ആ നീളന്‍ മുടി വെട്ടിയതിന്റെ കാരണം വെളിപ്പെടുത്തി സംവ‍ൃത

മലയാള സിനിമയിലെ നാടൻ സുന്ദരിമാരുടെ കൂട്ടത്തിലേക്കാണ് നീണ്ട്, ഇടതൂർന്ന മുടികളുമായി കണ്ണൂർക്കാരി സംവൃത എത്തിയത്. വിവാഹശേഷം സിനിമയിൽനിന്ന് ഇടവേളയെടുത്ത സംവൃത ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്നു. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ താരം വീണ്ടും മലയാളികൾക്കു മുന്നിലെത്തി. തിരിച്ചുവരവിൽ കഴുത്തൊപ്പം വെട്ടിയ മുടിയുമായാണ് താരസുന്ദരി എത്തിയത്. അതിനു പിന്നിലെ കാരണം സംവൃത തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. 

കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കു വിഗ് ഉണ്ടാക്കാന്‍ വേണ്ടിയാണ് മുടി മുറിച്ചു നല്‍കിയതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സംവൃത മനസ്സ് തുറന്നത്. സംവൃതയുടെ വീടിനു സമീപത്തായി ‘വിഗ്‌സ് ഫോര്‍ കിഡ്‌സ്’ എന്നൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കീമോ തെറാപ്പിക്കു വിധേയരാകുന്നവരും ജന്മനാ മുടി വളരാത്തവരുമായ കുട്ടികൾക്കു വിഗ് ഉണ്ടാക്കി നൽകുകയാണ് ഇൗ സംഘ‌‌ടന ചെയ്യുന്നത്.

ഒരുദിവസം ബ്യൂട്ടി പാര്‍ലറില്‍ പോയപ്പോള്‍ സംവൃതയുടെ മുടികൊണ്ട് മൂന്നു കുട്ടികള്‍ക്കു വിഗ് ഉണ്ടാക്കാമെന്നു ബ്യൂട്ടീഷൻ പറഞ്ഞു. അതറിഞ്ഞപ്പോൾ മുടി ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നീളൻ മുടിയാണിഷ്ടമെങ്കിലും നല്ലൊരു കാര്യത്തിനുവേണ്ടി മുടി മുറിച്ചു.

ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത ചിത്രത്തിലൂടെയാണ് മുടി മുറിച്ച സംവൃതയെ ആരാധകർ ആദ്യമായി കാണുന്നത്. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ സിനിമാ അരങ്ങേറ്റം.