ്റ് ബെല്ലിക്കായുള്ള പരിശ്രമത്തിലാണ് താരം. താൻ വീണ്ടും ട്രെയിനിങ് ആരംഭിച്ചുവെന്നും 42–ാം പിറന്നാള്‍ എത്തുമ്പോഴേക്കും താൻ ആഗ്രഹിച്ചതുപോലുള്ള ശരീരം സ്വന്തമാക്കുമെന്നാണ് ചിത്രസഹിതം സുസ്മിത ഇൻസ്റ്റഗ്രാമിൽ േപാസ്റ്റു ചെയ്തത്.
ഒരു രാത്രി പുലരുമ്പോഴേക്കും താനിതു നേടുമെന്നു വെറുതെ അങ്ങു പറയുകയല്ല സുസ്മിത, മറിച്ച് അതിനായി ദിവസവും വിയർപ്പൊഴുക്കി വർക്കൗട്ട് ചെയ്യുന്നുമുണ്ട്. സംഗതി എന്തായാലും മെലിഞ്ഞു കഴിയുമ്പോൾ അതെങ്ങനെ സംഭവിച്ചുവെന്നതിന്റെ ടിപ്സ് കൂടി പങ്കുവെക്കണേ എന്നാണ് പല ആരാധകരും പറയുന്നത്.
സംവിധായകന് വിക്രം ഭട്ടുമായും നടൻ രൺദീപ് ഹൂഡയുമായൊക്കെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു സുസ്മിത സെൻ. 23 വർഷം മുമ്പ് മനിലയിൽ വച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത വിജയപ്പട്ടം കരസ്ഥമാക്കിയത്. 1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ തുടക്കം. വിവാഹം കഴിച്ചില്ലെങ്കിലും തന്റെയുള്ളിൽ സ്നേഹസമ്പന്നനായ ഒരമ്മയുണ്ടെന്നു തെളിയിക്കുന്നതായിരുന്നു സുസ്മിതയുടെ ജീവിതം.
കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട സുസ്മിത രണ്ടു പെൺമക്കളെ ദത്തെടുക്കുകയായിരുന്നു. റെനീ , അലീസാ എന്നു പേരിട്ട മക്കള്‍ക്ക് ഇപ്പോൾ പതിനാറും എട്ടും പ്രായമായി. മക്കൾക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ആരാധകരോട് പങ്കുവെക്കാൻ സുസ്മിത മടികാണിക്കാറില്ല. .
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam