സാരിയുടെ ഗരിമ വിട്ടു ഗൗണിന്റെ പുതുമയിലേക്കു ചേക്കേറുകയാണ് ഹാൻഡ് പെയിന്റിങ്. പൊതുവെ കസവു തുണിത്തരങ്ങളിലാണ് പെയിന്റിങ്ങിന് ഭംഗിയേറുന്നത്. അതുകൊണ്ടു തന്നെ ആഘോഷവേളയിൽ മ്യുറൽ, ഈജിപ്ഷ്യൻ പെയിന്റിങ് ചേർന്ന കസവു സാരികൾക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ പുതുമ തേടി ഗൗണിന്റെ മോടി കൂട്ടാനും ഹാൻഡ് പെയിന്റിങ് രംഗത്തെത്തിയിരിക്കുന്നു.
‘‘ ഗൗൺ ആണല്ലോ ചെറുപ്പക്കാരുടെ ഇഷ്ടപ്പെട്ട പാർട്ടി വേഷം. അതുകൊണ്ടാണ് ഗൗണിൽ ഹാൻഡ് പെയിന്റിങ് ശ്രമിക്കാമെന്നു ചിന്തിച്ചത്. റോ സിൽക്കിൽ ഒരുക്കിയ ഗൗണിൽ മയിൽപ്പീലിയാണ് വരച്ചുചേർത്തിട്ടുള്ളത്. ഗൗണിനു പുറമേ ജൂകോ മെറ്റീരിയലിലുള്ള ബാഗുകളിലും പെയിന്റിങ് ചെയ്യുന്നുണ്ട്.
മ്യൂറൽ, ഈജിപ്ഷ്യൻ പെയിന്റിങ്ങുകളും ഫ്ലോറൽ പെയിന്റിങ്ങും തെയ്യം ഡിസൈനും ബാഗുകളിലും ക്ല്ലച്ചസുകളിലും ചെയ്തിട്ടുണ്ട്. ഇതിന് ആവശ്യക്കാരെയുണ്ട്, ഇടപ്പിള്ളിയിലെ സാരംഗ് ബുത്തികിലെ സുബിതാ റാണി പറയുന്നു.
ട്രഡിഷനൽ വസ്ത്രങ്ങളിൽ അഴകേറുന്ന ഹാൻഡ് പെയിന്റിങ്ങുകൾ ഒരുക്കി ശ്രദ്ധേയയാണ് തിരുവനന്തപുരം ‘നവമി’യിലെ നീതു കൃഷ്ണ. കസവു സാരിക്കു പുറമേ കുട്ടികളുടെ വസ്ത്രങ്ങളിലും കുര്‍ത്തിയിലും ഹാൻഡ് പെയിന്റിങ് വ്യത്യസ്തകൾ ഒരുക്കുന്ന നീതുവും ഗൗണില്‍ പരീക്ഷണങ്ങൾ നടത്തുകയാണിപ്പോൾ.
‘‘വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഗൗണിൽ പെയിന്റ് ചെയ്തത്. പൊതുവേ ഗൗണുകളിൽ ഹാൻഡ് പെയിന്റിങ് കാണാറില്ല. പീകോക്ക് തീമിൽ ഗൗൺ ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു. ഷിമ്മറും നെറ്റും ചേരുന്ന മെറ്റീരിയലിലാണ് ഗൗൺ ഒരുക്കിയത്. ഇതിൽ ആൺ– പെൺ മയിലുകൾ വരച്ചു ചേർത്തു. താഴെ ഹാങ്ങിങ് ആയി മയിൽപ്പീലികളുമുണ്ട്. ’’, നീതു കൃഷ്ണ പറയുന്നു.