പുതുവർഷം തുടങ്ങുമ്പോൾ തന്നെ നാം ഒരായിരം ദൃഢനിശ്ചയങ്ങളുടെ പട്ടികയും തയാറാക്കിയിരിക്കും. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളെ അകറ്റി നിർത്തും, വായനയ്ക്കും യാത്രകൾക്കും വേണ്ടി സമയം കണ്ടെത്തും, മൊബൈലിനും ടിവിക്കും വേണ്ടി കളയുന്ന സമയത്തെ ഉപയോഗപ്രദമാക്കും എന്നു തുടങ്ങി ആ പട്ടിക അങ്ങനെ നീളും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും മിക്കവരും വർഷാദ്യത്തിൽ തുടങ്ങുന്നതുമായ ഒരു തീരുമാനമാണ് വണ്ണം കുറയ്ക്കണം എന്ന കാര്യം. ജിമ്മില്‍ പോകണം, വർക്കൗട്ട് ചെയ്യണം, ഡയറ്റ് ആരംഭിക്കണം എന്നൊക്കെ തീരുമാനിക്കുമെങ്കിലും ആദ്യരണ്ടുമാസം കഴിയുമ്പോൾ തന്നെ അവയെല്ലാം മറക്കുന്നവരാണ് കൂടുതൽപേരും. അത്തരക്കാർ അറിഞ്ഞിരിക്കേണ്ടതാണ് അലക്സിസിന്റെയും ഭർത്താവ് ഡാനിയുടെയും കഥ. ഒരു വർഷം െകാണ്ട് 170 കിലോയാണ് ഇരുവരും ചേർന്നു കുറച്ചത്!
യുഎസ് സ്വദേശികളായ അലക്സിസിന്റെയും ഡാനിയുടെയും വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ കണ്ടു ഞെട്ടിയിരിക്കുകയാണ് ലോകം. ഫോട്ടോകളിൽ ഉള്ളത് അവർ തന്നെയാണെന്നു തിരിച്ചറിയാൻ പലർക്കും കഴിയുന്നില്ല. വണ്ണം അലക്സിസിന്റെ ജീവിതത്തെ അപകടകരമാം വിധം സ്വാധീനിച്ചുവെന്നു മനസ്സിലായി തുടങ്ങിയതോടെയാണ് ഈ ദമ്പതികൾ ഏതുവിധേനയും ഒരുവർഷംകൊണ്ടു വണ്ണം കുറച്ചിരിക്കും എന്നു തീരുമാനിക്കുന്നത്. അതിനായി ആരോഗ്യപ്രദമായ ഭക്ഷണം മാത്രം കഴിക്കുന്നതിനൊപ്പം കൃത്യനിഷ്ഠമായ വ്യായാമവും ആരംഭിച്ചിരുന്നു.
ഹൈസ്കൂൾ കാലം െതാട്ടേ സുഹൃത്തുക്കളായിരുന്ന ഇരുവരും പത്തുവർഷങ്ങൾക്കു ശേഷമാണ് ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നത്. വിവാഹശേഷം കുട്ടികളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് അലക്സിസിന്റെ വണ്ണം ഒരു പ്രശ്നമായി മാറിയത്. അങ്ങനെ ഒരു കുഞ്ഞിനുവേണ്ടി അവർ വണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ഒരിക്കലും ൈസസ് സീറോ ആകണമെന്ന ആഗ്രഹത്തോടെയല്ല മറിച്ച് ആരോഗ്യവതിയായിരിക്കാനാണ് അലക്സിസ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്.
അലക്സിസിനെ ഡാനി പ്രൊപോസ് ചെയ്യുന്ന സമയത്ത് അവളുടെ ഭാരം 220കിലോ ആയിരുന്നു. പക്ഷേ അലക്സിസിന്റെ വണ്ണമൊന്നും ഡാനിക്കൊരു പ്രശ്നമല്ലായിരുന്നു, അവളുടെ ഹൃദയത്തെയാണ് അയാൾ പ്രണയിച്ചത്. ശാരീരിക സൗന്ദര്യത്തിനപ്പുറം തന്നെ പ്രണയിച്ച ഡാനി അലക്സിസിനു വലിയൊരു പ്രചോദനമായിരുന്നു. അലക്സിസിന്റെ വണ്ണം കുറയ്ക്കൽ പ്രക്രിയകളെ നോക്കി നിൽക്കാതെ അവൾക്കൊപ്പം ഡാനിയും കൂടിത്തുടങ്ങി. അങ്ങനെ അലക്സിസിനൊപ്പം ജിമ്മിലേക്ക് ഡാനിയും പോകാൻ ആരംഭിച്ചു. ഇതോടെ ഡാനിയും അദ്ഭുതകരമായി വണ്ണം കുറച്ചു.
ധാരാളം പ്രോട്ടീൻ ഉൾപ്പെട്ട ആഹാരം കഴിക്കുന്നതിനൊപ്പം വറുത്തതും പൊരിച്ചതുമൊക്കെ പാടേ ഉപേക്ഷിക്കുകയായിരുന്നു ഇവർ. പുറത്തു നിന്നുള്ള ഭക്ഷണം പാടേ ഉപേക്ഷിച്ചും മദ്യമോ സോഡയോ തൊടാതെയും ആഴ്ചയിൽ അഞ്ചുതവണ അരമണിക്കൂർ വീതം വർക്കൗട്ട് ചെയ്തുമൊക്കെയാണ് ഈ അമ്പരപ്പിക്കുന്ന മാറ്റത്തിലേക്ക് അലക്സിസും ഡാനിയും എത്തിയത്. വർഷം പകുതിയായപ്പോഴേക്കും കഠിന ശ്രമത്തിനു കാര്യമായ ഫലം കണ്ടു തുടങ്ങിയിരുന്നു.
ഇതിനിടയ്ക്ക് അലക്സിസിനെ ഏറ്റവും സന്തോഷിപ്പിക്കുന്നൊരു കാര്യമുണ്ട്. സാധാരണ സ്ത്രീകളെ സംബന്ധിച്ച് വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിയുമ്പോഴേക്കും മിക്കവർക്കും തങ്ങളുടെ വിവാഹവസ്ത്രം പാകമാവുകയില്ല, പക്ഷേ അലക്സിസിന്റെ കാര്യത്തിൽ കഥ നേരെ തിരിച്ചായി. വണ്ണം ഇത്രയ്ക്കും കുറച്ചെങ്കിലും തന്റെ പഴയ ശരീരത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്നുവെന്നു പറയുന്നു അലക്സിസ്. ഇന്ന് 123 കിലോയോളം കുറച്ച അലക്സിസിന്റെ ഭാരം 97 കിലോയാണ്...
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam