ജയിലിലുമുണ്ട് സൗന്ദര്യമത്സരങ്ങൾ, ഇതാ അഴികള്‍ക്കുള്ളിലെ സുന്ദരികൾ!!

 കൊളംബിയ ബൊഗോട്ടയിലെ എല്‍ ബുവെന്‍ പാസ്റ്റർ ജയിലാണ് മറ്റ് ജയിലുകള്‍ക്കുകൂടി മാതൃകയായി തടവുകാര്‍ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ചെയ്ത തെറ്റിന് ശിക്ഷയനുഭവിക്കാന്‍ ജയിലില്‍ കിടക്കുന്നതൊക്കെ ശരി തന്നെ. എന്നുകരുതി അതൊന്നും സൗന്ദര്യ റാണിയുടെ കിരീടത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളല്ല എന്ന് തെളിയിക്കുകയാണ് കൊളംബിയയിലെ ഒരു വനിത ജയിലും ഇവിടുത്തെ തടവുകാരികളും. 

നമ്മുടെ നാട്ടിലെ ജയിലുകളിലൊക്കെ പലതരം ജോലികളാണ് തടവുകാര്‍ക്ക് നല്‍കുന്നത്. അതിലൂടെ അവര്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും ജീവിച്ചുപോകാനുള്ള തൊഴിലൊക്കെ പഠിച്ചിട്ടുണ്ടാകും. എന്നാല്‍ കൊളംബിയയിലെ ഒരു ജയില്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. 

കൊളംബിയ ബൊഗോട്ടയിലെ എല്‍ ബുവെന്‍ പാസ്റ്റർ ജയിലാണ് മറ്റ് ജയിലുകള്‍ക്കുകൂടി മാതൃകയായി തടവുകാര്‍ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. സൗന്ദര്യമത്സരങ്ങളിലെ കൊളംബിയന്‍ സംസ്കാരം അത്ര ദൃഡമാണെന്നതിന്‍റെ തെളിവ് കൂടിയാണ് വര്‍ഷാവര്‍ഷം ജയിലില്‍ സംഘടിപ്പിക്കുന്ന സൗന്ദര്യ മത്സരം.

രണ്ട് വിഭാഗമായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ചെറുപ്പക്കാര്‍ക്കുള്ളതും പ്രായമായവര്‍ക്കുള്ളതും. മത്സരം നടക്കുന്നത് ജയിലിനുള്ളില്‍ തന്നെയാണെങ്കിലും പുറത്തുള്ളവര്‍ക്ക് ഈ ദിവസങ്ങളില്‍ പരിപാടികളില്‍ കാഴ്ച്ചക്കാരായി എത്താം. എന്നാല്‍ അതീവ സുരക്ഷാക്രമീകരണങ്ങളുടെ നടുവിലായിരിക്കും എല്ലാം നടക്കുക എന്നുമാത്രം. 

പ്രശസ്തരായ വ്യക്തികളാണ് വിധികര്‍ത്താക്കള്‍ ആയി എത്തുക. മറ്റ് സൗന്ദര്യ മത്സരങ്ങള്‍ പോലെ തന്നെ ഇവിടെയും പല കടമ്പകളും കടന്നുവേണം അവസാന റൗണ്ടിലെത്താന്‍. ലോകസുന്ദരിമത്സരത്തിലൊക്കെ ചോദിക്കുന്നപോലെ അപ്രതീക്ഷിത ചോദ്യങ്ങള്‍ക്കുള്ള മികച്ച ഉത്തരം നല്‍കുന്ന ആള്‍ ഒടുവില്‍ വിജയിയാകും. 

കൊളംബിയക്കാര്‍ക്ക് സൗന്ദര്യം ഒരു വീക്നെസ് ആണ്. അത് മുതലെടുത്ത് രാജ്യത്ത് സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങളുടെ ഉപയോഗവും സ്പാ, പാര്‍ലര്‍ പോലയുള്ളവയുടെ വളര്‍ചയും വര്‍ധിച്ചുവരികയാണ്. അതുകൊണ്ട്തന്നെ വര്‍ഷാവര്‍ഷം നിരവധി സുന്ദരികള്‍ കൊളംബിയയില്‍ പിറവിയെടുക്കുന്നതില്‍ അത്ഭുതപ്പെടേണ്ട. 

ജയില്‍വാസം മനുഷ്യന്‍റെ കഴിവുകള്‍ക്ക് മേലുള്ള വിലങ്ങുതടിയാകരുതെന്ന സന്ദേശം കൂടിയാണ് ഈ ജയില്‍ സൗന്ദര്യമത്സരത്തിലൂടെ അവര്‍ പറയുന്നത്. കുറച്ചുസമയത്തേക്കെങ്കിലും തടവുകാര്‍ക്ക് തങ്ങളുടെ ശിക്ഷയെക്കുറിച്ച് ഓര്‍ക്കാതെ സ്വതന്ത്രമായിരിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാണെന്ന് ജയില്‍ മേധാവി നാന്‍സി ഗോള്‍സാവെസ്  പറയുന്നു. 

ഇതൊക്കെയാണെങ്കിലും വര്‍ഷം തോറും കൊളംബിയയില്‍ സ്ത്രീ കുറ്റവാളികളുടെ എണ്ണം കൂടിവരികയാണ്. 2015 ല്‍ മാത്രം 8000 ലധികം കുറ്റവാളികളെ ജയിലില്‍ അടച്ചുവെന്നാണ് കണക്ക്. ചെറിയ മോഷണങ്ങള്‍ മുതല്‍ കൊലപാതകങ്ങള്‍ വരെ ഇതില്‍ പെടും. കൂടുതല്‍പ്പേരും മയക്കുമരുന്ന് കച്ചവടത്തിന്‍റെ പേരിലാണ് രാജ്യത്ത് ശിക്ഷിക്കപ്പെടുന്നത്. 

Read more on Viral News Malayalam