എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക്’ അടുത്തു നിന്ന സ്ത്രീ ആജ്ഞാപിച്ചപ്പോഴും യാതൊരു മടിയുമില്ലാതെ ചാക്ക് കെട്ട് ചുമലിലേറ്റി അയാൾ അകത്തേക്ക് പോയി. സെപ്റ്റംബർ ഒന്നും മുതൽ കാക്കനാട് കെബിപിഎസ് പ്രസ്സിൽ നടുവൊടിയുവരെ പണിയെടുക്കുന്ന ആ ചുമട്ടുകാരൻ ആരാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും അമ്പരന്നു. ഐ.എ.എസ് എന്ന മൂന്നക്ഷരത്തിന്റെ കനമില്ലാതെ എല്ലാം ചുമടുകളും താങ്ങിയത് കണ്ണൻ ഗോപിനാഥൻ.
പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്ന കാക്കനാട് കെബിപിഎസ് പ്രസ്സില്‍ മറ്റുള്ളവർക്കൊപ്പം കൂടിയതാണ് ഈ ഐഎഎസ് ഓഫീസർ. ദാദ്ര നഗര്‍ ഹവേലി കലക്ടറായ കണ്ണന്‍ ഗോപിനാഥൻ സ്വന്തം നാടിന്റെ ദുരിതമറിഞ്ഞപ്പോൾ സന്നദ്ധപ്രവർത്തനത്തിന് അവധിയെടുത്ത് എത്തിയതാണ്.
ജോലിയില്‍നിന്നു ലീവെടുത്ത് മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്ത ശേഷമാണ് അടുത്ത ദിവസം എറണാകുളത്ത് എത്തിയത്. ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. എന്നിട്ടും എല്ലാവരും നോക്കി നില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി.
സ്വന്തം ബാച്ചുകാരന്‍ ജില്ലാ കലക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ടു പോലും ആരെന്നു വെളിപ്പെടുത്താതെ തന്നാൽ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് കണ്ണന്‍ എറണാകുളത്ത് എത്തിയത്.
ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി മറ്റും ചുറ്റും കൂടിയെങ്കിലും കലക്ടര്‍ അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചു. 2012 ബാച്ച് ഐ.എ.എസ് കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്.