Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശസ്ത സംവിധായകൻ കുറച്ചത് 36 കിലോ!!

Milap Zaveri മിലാപ് സാവേരി വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും

'ഇന്നിങ്ങനെ പോകട്ടെ, നാളെമുതൽ എന്തായാലും ഡയറ്റിങ്ങും വ്യായമവുമൊക്കെ തുടങ്ങണം'– വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരിലേറെ പേരുടെയും ഒരുദിനം തുടങ്ങുന്നത് ഇങ്ങനെയായിരിക്കും. ഓരോ ദിവസവും നാളത്തേക്കു നീട്ടിനീട്ടി അതങ്ങനെ നീണ്ടുപോവുകയും ചെയ്യും. വണ്ണം കുറച്ചേ അടങ്ങൂവെന്നു തീരുമാനിച്ചാൽ പിന്നൊന്നിനും നിങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന നിശ്ചയദാർഢ്യമാണ് ആദ്യമുണ്ടാക്കേണ്ടത്. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ മിലാപ് സാവേരിക്കും അത്തരമൊരു അനുഭവമാണ് പറയാനുള്ളത്.

130 കിലോയില്‍ നിന്നും 94 കിലോയിലേക്കെത്തിയ അത്ഭുതപ്പെ‌ടുത്തുന്ന വണ്ണംകുറയ്ക്കൽ കഥയാണ് മിലാപ് സാവേരിക്കു പറയാനുള്ളത്. എ‌ട്ടുമാസത്തിനുള്ളിൽ കക്ഷി കുറച്ചത് 36 കിലോയാണ്. പക്ഷേ വിചാരിക്കുന്നതുപോലെ അത്ര സുഖകരമായിരുന്നില്ല മിലാപിന്റെ വണ്ണം കുറയ്ക്കൽ മഹാമഹം. മുമ്പൊരിക്കലും ആരോഗ്യകരമായ ജീവിതരീതി പിന്തുടരാതിരുന്നതായിരുന്നു അതിനുള്ള കാരണം. 

ഒരിക്കൽ ഹെൽത്ത് ഇൻഷുറൻസിന്റെ ആപ്ലിക്കേഷൻ പൂരിപ്പിക്കുന്നതിനിടെയാണ് മിലാപിന് വണ്ണം കുറയ്ക്കണമെന്നു പെട്ടെന്നു ബോധോദയമുണ്ടായത്. അതിനെക്കുറിച്ച് മിലാപ് പറയുന്നതിങ്ങനെ, '' കഴിഞ്ഞ ഓഗസ്റ്റിൽ മെഡിക്ലെയിമിനു വേണ്ടി അപ്ലൈ ചെയ്തപ്പോൾ 130 കിലോ ഉണ്ടെന്നതിന്റെ പേരിൽ തന്നെ തിരസ്കരിച്ചു. നൂറുകിലോയിൽ കുറവായിരുന്നെങ്കിൽ മാത്രമേ തനിക്കും അവസരം ലഭിക്കുമായിരുന്നുള്ളു. ഞാൻ അമിതഭാരക്കാരനാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് എന്റെ ഭാര്യ ഗൗരിക്കോ മകൻ മെഹാനോ പോളിസിക്ക് അർഹരാക്കാൻ കഴിയുന്നില്ല, അതെന്നെ ശരിക്കും ഞെട്ടിച്ചു.''

ഭാര്യയോടും മകനോടും ഉത്തരവാദിത്തമില്ലാത്തൊരു കുടുംബസ്ഥനാണെന്ന തോന്നൽ മിലാപിനുള്ളിൽ ശക്തമായി വന്നു. അങ്ങനെയാണ് ഏതുവിധേനയും വണ്ണം കുറച്ചേ അടങ്ങൂവെന്ന തീരുമാനത്തിലേക്ക് മിലാപ് ചെന്നെത്തുന്നത്. തൊട്ടടുത്ത ദിവസം തന്നെ ഭക്ഷണപ്രിയനായിരുന്ന മിലാപ് തീര്‍ത്തും ആരോഗ്യപ്രദമായ ഡയറ്റ് മാത്രം പിന്തുടര്‍ന്നു തുടങ്ങി. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ വണ്ണം കുറയ്ക്കൽ പ്രക്രിയയ്ക്കു വേണ്ടി മിലാപ് ഒരു പരിശീലകനെയോ ഡയറ്റീഷ്യനെയോ കണ്ടിരുന്നില്ലെന്നും മറിച്ച് തന്റെ ശീലങ്ങളിൽ മാറ്റം വരുത്തി സ്വയം മാറാൻ തീരുമാനിച്ചതുമാണ്. 

പ്രാതലിൽ പുഴുങ്ങിയ മുട്ടയും സാൻഡ്‌വിച്ചും ചായയും ഉൾപ്പെടുത്തി. ഉച്ചഭക്ഷണത്തിനാകട്ടെ നട്ട്സും പഴവർഗങ്ങളും മാത്രം. അത്താഴത്തിന് പനീറും പരിപ്പും പച്ചക്കറികളും മുട്ടയും ശീലമാക്കി. ഇതിനൊപ്പം ആഴ്ചയിൽ ആറുദിവസവും ഒന്നരമണിക്കൂറോളം വർക്കൗട്ടും ചെയ്തു. ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മുന്നോട്ടു പോയതിന്റെ ഫലമെന്നോണം വണ്ണം 94 കിലോയിലേക്കെത്തി. തീർന്നില്ല കഠിനാധ്വാനത്തിനു ലഭിച്ച പാരിതോഷികമായി അദ്ദേഹത്തിന്റെ ഇൻഷുറൻസ് ആപ്ലിക്കേഷൻ ജനുവരിയിൽ സ്വീകരിക്കുകയും ചെയ്തു. 

ഇനി വണ്ണം കുറയ്ക്കൽ ഒരു ബാലികേറാമലയാണെന്നു ചിന്തിക്കുന്നവരോട് മിലാപിന് പറയാനുള്ളത് ഇത്രമാത്രം – ആദ്യത്തെ രണ്ട് ആഴ്ചയിൽ നിങ്ങൾ വിശപ്പിനെ നിയന്ത്രിക്കാൻ ശീലിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാം എളുപ്പമായി..

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam