മക്കൾക്കൊപ്പം നടക്കുമ്പോൾ നിങ്ങളോട് അവരുടെ ചേച്ചിയാണല്ലേ എന്നു ചോദിച്ചാൽ എന്തായിരിക്കും തോന്നുക. സന്തോഷം തന്നെയല്ലേ, എന്നാൽ മക്കൾക്കതത്ര സുഖിക്കണമെന്നുമില്ല. എന്തായാലും ഏഴു മക്കളുടെ അമ്മയായിട്ടും ഇപ്പോഴും അവർക്കൊപ്പം നടക്കുമ്പോൾ അവരുടെ ചേച്ചിയാണോ എന്ന ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണ് ഒരമ്മ. അമേരിക്കയിൽ നിന്നുള്ള ജെസിക്ക എൻസ്‍ലോവ് എന്ന സുന്ദരിയായ അമ്മയാണ് യുവത്വം കൊണ്ടു നാട്ടുകാരെയാകെ തെറ്റിദ്ധരിപ്പിക്കുന്നത്.
മകൾക്കൊപ്പമുള്ള ജെസിക്കയുടെ ചിത്രങ്ങൾ കണ്ടാല്‍ രണ്ടു കൂട്ടുകാരികളാണെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ. തിളക്കമാർന്ന ചർമത്തിനും എന്നെന്നും യുവത്വം കാത്തു സൂക്ഷിക്കുന്നതിനും പിന്നിലെ ജെസിക്കയുടെ രഹസ്യം എന്തായിരിക്കുമെന്നാണ് പലരുടെയും സംശയം. ഇനിയിപ്പോ ഫാഷന്റെ കാര്യത്തിലെടുത്താലും മക്കളെ കടത്തിവെട്ടും ജെസിക്കയുടെ ഫാഷൻ െസൻസ്. മക്കളിൽ പലരും ഇപ്പോഴും അമ്മയിൽ നിന്നാണ് ഫിറ്റ്നസ് പാഠങ്ങൾ പഠിക്കുന്നത്.
2013ൽ തന്റെ ഏറ്റവും ഇളയ കുഞ്ഞിനെ പ്രസവിച്ചതോടെയാണ് ജെസിക്കയ്ക്കു ശരീരഭാരം ക്രമാതീതമായി കൂടുന്നതായി തോന്നിയത്. പ്രസവത്തിനു മുമ്പുള്ള ജീൻസ് ധരിച്ചു നോക്കിയപ്പോൾ നിരാശയോടൊപ്പം ഭീതിയും തോന്നി, വണ്ണം അത്രമേൽ വര്‍ധിച്ചിരുന്നു. ഇതോടെ ഭക്ഷണ പ്രിയയായ ജെസിക്ക തന്റെ ഇഷ്ട ഭക്ഷണങ്ങളുടെ സ്ഥാനത്ത് പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ തുടങ്ങി. ഓട്മീൽ, പഴങ്ങൾ, ഗോതമ്പു ബ്രെഡ് എന്നിവ ശീലമാക്കി.
പിന്നീട് കഴിയുന്ന സമയങ്ങളിലെല്ലാം കൃത്യമായി വർക്കൗട്ടുകള്‍ ചെയ്യാൻ തുടങ്ങി. ദിവസവും ചെയ്യുക എന്നതിനു പകരം ആഴ്ചയിൽ വർക്കൗട്ട് ചെയ്യുന്ന ദിവസങ്ങളിൽ നന്നായി ചെയ്യുക എന്ന രീതിയായിരുന്നു ജെസിക്കയുടേത്. ഏഴു മക്കളെ പരിപാലിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് ജെസിക്ക തന്റെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നത്. ഇതുകൊണ്ടെല്ലാം തന്നെ സമൂഹമാധ്യമത്തിൽ സെലിബ്രിറ്റി പരിവേഷമാണ് ജെസിക്കയ്ക്കുള്ളത്. തന്റെ ഫോളോവേഴ്സിനെ പ്രചോദിപ്പിക്കാനായി ജിമ്മിലെ വർക്കൗട്ട് വിഡിയോകൾ പങ്കുവെക്കാറുമുണ്ട് ജെസിക്ക.
ഇപ്പോൾ ജെസിക്കയുടെ ഇൻസ്റ്റഗ്രാമിന്റെയും യൂട്യൂബ് ചാനലിന്റെയും ആരാധകരേറെയും വീട്ടമ്മമാരാണ്. വണ്ണം കുറയ്ക്കൽ പ്രക്രിയയെ മഹാമഹമായി കാണുന്നവരോട് ആദ്യം ആ ചിന്തയെ മനസ്സിൽ നിന്നും തൂത്തു കളയൂ എന്നു പറയുകയാണ് ജെസിക്ക. അസാധ്യമായതൊന്നുമില്ല, അവനവൻ വിചാരിച്ചാൽ മാത്രം മതിയെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് ജെസിക്ക.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam