30 മണിക്കൂർ ശവപ്പെട്ടിയിൽ കിടക്കാമോ? വ്യത്യസ്ത ചലഞ്ചുമായി വാട്ടർ തീം പാർക്ക്

ടെക്സസിലെ സിക്സ് ഫ്ലാഗ് വാട്ടർ തീം പാർക്ക് എല്ലാ വർഷവും ‘ഫ്രൈറ്റ് ഫെസ്റ്റ്’ നടത്തും. ഭയപ്പെടുത്തുന്ന തീമുകളും റൈഡുകളുമാണ് ഇൗ ആഘോഷത്തോടനുബന്ധിച്ചു തീം പാർക്ക് ഒരുക്കുക. പേടിക്കേണ്ടവർക്ക് ഇവിടേക്കു വരാം. ഇത്തവണയും തീം പാർക്കിൽ ‘ഫ്രൈറ്റ് ഫെസ്റ്റ്’ നടക്കുന്നുണ്ട്. എന്നാൽ ഇതോടൊപ്പം പുതിയൊരു ചാലഞ്ചിനു തീം പാർക്ക് തുടക്കമിട്ടു. ‘ശവപ്പെട്ടി ചലഞ്ച്’

ചലഞ്ച് ഏറ്റെടുക്കുന്നവർ 30 മണിക്കൂര്‍ ഒറ്റയ്ക്ക് ശവപ്പെട്ടിക്കുള്ളിൽ കിടക്കണം. രണ്ടടി വീതിയും ഏഴടി നീളവുമുള്ള ശവപ്പെട്ടിയാണ് തയാറാക്കിയിരിക്കുന്നത്. ഒക്ടോബർ 12  ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മത്സരം 13 രാത്രി ഏഴു മണിക്കായിരിക്കും അവസാനിക്കുക. ആറ് പേരെയാണ് മത്സരത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കുക. 

മത്സരാർഥികൾക്ക് പാര്‍ക്കിനുള്ളിലേക്ക് ഒരു സുഹൃത്തിനെയും കൊണ്ടുവരാം. എന്നാൽ മത്സരസമയത്ത് മറ്റാരും ശവപ്പെട്ടിയുടെ പരിസരത്ത് ഉണ്ടാകാൻ പാടില്ല. ഓരോ മണിക്കൂർ കൂടുമ്പോഴും പ്രാഥമിക ആവശ്യങ്ങൾക്കായി  ആറു മിനിറ്റ് ഇടവേളയുണ്ട്. ബാക്കി സമയം മുഴുവന്‍ മത്സരാർഥി ശവപ്പെട്ടിക്കുള്ളിൽ ഉണ്ടാകണം. വേണമെങ്കിൽ തലയിണയും പുതപ്പും കൊണ്ടുവരാം, ഫോണും ഉപയോഗിക്കാം. 18 വയസ്സ് കഴിഞ്ഞവർക്കു മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 

300 ഡോളറും 2019 ഗോൾഡ് സീസണിലേക്കുള്ള രണ്ട് പാസുകളും ഫ്രീക്ക് ട്രെയിലേക്കും ഗോസ്റ്റ് ഹൗസിലേക്കുമുള്ള സൗജന്യ ടിക്കറ്റുകളുമാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ശവപ്പെട്ടി വീട്ടിലേക്കു കൊടുത്തുവിടുകയും ചെയ്യും.

സംഗതി സിംപിളാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ സുഖമായി കിടന്നുറങ്ങണമെന്നും കാമുകിയുമായി ചാറ്റ് ചെയ്യണമെ‌ന്നും നിര്‍ദേശക്കുന്നവരുണ്ട്. എന്നാൽ 30 മണിക്കൂർ ഏകാന്തമായി കഴിയുക എളുപ്പമാവില്ലെന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ, പ്രത്യേകിച്ചും തീം പാർക്കിലെ ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിൽ.