'ആ സ്വപ്നം സഫലമായി, ഇനി ഫാഷനൊപ്പം സിനിമകളും ചെയ്യും'

രാജീവ് പീതാംബരൻ

കായികലോകത്തെ  മിന്നുംതാരം പി.വി. സിന്ധു കൊച്ചിയിലെ  സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ഒരുക്കങ്ങൾക്കായി സ്റ്റൈലിസ്റ്റിനെ  തേടി. പക്ഷേ ആ കോൾ എത്തുമ്പോൾ കരിയറിലെ സുപ്രധാന നാഴികക്കല്ലിനുള്ള  തിരക്കിട്ട തയാറെടുപ്പിലായിരുന്നു രാജീവ് പീതാംബരൻ. ബോളിവുഡ് ഡിസൈനർമാർക്കൊപ്പം തുടക്കംകുറിച്ചശേഷം  മലയാളത്തിലെത്തി കോസ്റ്റ്യൂം ഡിസൈനിങ് രംഗത്തു ശ്രദ്ധേയ സാന്നിധ്യം രേഖപ്പെടുത്തിയെങ്കിലും സ്വന്തം ലേബൽ എന്ന രാജീവിന്റെ സ്വപ്നത്തിലേക്കു പിന്നെയും ദൂരമുണ്ടായിരുന്നു. ഇപ്പോഴിതാ അവസാന ലാപ്പും ഓടിത്തീർത്തു; ഡിസൈനുകളെല്ലാം റെഡി. 

രാജീവ് പീതാംബരൻ എന്ന ലേബലിനെക്കുറിച്ച്  ഡിസൈനറുടെ വാക്കുകൾ:

∙ സ്വന്തം ലേബൽ

ഏതൊരു ഫാഷൻ ഡിസൈനറുടെയും  ആഗ്രഹമാണ് സ്വന്തം ലേബൽ.  മുംബൈ നിഫ്റ്റിൽ നിന്നു പഠനം പൂർത്തിയാക്കിയ സമയത്തു തന്നെ ആ സ്വപ്നം മനസിലുണ്ടായിരുന്നു. ഇപ്പോഴാണ് അതിന്റെ സമയമായത്. 

നിഫ്റ്റിൽ നിന്നിറങ്ങിയശേഷം  പാന്റലൂൺസിൽ ഡിസൈനറായി. പിന്നീട് ബോളിവുഡിൽ പ്രകാശ് ഝാ പ്രോഡക്​ഷൻസിൽ അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായിരുന്നു.  ഡിസൈനർ ഏക ലഖാനിക്കൊപ്പം. ജോലിചെയ്തു. പിന്നീട് കേരളത്തിലെത്തി. 

പോപ്കോൺ, പോക്കിരി സൈമൺ ചിത്രങ്ങളിലും ലോകധർമിയുടെ കാളി എന്ന നാടകത്തിലും കോസ്റ്റ്യും ചെയ്തു. അതിനിടയിലാണ്  ലേബലിന്റെ ജോലികളിലേക്കു തിരിഞ്ഞത്. സ്വന്തം ഡിസൈനുകൾ മറ്റുള്ളവർ ഇഷ്ടപ്പെടുകയും ധരിക്കുകയും ചെയ്യുന്നതു സന്തോഷമാണ്. അതിനൊപ്പം നല്ല പ്രോജക്ടുകൾ വന്നാൽ സിനിമയും ചെയ്യും.

∙ സസ്റ്റെനബിൾ ക്ലോത്തിങ്

സ്വന്തം ലേബൽ എന്ന സ്വപ്നത്തിനൊപ്പം തന്നെ മനസിലുണ്ടായിരുന്നു  സസ്റ്റെനബിൾ ഫാഷനും. നമ്മുടെ കാലാവ്സഥയ്ക്കു  യോജിച്ച,, കംഫർട്ട് തരുന്ന ഫാഷനാണ് ലക്ഷ്യം. സസ്റ്റെനബിൾ വസ്ത്രങ്ങൾ ഇപ്പോൾ എല്ലായിടത്തും ലഭിക്കുന്നുണ്ട്. കെമിക്കൽ ഉൾപ്പെടുന്ന തുണിത്തരങ്ങൾ റീസൈക്കിൾ ആകാനും  വൈകും, പ്ലാസ്റ്റിക് പോലെയാണവ. അതേസമയം കോട്ടൺ, ഹാൻഡ്‌ലൂ തുണിത്തരങ്ങളിൽ പ്രകൃതി സൗഹൃദ ഡിസൈനുകൾ ചെയ്യാം.

∙ കലക്‌ഷനിലുള്ളത്

സമ്മർ ബ്ലോസം എന്ന കലക്ഷനിൽ ഉള്ളതെല്ലാം  കോട്ടൺ, ഹാൻഡ്‌ലൂം വസ്ത്രങ്ങളാണ്. ധരിക്കാൻ സുഖപ്രദമായ ഫാബ്രിക് ആണിവ. എർതി കളർടോൺ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.. എല്ലാം ഒരേസമയം കാഷ്വൽ ആയും പാർട്ടിവെയർ ആയും ഉപയോഗിക്കാം. കാഷ്വൽ – കൂൾ ലൂക്ക് ഉള്ള ഡ്രസ് അനുയോജ്യമായ ആക്സസറീസ് ചേർത്തു സ്റ്റൈൽ ചെയ്താൽ പാർട്ടികൾക്കോ ഡിന്നർ ഡേറ്റിനോ ചേരുന്ന വേഷമാകും.

ഷർട്ട് ഡ്രസസ്, ഡ്രസസ്, ജാക്കറ്റ്സ്, സ്കർട്, ടോപ്സ് എന്നിവയാണ് കലക്ഷനിലുള്ളത്. ഒപ്പം ഹാൻഡ് ലൂം സാരികളുടെ ക്യൂറേറ്റഡ് കലക്ഷനും ഒരുക്കിയിട്ടുണ്ട്. 

∙ ആക്സസറീസ്

യാത്രകൾ ഹരമാണ്. ഏതു നാട്ടിലെത്തിയാലും അവിടത്തെ തനതായ ക്രാഫ്റ്റ് അന്വേഷിച്ചു കണ്ടെത്താറുണ്ട്. അങ്ങനെ വാങ്ങിയ ആക്സസറീസിന്റെ  വലിയൊരു ശേഖരമുണ്ട്. അതു കാണുന്ന കൂട്ടുകാരൊക്കെ  അതുപോലൊന്ന്  അവർക്കും വേണമെന്ന് ആവശ്യപ്പെടാറുണ്ട്. ആ കലക്ഷനിലുള്ളവ ഉൾപ്പെടുത്തി ആക്സസറീസിന്റെ ശേഖരവും  ലോഞ്ച് െചയ്യുകയാണ്. ഇത്തരം ക്രാഫ്റ്റ് എല്ലാവരിലേക്കും എത്തണമെന്ന ആഗ്രഹത്തോടെയാണിതു ചെയ്യുന്നത് രാജസ്ഥാൻ, ആഫ്രിക്കൻ ക്രാഫ്റ്റാണ് മുഖ്യമായും ഉള്ളത്. ബ്രാസ് ഹാൻഡ് വർക്ക് പീസുകളാണ് അവയെല്ലാം.. ആഫ്രിക്കൻ നെക്ക് പീസസും രാജസ്ഥാനിലെ വളകളും ശ്രദ്ധിക്കപ്പെടും. 

Read more: Lifestyle Malayalam MagazineBeauty Tips in Malayalam