സോഷ്യൽ മീഡിയ തേടിയ ആ ആനയും പാപ്പാനും ഇവരാണ്!

ബാസ്റ്റിൻ വിനയസുന്ദറിനൊപ്പം ശ്രീകുമാർ

അല്ലിയിളം പൂവോ... ഇല്ലിമുളം തേനോ... ഒരു താരാട്ട് മൂളുന്ന വാത്സല്യത്തോടെ അയാൾ പാട്ടുപാടുമ്പോൾ, യാതൊരു ഗർവും കൂടാതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ആ ഗാനം ആസ്വദിച്ചു കിടക്കുകയാണ് ആ ഗജവീരൻ. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയമായ ആ വിഡിയോയിലെ ആനയെയും പാപ്പാനെയും തേടി അലയുകയായിരുന്നു സൈബർ ലോകം. തൃശൂർ പെരുമ്പുള്ളിശ്ശേരിയിലുള്ള ബാസ്റ്റ്യൻ വിനയസുന്ദർ എന്ന ആനയും പാപ്പാനായ തൃശൂർ നന്ദിക്കര സ്വദേശി ശ്രീകുമാറുമായിരുന്നു വൈറലായ ആ വിഡിയോയിലെ താരങ്ങൾ.  

ആനപ്രേമം മൂത്ത് പാട്ടുകാരൻ പാപ്പാനായ കഥയാണ് ശ്രീകുമാറിന്റേത്. ഗാനമേളകളിൽ ഗായകനായ ശ്രീകുമാറിന് ചെറുപ്പം മുതലേ ആനകൾ എന്നാൽ ഭ്രാന്താണ്. തൃശൂർകാരുടെ ആനപ്രേമത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗാനമേളകളും മിമിക്രിയും ഒക്കെയായി ഉത്സവപ്പറമ്പുകളിൽ ശ്രീകുമാർ സജീവമാകുന്ന അതെ അവസരത്തിൽ പൂരങ്ങൾ കൊഴുപ്പിക്കാൻ കരിവീരന്മാരും ഉണ്ടാകും. അങ്ങനെ പൂരപ്പറമ്പിൽ ആനകളോട് അടുത്ത് ഇടപെഴുകിയ പരിചയമാണ് ശ്രീകുമാറിനെ വിനയസുന്ദറിന്റെ അടുത്ത് എത്തിക്കുന്നത്. 

പാപ്പാൻ പണി പഠിച്ചത് കുഞ്ഞന് വേണ്ടി 

മൂന്നര നാല് വർഷം മുൻപാണ് ഗായകനും മിമിക്രി കലാകാരനുമായ ശ്രീകുമാർ, പെരുമ്പുള്ളിശ്ശേരി ആന്റണിയുടെ ആനയായ ബാസ്റ്റ്യൻ വിനയസുന്ദറിനെ അടുത്തറിയുന്നത്. ഇത്രയും ശാന്തസ്വരൂപമായ ആനയെ താൻ വേറെ കണ്ടിട്ടില്ല എന്നു ശ്രീകുമാർ പറയുന്നു. വിനയസുന്ദറുമായി ശ്രീകുമാർ വളരെ വേഗത്തിൽ അടുത്തു. കുഞ്ഞൻ എന്നാണ് ശ്രീകുമാർ വിനയസുന്ദറിനെ വിളിക്കുന്നത്. ആനയെ പിരിയാനാവാതെ വന്നപ്പോഴാണ് തന്നെ പാപ്പാനാക്കാൻ സാധിക്കുമോ എന്നു ശ്രീകുമാർ ആന്റണിയോടു ചോദിക്കുന്നത്. 

ബാസ്റ്റിൻ വിനയസുന്ദറിന്റെ ഉടമ ആന്റണി, ഒന്നാം പാപ്പാൻ ബിജു, ശ്രീകുമാർ

ശ്രീകുമാറിന് കുഞ്ഞനോടുള്ള വാത്സല്യം മനസിലാക്കിയ ആന്റണിയും ഒന്നാം പാപ്പാൻ ബിജുവും ചേർന്നു ശ്രീകുമാറിനെ ആനപ്പണി പഠിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ കുഞ്ഞന്റെ പപ്പനാകുവാനുള്ള ഭാഗ്യം ശ്രീകുമാറിന് ലഭിച്ചു. ഗാനമേളകളും മിമിക്രി പരിപാടികളും ഇല്ലാത്ത ദിവസങ്ങളിൽ  ശ്രീകുമാർ കുഞ്ഞന്റെ കൂടെയുണ്ടാകും. 

കുളിക്കും മുൻപ് ഒരു പാട്ടു കേൾക്കണം അവന് 

എല്ലാ ദിവസവും കുളിപ്പിക്കാനായി കൊണ്ടു പോകുന്നതിനു മുൻപായി ഓരോ പാട്ടു വീതം ആനക്ക് പാടിക്കൊടുക്കുക എന്നത് ശ്രീകുമാറിന്റെ വർഷങ്ങളായുള്ള ശീലമാണ്. വിനയസുന്ദറാണെങ്കിൽ ആ വിഡിയോയിൽ കണ്ട പോലെ പാട്ടുകേട്ടു രസിച്ചങ്ങനെ കിടക്കും. അതു കഴിഞ്ഞു മാത്രമേ കക്ഷിക്കു നീരാട്ടുള്ളൂ. ശാന്തസ്വരൂപത്തിനു പേരുകേട്ട കൊമ്പനാണ് ബാസ്റ്റ്യൻ വിനയസുന്ദർ. ഇപ്പോൾ തന്നെ, കക്ഷി മദപ്പാടിലാണ്. സാധാരണ ആനകൾ മദപ്പാടു സമയത്ത് ആരെയും അടുത്തേക്ക് അടുപ്പിക്കാറില്ല. എന്നാൽ നീരിൽ നിൽക്കുന്ന അവസ്ഥയിലാണ് മകനെ പോലെ സ്നേഹിച്ച് തന്റെ കുഞ്ഞന് ശ്രീകുമാർ പാട്ടുപാടിക്കൊടുക്കുന്നത്.

കാണാൻ വരുമ്പോൾ ഭക്ഷണപ്പൊതി നിർബന്ധം 

താനും ആനയും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമാണ് എന്നു ശ്രീകുമാർ പറയുന്നു. വയറു നിറയെ പട്ട കഴിച്ചിട്ടാണ് നിൽക്കുന്നത് എങ്കിലും താൻ അടുത്തേക്ക് ചെല്ലുമ്പോൾ കയ്യിൽ കുഞ്ഞന് വേണ്ടി പ്രത്യേക പലഹാരമെന്തെങ്കിലും കരുതിയിരിക്കണം. ഇല്ലെങ്കിൽ കുഞ്ഞൻ പിണങ്ങും. അതിനാൽ വിനയസുന്ദറിന് ഇഷ്ടപ്പെട്ട കരിമ്പ്, ടൈഗർ ബിസ്കറ്റ്, ജിലേബി തുടങ്ങിയ സാധനങ്ങളുമായാണ് ശ്രീകുമാർ ചെല്ലാറുള്ളത്. അതു കിട്ടിയാൽ പിന്നെ ആള് ഹാപ്പി.

ആനച്ചോറ് കൊലച്ചോറല്ല, കുലച്ചോറ്‌

ആനച്ചോറ് കൊലച്ചോറ്‌ എന്നൊരു ചൊല്ല് നാടാകെ പരന്നു കേൾക്കാം. എന്നാൽ അങ്ങനെയല്ല ആനച്ചോറ് കുലച്ചോറാണ്, ഒരു കുലത്തെ അല്ലെങ്കിൽ വംശത്തെ നിലനിർത്തുന്നതിനായുള്ള വരുമാനമാണ് ആന നൽകുന്നത് എന്നാണ് ഇതിന്റെ അർഥമെന്ന് ശ്രീകുമാർ പറയുന്നു. സ്നേഹിച്ചാൽ തിരിച്ചും അതുപോലെ തന്നെ സ്നേഹിക്കുന്ന വർഗമാണ് ആനകളെന്ന് ശ്രീകുമാർ കൂട്ടിച്ചേർക്കുന്നു.