റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്ന ശതകോടീശ്വരനായ സംരംഭകന്‍ നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ്. ഭ്രാന്തമായ പല ഇഷ്ടങ്ങളുമുള്ള വേറിട്ട സംരംഭകനായിട്ടാണ് അദ്ദേഹത്തെ ലോകം വിലയിരുത്തുന്നത്. വിര്‍ജിന്‍ ഗ്രൂപ്പ് എന്ന വമ്പന്‍ സ്ഥാപനത്തിലൂടെ ഒട്ടനവധി ബിസിനസുകളില്‍ ആധിപത്യം കൈയാളുന്നു ബ്രാന്‍സണ്‍. എന്നാല്‍ അതിനപ്പുറത്തേക്ക് രസകരമായ, ഒത്തിരി വേറിട്ട വിനോദങ്ങളുള്ള വ്യക്തിത്വവുമുണ്ട് ബ്രാന്‍സണ്.
അതിലൊന്നാണ് സ്വന്തമായുള്ള സ്വപ്‌ന സദൃശ്യമായ ഒരു ദ്വീപ്. കരീബിയന്‍ സൗന്ദര്യം പൂര്‍ണമായും ആവാഹിച്ച അതിമനോഹരമായ നെക്കര്‍ ഐലന്‍ഡ് എന്ന് പേരിട്ട ദ്വീപ് എല്ലാവര്‍ക്കും കൗതുകവുമാണ്. കഴിഞ്ഞ ദിവസം ബ്രാന്‍സണ്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ ഒരു പോസ്റ്റിട്ടു, ഒരു ജോബ് ഓഫര്‍. കരീബിയന്‍ ദ്വീപിലേക്ക് പേഴ്‌സണല്‍ അസിസ്റ്റന്റായും അഡ്മിന്‍ അസിസ്റ്റന്റായും ഒരാളെ ആവശ്യമുണ്ട്-ഇതായിരുന്നു പോസ്റ്റ്.
ജോലി ലഭിക്കുന്ന ആ ഭാഗ്യശാലിക്ക് ശതകോടീശ്വരനായ ബ്രാന്‍സണിന്റെ സ്വകാര്യ കരീബിയന്‍ ഐലന്‍ഡിലേക്ക് റീലൊക്കേറ്റ് ചെയ്യാനുള്ള അവസരവും ലഭിക്കും. വളരെ പെട്ടെന്നാണ് ജോബ് ഓഫര്‍ വൈറലായത്. ജോലി അന്വേഷകരെയെല്ലാം ഹരം കൊള്ളുച്ചു അത്. 'നെക്കര്‍ ഐലന്‍ഡില്‍ കുറച്ച് ഫണ്ണോടു കൂടി ജോലി ചെയ്യാം, ഒന്നു ചിന്തിക്കൂ' എന്ന ബ്രാന്‍സണിന്റെ ടെക്‌സ്റ്റ് കൂടി ആയപ്പോള്‍ പിന്നെ പറയുകയും വേണ്ട, അപേക്ഷകരുടെ കുത്തൊഴുക്ക്. മാത്രമല്ല സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഇന്റര്‍നെറ്റിലും ജോബ് ഓഫര്‍ വൈറലായി മാറുകയും ചെയ്തു.
എന്നാല്‍ ജോലി അത്ര എളുപ്പമാകില്ലെന്ന സന്ദേശവും ബ്രാന്‍സണ്‍ നല്‍കിയിട്ടുണ്ട്. രണ്ട് ഓഫീസുകളിലായിട്ടായിരിക്കും എടുക്കുന്ന ആള്‍ക്ക് ജോലിയുണ്ടാകുക. ബിസി ഷെഡ്യൂള്‍ ആയിരിക്കും. അതിന് തയാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന്. എന്തുകൊണ്ടാണ് തനിക്ക് ഈ ജോലി നല്‍കേണ്ടതെന്ന് ഉദ്യോഗാര്‍ഥി വിവരിക്കുന്ന ഒരു മിനിറ്റില്‍ കൂടാത്ത വിഡിയോ അറ്റാച്ച് ചെയ്ത് വേണം സിവി അയക്കാന്‍. ജോലിക്ക് അപേക്ഷിക്കുന്ന ആളെക്കുറിച്ച് അയാള്‍ക്ക് തന്നെയുള്ള എന്തെങ്കിലും താല്‍പ്പര്യമുണര്‍ത്തുന്ന കാര്യവും വിഡിയോയില്‍ പറയണമത്രെ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam