കിലുക്കത്തിലെ കിട്ടുണ്ണിയേട്ടനെപ്പോലെയായിരുന്നു ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷെയറിലെ ഡാനിയൽ പെർട്ട്. ലോട്ടറിയടിച്ചെന്നു പറഞ്ഞ് ഒരു തവണ ഭാര്യ വടിയാക്കിയതാ. ഇനിയും പറ്റിക്കാനാ ഉദ്ദേശമെങ്കിൽ നടക്കില്ല. വേല കയ്യിലിരിക്കട്ടേന്നു ഫോണിൽ കട്ടായം പറഞ്ഞു. ഒടുവിൽ ലോട്ടറിയടിച്ചതിന്റെ സ്ക്രീൻഷോട്ട് അയച്ചു കൊടുത്താണ് പ്രിയതമ ഷാർലറ്റ് ഭർത്താവിനെ വിശ്വസിപ്പിച്ചത്.
മൂന്നാഴ്ച മുൻപാണ് ഷാർലറ്റ് രണ്ടരലക്ഷം പൗണ്ടിന്റെ ലോട്ടറിയടിച്ചെന്നു പറഞ്ഞാണ് ഭർത്താവ് പെർട്ടിനെ ആശിപ്പിച്ചത്. എന്തായാലും ആ പറ്റിക്കലിനു പിന്നാലെ ഭാഗ്യം പറന്ന് ഷാർലറ്റിന്റെ അടുത്തെത്തി. ശരിക്കും ലോട്ടറി അടിച്ചു. മരപ്പണിക്കാരനാണ് പെർട്ട്. ഇരുവരും പഠിക്കുന്ന കാലത്തു തുടങ്ങിയ ഇഷ്ടമാണ്. വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി. മൂന്നു മക്കളുമുണ്ട്. ഭാര്യയും ഭർത്താവും ലോട്ടറി കമ്പക്കാരാണ്. അന്യോന്യം കളിയാക്കുന്നതിലും പറ്റിക്കുന്നതിലും മൽസരിക്കുന്നവർ.
ഓൺലൈൻ ലോട്ടറി അക്കൗണ്ടിലെ അവസാന ഒന്നരപൗണ്ട് കൊടുത്താണ് ഷാർലറ്റ് യൂറോ മില്യൻ ഹോട് പിക്സ് ലോട്ടറിയെടുത്തത്. ഒരു മില്യൻ പൗണ്ടാണ് കൂടെപ്പോന്നത്. സന്തോഷംകൊണ്ട് പെർട്ടിനെ വിളിച്ച് കാര്യം പറഞ്ഞു. തമാശ ആസ്വദിക്കാനുള്ള മൂഡിലായിരുന്നില്ല കക്ഷി. ഒരു തവണ പറ്റിച്ചതുമല്ലേ. സംസാരിക്കാൻ സാധിക്കില്ലെന്നു പറഞ്ഞു ഫോൺ വെയ്ക്കുകയും ചെയ്തു.
പിന്നീടാണ് സ്ക്രീൻ ഷോട്ട് അയച്ചുകൊടുക്കുന്നത്. അതോടെ പെർട്ടിന്റെ സംശയം മാറി. ലോട്ടറി അടിച്ചു കിട്ടിയ പണംകൊണ്ട് പുതിയൊരു വീടു വാങ്ങാനാണ് ഇവരുടെ തീരുമാനം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആകുലപ്പെടാതെ കുടുംബത്തോടൊപ്പം ഇനി കൂടുതൽ സമയം ചെലവിടാനാകുമെന്ന സന്തോഷത്തിലാണ് പെർട്ടും ഷാർലറ്റും.