Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കുടുംബത്തെ ഇപ്പോൾ തിരിച്ചറിയാനാവില്ല, ആറുമാസംകൊണ്ടു വന്ന മാറ്റം !!

weight loss ജെസും കുടുംബവും വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും

അങ്ങനെ മറ്റൊരു വർഷം കൂടി വന്നെത്തിയിരിക്കുകയാണ്. പുതുവർഷത്തിലെ തീരുമാനങ്ങളെടുക്കുന്ന കൂട്ടത്തിൽ മുൻപന്തിയിലുണ്ടാകുന്നത് വണ്ണം കുറയ്ക്കും എന്നതായിരിക്കും. അതിരാവിലെ എഴുന്നേറ്റ് വ്യായാമമൊക്കെ ചെയ്ത് കടുത്ത ഡയറ്റിങ്ങും ഫോളോ ചെയ്ത് ആറു മാസത്തിനുള്ളിൽ ഈ വയറൊക്കെ ഞാൻ പമ്പ കടത്തും എന്നൊക്കെ സ്വപ്നം കാണുമെങ്കിലും പ്രാവർത്തികമാക്കുന്നവര്‍ വളരെ കുറവായിരിക്കും. അത്തരക്കാർക്ക് പ്രചോദനമാകുന്ന ചില ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഒന്നോ രണ്ടോ പേരല്ല ഒരു കുടുംബത്തിലെ മുഴുവൻ പേരും ഒന്നിച്ചു പരിശ്രമിച്ചതിന്റെ ഫലമായി ആറുമാസം െകാണ്ട് കുടവയർ കുറച്ച് സുന്ദരന്മാരും സുന്ദരിമാരും ആയ കഥ. 

weight-loss-1 ജെസിന്റെ മാതാപിതാക്കൾ

ചൈനയിൽ നിന്നുള്ള അച്ഛനും അമ്മയും മകനുമാണ് രൂപമാറ്റത്തിലൂടെ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. മുപ്പത്തിരണ്ടുകാരനായ ജെസ് എന്ന ചൈനീസ് ഫൊട്ടോഗ്രാഫറാണ് കുടുംബത്തെയാകെ വണ്ണം കുറയ്ക്കലിനായി പ്രചോദിപ്പിച്ചത്. ആറുമാസം മുമ്പ് ജെസിന്റെ അമ്മയും അച്ഛനും ജെസിനും ഗർഭിണിയായ ഭാര്യക്കുമൊപ്പം താമസിക്കാൻ വന്ന സമയത്താണ് കഥയുടെ തു‌ടക്കം. മരുമകളെ ഗർഭകാലത്തു പരിചരിക്കാനായി എത്തിയതായിരുന്നു അവർ. അന്നാണ് ജെസ് അച്ഛന്റെ കുടവയർ കൂടുന്ന കാര്യം ശ്രദ്ധിച്ചത്. മദ്യപാനിയായിരുന്ന അച്ഛനോട് ചിട്ടയായ ജീവിതം നയിക്കാനും വണ്ണം കുറയ്ക്കാനും അന്ന് ജെസ് ആവശ്യപ്പെട്ടു. 

അങ്ങനെ അച്ഛനൊപ്പം മകനും അമ്മയുമൊക്കെ വണ്ണം കുറയ്ക്കൽ പ്രക്രിയയിലേക്ക് ഒന്നിച്ചു ചേർന്നു. നടത്തവും ജോഗിങ്ങും ഒക്കെ ശീലമാക്കിയതിനു ശേഷം അവർ ഒന്നിച്ചുതന്നെ ജിമ്മിൽ വർക്കൗട്ട് ചെയ്യാനും ആരംഭിച്ചു. ഓരോ പത്തുദിവസം കൂടുമ്പോഴും ശരീരത്തിനു വന്ന മാറ്റങ്ങളെ ജെസ് ഫോട്ടോയാക്കി സൂക്ഷിച്ചു. അങ്ങനെ വെറും ആറുമാസം കൊണ്ട് അവർ ഒരുപോലെ കുടവയർ കുറയ്ക്കുകയും ആരോഗ്യവും ദൃഢവുമായ ശരീരം സ്വന്തമാക്കുകയും ചെയ്തു. ജെസിന്റെയും അച്ഛന്റെയും കുടവയറിനു പകരം സിക്സ് പാക്ക് മസിലുകൾ കണ്ട് അസൂയയോടെ നോക്കുന്നവരും ഉണ്ട്. 

ജെസിന്റെ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അതിനായി പ്രായം േപാലും വകവെക്കാതെ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്തതാണ് ഈ കുടുംബത്തെ ഈ നേട്ടത്തിന് ഉടമകളാക്കിയത്. ഇപ്പോൾ ജെസും കുടുംബവും പുറത്തു പോകുമ്പോൾ പലർക്കും േചാദിക്കാനുള്ളതും വണ്ണം കുറച്ചതിനു പിന്നിലെ രഹസ്യമാണ്. അതിനു ചിരിയോടെ ജെസ് നൽകുന്ന മറുപടി തെല്ലും മടിയില്ലാതെ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോവുക എന്നതാണ്. 

2018 തുടങ്ങി ദിവസം ഇത്രയല്ലേ ആയുള്ളു, ന്യൂഇയർ റെസല്യൂഷന് ഒട്ടും വൈകിയിട്ടില്ല. അപ്പോൾ വരുന്ന ആറുമാസത്തിനുള്ളിൽ വണ്ണം കുറച്ച് ആരോഗ്യകരമായ ശരീരം സ്വന്തമാക്കുകയല്ലേ... !

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam