Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകാരണമായ ഭയമുണ്ടോ? യഥാർഥകാരണവും പരിഹാരവും

fear-reason-and-solutions

പ്രത്യേക സാഹചര്യങ്ങളോടോ, വസ്തുക്കളോടോ ഉള്ള അകാരണമായ ഭയമാണ് സ്പെസിഫിക് ഫോബിയ എന്നറിയപ്പെടുന്നത്. ഭക്ഷണം, ധ്യാനം, വ്യായാമം, യോഗാഭ്യാസം മുതലായവ വഴിയും ഈ ഫോബിയയെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അകാരണമായ ഭയത്തെയാണ് ഫോബിയ എന്നു പറയുന്നത്.ദുർഭീതി എന്നർത്ഥമുള്ള ‘ഫോബോസ്’ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഫോബിയ എന്ന വാക്കുണ്ടായത്.

എന്റെ വാക്കുകൾക്ക് ആൽപ്സ് പർവ്വതം തടസ്സമായാൽ ആ പർവ്വതം ഇനി അവിടെ വേണ്ട എന്നു പറഞ്ഞ വിശ്വവിഖ്യാത പോരാളി നെപ്പോളിയൻ ബോണപ്പാർട്ട് ഒരു പൂച്ചയെ കണ്ടാൽ പേടിച്ചു വിറയ്ക്കുമായിരുന്നു. പ്രശസ്ത ടെന്നീസ് താരമായ ആന്ദ്രേ ആഗസിക്ക് എട്ടുകാലി ഫോബിയായാണ് ഉണ്ടായിരുന്നത്.

വ്യോമയാന രംഗത്ത് വെന്നിക്കൊടി പാറിച്ച അമേരിക്കൻ ബിസിനസ് മാഗ്നറ്റ് ഹോവാർഡ് ഹ്യൂസ് വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിയായിരുന്നു. ഹോളിവുഡ് സിനിമാ സംവിധായകൻ, നിർമ്മാതാവ് സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കു വേണ്ടി കോടിക്കണക്കിനു രൂപാ ചിലവഴിച്ച മനുഷ്യസ്നേഹി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ഹോവാർഡ് ഹ്യൂസിന്റെ ഫോബിയ രോഗാണുക്കളോടുള്ള ഭയമായിരുന്നു.

രോഗാണുക്കളിൽ നിന്നും രക്ഷപ്പെടുവാൻ സമുദ്ര മധ്യത്തിൽ ഒരു ദ്വീപ് വാങ്ങി അണുനാശിനി പൂരിതമായ ഒരു വീട് പണിയിച്ച് ഇയാൾ അവിടെ താമസമാക്കി. വസ്ത്രത്തിലൂടെ രോഗാണുക്കൾ തന്നെ ആക്രമിച്ചാലോ എന്നു ഭയന്ന് പൂർണ്ണനഗ്നനായാണ് ഇയാൾ അവിടെ താമസിച്ചത്. കുളിച്ച് വൃത്തിയായി മാത്രമെ ജോലിക്കാർക്ക് ഇയാളുടെ അടുക്കലേക്ക് വരുവാൻ സാധിക്കുമായിരുന്നുള്ളൂ.

രോഗാണുക്കളെ ഭയന്ന് ഭക്ഷണം പോലും നേരാംവണ്ണം കഴിക്കുവാൻ ഹോവാർഡ് ഹ്യൂസിനായില്ല. താൻ കഴിക്കുവാൻ പോകുന്ന ആപ്പിളിനുള്ളിൽ രോഗാണുക്കൾ പതിയിരിപ്പുണ്ടോ എന്ന് അദ്ദേഹം ഭയന്നു. നഖം വെട്ടിയിലും, തലമുടി വെട്ടുന്ന കത്രികയിലുമൊക്കെ രോഗാണുക്കളെ പ്രതീക്ഷിച്ച ഹോവാർഡ് ഹ്യൂസ് നീണ്ട നഖങ്ങളും, മുറിക്കാത്ത മുടിയുമായാണ് തന്റെ അവസാന കാലഘട്ടം ചിലവഴിച്ചത്. ഭക്ഷണം വേണ്ടരീതിയിൽ കഴിക്കുവാനാകാതെ മയക്കുമരുന്നിനടിമപ്പെട്ട് വെറും നാൽപത്തിയൊന്ന് കിലോ ഭാരവുമായാണ് ഇദ്ദേഹം മരണത്തിലേക്ക് നടന്നടുത്തത്.

ലിയാനർഡോ ഡി കാപ്രിയോ അഭിനയിച്ച ‘ദ ഏവിയേറ്റർ’ എന്ന സിനിമ ഹോവാർഡ് ഹ്യൂസിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.അമേരിക്കൻ സൈക്യാട്രിക് സൊസൈറ്റി 1994ൽ പുറത്തിറക്കുകയും 2004ൽ വിപുലപ്പെടുത്തുകയും ചെയ്ത ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസ്ഓർഡേർഡ് IV - (DSM-IV) പ്രകാരം ഫോബിയാകളെ പ്രധാനമായും മൂന്നായാണ് തരംതിരിച്ചിരിക്കുന്നത്.

സ്പെസിഫിക് ഫോബിയ (Specific phobia), സോഷ്യൽ ഫോബിയ (Social phobia), അഗോറാഫോബിയ (Agora phobia) എന്നിവയാണവ.പ്രത്യേക സാഹചര്യങ്ങളോടോ വസ്തുക്കളോടോ ഉള്ള അകാരണമായ ഭയമാണ് സ്പെസിഫിക് ഫോബിയ എന്നറിയപ്പെടുന്നത്. പാമ്പിനോടും, എട്ടുകാലിയോടുമുള്ള ഭയം, രക്തത്തോടുള്ള ഭയം, പ്രസവത്തോടുള്ള ഭയം, വിവാഹം കഴിക്കാനുള്ള ഭയം, കാറ്റിനോടുള്ള ഭയം, ശസ്ത്രക്രിയയോടുള്ള ഭീതി, ശവക്കല്ലറകളോടുള്ള ഭീതി, കുപ്പിച്ചില്ലിനോടുള്ള ഭീതി, തീയോടുള്ള ഭീതി തുടങ്ങിയവയൊക്കെ ഇതിൽപെടും.

1960 കളിലാണ് സോഷ്യൽ ഫോബിയായെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടന്നത്. വിവാഹം, മാമ്മോദിസ, ചോറൂണ് തുടങ്ങി നാലാള് കൂടുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കുവാനുള്ള ഭയം, പൊതുവേദികളിൽ സംസാരിക്കുവാനുള്ള ഭയം, ഒരു ഗ്രൂപ്പിൽ മറ്റുള്ളവരോട് ഇടപഴകുവാനുള്ള ഭയം തുടങ്ങിയവയൊക്കെ സോഷ്യൽ ഫോബിയായിൽ ഉൾപ്പെടും.

ലിഫ്റ്റ്, അടച്ചിട്ട മുറി, പൊതുപരിപാടികൾ നടക്കുന്ന മീറ്റിങ് ഹാളുകൾ തുടങ്ങി പുറത്തിറങ്ങി രക്ഷപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ അകപ്പെടുന്നതിലുള്ള ഭീതിയാണ് അഗോറാഫോബിയ. അറിയാതെ ഇത്തരം സ്ഥലങ്ങളിൽ അകപ്പെട്ടുപോയാൽ അഗോറാഫോബിയ ഉള്ള ആളുകൾ ഭയചകിതരാകും. അവരുടെ ഹൃദയമിടിപ്പ് വർധിക്കും. തലചുറ്റൽ, ഓക്കാനം, ഛർദ്ദി, വയറിളക്കം, മൂത്രശങ്ക എന്നിവ അനുഭവപ്പെടാനും സാധ്യതയുണ്ട്. സ്ത്രീകളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. സ്വന്തം വീട്ടില്‍ നിന്നും തനിയെ വെളിയിൽ ഇറങ്ങുവാൻ ഇത്തരക്കാർക്ക് ഭയമായിരിക്കും. അങ്ങിങ്ങായി പ്രവേശന കവാടങ്ങളുള്ള ചന്തപോലുള്ള സ്ഥലങ്ങളെ ഇത്തരക്കാർ ഭയക്കുന്നു. ഫോബിയായെപ്പറ്റി സിദ്ധാന്തങ്ങളും, ചികിത്സാ രീതികളും കാഴ്ചവച്ച സിഗ്മണ്ട് ഫ്രോയിഡിന് അഗോറാ ഫോബിയായുണ്ടായിരുന്നു. ഒന്നോ രണ്ടോ വാതിലുകളുള്ള ഹാളിൽ മീറ്റിങ്ങുകളിൽ പങ്കെടുക്കേണ്ടിവരുമ്പോൾ അദ്ദേഹം വിയർത്തു കുളിക്കുമായിരുന്നു.

ഇരുനൂറ്റി നാൽപതിലധികം ഫോബിയകൾ ഇന്നു കണ്ടുപിടിച്ചിട്ടുണ്ട്.സോഷ്യൽ ഫോബിയ മലയാളികളുടെയിടയിൽ കൂടുതലായി കാണപ്പെടാറുണ്ട്. അവൻ അല്ലെങ്കിൽ അവൾ നാണം കുണുങ്ങിയാണ് എന്നു പറഞ്ഞ് പൊതുവെ ഇതിനെ നിസ്സാരമാക്കി തള്ളിക്കളയുകയാണ് പതിവ്.

ബാല്യകാലഘട്ടത്തിലോ, യൗവ്വനാരംഭത്തിലോ ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ ഫോബിയയ്ക്ക് കാരണമാകാറുണ്ട്. ഹോവാർഡ് ഹ്യൂസിനെ ചെറുപ്പത്തിൽ അമ്മ രോഗാണുക്കളെക്കുറിച്ച് പറഞ്ഞ് പേടിപ്പിക്കുമായിരുന്നു. എപ്പോഴും സോപ്പുപയോഗിച്ച് കൈ കഴുകി വൃത്തിയായി നടക്കുവാൻ അമ്മ നിർബന്ധിക്കുമായിരുന്നു. രോഗാണുക്കൾ നിന്നെ ആക്രമിച്ചേക്കാം. നീ ഒട്ടും സുരക്ഷിതനല്ല എന്ന് അമ്മ ആവർത്തിച്ചാവർത്തിച്ച് ഹ്യൂസിനോട് പറയുമായിരുന്നു. പാരമ്പര്യവും ഫോബിയയ്ക്ക് ഒരു പ്രധാന കാരണമാണ്. പതിനഞ്ച് മുതൽ ഇരുപത് ശതമാനം വരെ രോഗികൾക്ക് ഫോബിയ പാരമ്പര്യമായി ലഭിക്കുന്നതാണ്.

ബിഹേവിയറൽ തെറപ്പിയുടെ ഭാഗമായി വരുന്ന സിസ്റ്റമാറ്റിക് ഡീസെൻസിറ്റൈസേഷൻ, നെഗറ്റീവ് ചിന്തകളെ നിയന്ത്രിച്ചു കൊണ്ടുള്ള കോഗ്നിറ്റീവ് തെറാപ്പി എന്നിവ ഫോബിയായെ നേരിടാനുള്ള ഫലപ്രദമായ ചികിത്സാ രീതികളാണ്. ബിഹേവിയറൽ, കോഗ്നിറ്റീവ് തെറാപ്പികൾ ഫലപ്രദമാകാത്ത കേസുകളിൽ മരുന്നുപയോഗിച്ചുള്ള ചികിത്സാരീതിയും നടത്താറുണ്ട്. നമ്മുടെ തെറ്റായ ധാരണയും കാഴ്ചപ്പാടും മാറ്റുകയാണ് കോഗ്നിറ്റീവ് തെറാപ്പിയിൽ ചെയ്യുന്നത്.

ഭക്ഷണം, ധ്യാനം, വ്യായാമം, യോഗാഭ്യാസം മുതലായവ വഴിയും ഫോബിയായെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും.

(രാജ്യാന്തര മോട്ടിവേഷണൽ സ്പീക്കറും സൈക്കോളജിസ്റ്റും വിജയപരിശീലകനും ഇരുപത്തഞ്ചോളം മോട്ടിവേഷനൽ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ ഫോൺ: 9447259402, e-mail: jskottaram@gmail.com )