മുൻക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കൊപ്പം നിഴലായി കരുത്തയായ ഭാര്യയായി സാക്ഷി എപ്പോഴും കൂടെയുണ്ടാകാറുണ്ട്. ധോണിക്കു സർവ സപ്പോർട്ടും നൽകി ഗാലറിയിലെ സ്ഥിരം സാന്നിധ്യമായി സാക്ഷിയെ കാണാം. ധോണിക്കു സാക്ഷിയെപ്പോലെ മറ്റൊരു യുവക്രിക്കറ്റ് താരത്തിനു കൂടി എല്ലാ പിന്തുണയും നൽകി കൂടെനിൽക്കുന്ന ഒരു പെൺകുട്ടിയുണ്ട്, കക്ഷി ഒരു നടികൂടിയാണ്. പറഞ്ഞു വരുന്നത് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും കാമുകി അനുഷ്ക ശർമയുടെയും കാര്യമാണ്.
വിരാടും ധോണിയും കളിക്കളത്തിലെ സുഹൃത്തുക്കൾ ആണെങ്കിൽ അതിനു പുറത്ത് അവരൊക്കെ കണ്ടുമുട്ടും മുമ്പു തന്നെ സുഹൃത്തുക്കളായവരാണ് അവരുടെ ഹൃദയം കീഴടക്കിയ സാക്ഷിയും അനുഷ്കയും. സാക്ഷിയും അനുഷ്കയും ആസമിലെ ഒരു ചെറിയ ടൗണിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരും ഒരേ സ്കൂളിലുമാണ് പഠിച്ചത്. ആ ഓർമകളെക്കുറിച്ച് അനുഷ്ക പങ്കുവെക്കുന്നതിങ്ങനെ:
''സാക്ഷിയും ഞാനും ആസമിലെ ഒരു ചെറിയ ടൗണിലായിരുന്നു താമസിച്ചിരുന്നത്. സാക്ഷി താൻ താമസിച്ചിരുന്നത് അവിടെയാണെന്നു പറഞ്ഞപ്പോഴാണ് ഞാനും അവിടെയായിരുന്നുവല്ലോ എന്നുപറയുന്നത്. അവൾ ഈ സ്കൂളിലാണ് പോയിരുന്നതെന്നു പറഞ്ഞപ്പോൾ ഞാനും അവിടെ തന്നെയായിരുന്നുവെന്നു പറഞ്ഞു.'' ഇരുവരും ഒന്നിച്ച് സ്കൂളിലെ പരിപാടികളിൽ പങ്കെടുത്ത കാര്യവും അനുഷ്ക ഓർത്തെടുത്തു.
ഇരുവരുടെയും സ്കൂൾകാല ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. പിന്നീട് 2013ൽ അനുഷ്കയും സാക്ഷിയും സുഹൃത്തുക്കൾക്കൊപ്പം റീയൂണിയൻ നടത്തുകയും ചെയ്തു. അന്ന് സ്കൂൾകാല ഓർമകൾ പങ്കുവെക്കാൻ മറ്റു സുഹൃത്തുക്കൾക്കൊപ്പമാണ് ഇരുവരും എത്തിയിരുന്നതെങ്കിൽ ഇന്നു വിശേഷങ്ങൾ പറയുന്നത് ധോണിക്കും വിരാടിനുമൊപ്പമാണ് എന്നു മാത്രം. എന്തായാലും ധോണിയും വിരാടും ക്രിക്കറ്റ് എന്ന സ്വപ്നം മനസ്സിൽ െകാണ്ടുനടക്കുന്നതിനും മുമ്പെ തന്നെ സാക്ഷിയും അനുഷ്കയും സുഹൃത്തുക്കൾ ആയിരുന്നുവെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
Read more: Lifestyle Malayalam Magazine, Beauty Tips inMalayalam