കേരള ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വൽസലയ്ക്ക് ലഭിക്കുമ്പോൾ ഭാഗ്യം കടാക്ഷിച്ചത് പ്രസ്തുത ടിക്കറ്റ് വിറ്റ മുരളീധരനെയും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിട്ടതിന്റെ കമ്മീഷനായി ഒരു കോടി രൂപയാണ് ഇദ്ദേഹത്തെ തേടിയെത്തുക.
തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയൻ ഏജൻസിയുടെ ഭാഗമായാണ് മുരളീധരൻ ടിക്കറ്റ് വിറ്റത്. ലോട്ടറി വിൽപന തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ആദ്യമായാണ് ഇത്ര വലിയൊരു തുക താൻ വിറ്റ ടിക്കറ്റിനു സമ്മാനമായി ലഭിക്കുന്നതെന്ന് മുരളീധരൻ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വത്സല മുരളീധരനിൽ നിന്നു ഭാഗ്യക്കുറി ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. വിളപ്പുംകാൽ എന്ന സ്ഥലത്തു വച്ചാണ് സമ്മാനാർഹമായ ടിക്കറ്റ് വത്സല വാങ്ങിയത്.
‘‘കമ്മീഷനായി ഇത്രയും വലിയൊരു തുക ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. തുക ലഭിക്കാൻ മൂന്നുമാസം എടുക്കും എന്നാണ് അറിഞ്ഞത്. ആ പണം എന്തിനുവേണ്ടി ഉപയോഗിക്കണമെന്നു ഇപ്പോൾ തീരുമാനിച്ചിട്ടില്ല’’– മുരളീധരൻ പറഞ്ഞു.
10 സീരിസുകളിലായി ആകെ 45 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 43.11 ലക്ഷം ടിക്കറ്റുകൾ വിറ്റു. ടിക്കറ്റ് വില 250 രൂപയായിരുന്നു.