Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ മുഖങ്ങൾ എന്നെ വേട്ടയാടി’: നന്മ വിശേഷങ്ങളുമായി ഫിറോസ് കുന്നംപറമ്പിൽ

firos-kunnamparambil-social-worker-interview

ഫിറോസ് കുന്നംപറമ്പിൽ, സോഷ്യൽ മീഡിയയിൽ സജീവമായ ആളുകൾ ഒരിക്കലെങ്കിലും ഈ പേര് കേട്ടിരിക്കും. ജീവിക്കാൻ മാർഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളിൽ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂർവരോഗം ബാധിച്ച ആലുവ സ്വദേശിയായ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും ഉൾപ്പടെ സഹായം ആവശ്യമുള്ള പലരേയും മലയാളികൾ അറിഞ്ഞത് പാലക്കാട് സ്വദേശിയായ ഫിറോസ് കുന്നുംപറമ്പിലിലൂടെയായിരുന്നു.

സാമൂഹ്യ സേവനത്തിന്റെ ഉദാത്തമാതൃകയായ ഈ വ്യക്തി സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗിച്ചു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്. അപൂർവ രോഗം ബാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് സുമനസുകളിൽ നിന്നു സഹായമെത്തിച്ചാണ് ഫിറോസ് ജനമനസുകളിൽ ഇടം പിടിച്ചത്. മൂന്നേകാൽ ലക്ഷത്തോളം ആളുകൾ ഇദ്ദേഹത്തെ ഫെയ്സ്ബുക്കിൽ പിന്തുടരുന്നു.

തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫിറോസ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ആയിക്കണക്കിന് ആളുകളെയാണ്. സമൂഹമാധ്യമങ്ങൾ വഴി ഏറെ തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് ഫിറോസിനൊപ്പം നിൽക്കാൻ ആളുകൾ തയാറാവുന്നത് പ്രവർത്തനങ്ങളിലെ ആത്മാർഥതയും സുതാര്യതയും കൊണ്ടാണ്. പാലക്കാട് ആലത്തൂർ സ്വദേശിയായ ഫിറോസ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായത് ഏകദേശം രണ്ടര വർഷം മുൻപാണ്. ആ കഥ ഫിറോസിന്റെ വാക്കുകളിലൂടെ.

ആ രോഗിയുടെ ദയനീയത

ആലത്തൂരിൽ സ്വന്തമായി ഒരു മൊബൈൽ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി ഒരു സാധാരണക്കാരനായി കഴിഞ്ഞിരുന്ന വ്യക്തിയാണ് ഞാൻ. വലിയ വരുമാനമൊന്നും ഇല്ല. ഉള്ളതുകൊണ്ട് വളരെ തൃപ്തിയോടെ ഞങ്ങൾ കഴിഞ്ഞു. അങ്ങനെയിരിക്കെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങി ആലത്തൂർ ടൗണിലൂടെ വന്നിരുന്ന എനിക്കു നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു വന്നു. ആ പ്രദേശത്തുണ്ടായിരുന്ന അനാഥനായ, ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടിയ ആ വ്യക്തിയുടെ ദയനീയമായ മുഖം എന്നെ വല്ലാതെ വേദനിപ്പിച്ചു.

വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം ഞാൻ അയാൾക്കു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി ഭക്ഷണം ആവശ്യപ്പെട്ട് എന്റെ അരികിലെത്തി. അന്നു രാത്രി എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. ഭക്ഷണത്തിനായി യാചിക്കേണ്ടി വരുന്നവരുടെ മുഖങ്ങൾ എന്നെ വേട്ടയാടി. ഇത്തരത്തിലുള്ളവരുടെ വിശപ്പകറ്റാൻ ആവുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണം എന്ന ചിന്ത ഉണ്ടായി. തൊട്ടടുത്ത ദിവസം ആലത്തൂരിൽ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഞാൻ തയാറാക്കി. എൺപതോളം പേര്‍ അതിൽ ഉൾപ്പെടുമായിരുന്നു. അത്രയധികം ആളുകൾ ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നുണ്ട് എന്നത് എനിക്ക് ഒരു വലിയ ഞെട്ടൽ ആയിരുന്നു.

സഹായമായി ആലത്തൂരിലെ ഹോട്ടലുടമകൾ 

ഇത്രയേറെ ആളുകൾക്കു ഭക്ഷണം നൽകാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ലായിരുന്നു. മാത്രമല്ല അതു സ്ഥിരമായി നിലനിർത്തുകയും വേണമല്ലോ. അതിനാൽ ഞാൻ ആ ലിസ്റ്റുമായി ആലത്തൂരിലെ ഹോട്ടലുകൾ കയറിയിറങ്ങി. ഹോട്ടലുടമകളോടു കാര്യം പറഞ്ഞപ്പോൾ അവർ സഹായിക്കാം എന്നു സമ്മതിച്ചു. ഇതുപ്രകാരം ദിവസം നാലും അഞ്ചും പൊതി ഭക്ഷണം ഓരോ ഹോട്ടലുകാരും നൽകി. രാത്രി കാലങ്ങളിൽ ഞാൻ അതു ശേഖരിച്ച് ആവശ്യക്കാർക്കു വിതരണം ചെയ്തു. 

ആലത്തൂരിലെ കാര്യങ്ങൾ നിയന്ത്രണവിധേയമായപ്പോൾ പ്രവർത്തനങ്ങൾ പാലക്കാട്ടേക്കു വ്യാപിപ്പിച്ചു. അവിടെയും ഇതുപോലെ തന്നെ ഹോട്ടലുടമകളുടെ സഹായം തേടുകയാണുണ്ടായത്. പിന്നീട് തൃശൂർ ജില്ലയിൽ 50 പേർക്ക് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഏർപ്പാട് ചെയ്തു. ഇത്തരത്തിൽ സുമനസുകളുടെ സഹായം കൊണ്ടു നിരവധിപ്പേർക്ക് ഇന്നും മുടക്കമില്ലാതെ അന്നം ലഭിക്കുന്നു.

സജീവമായ ലൈവുകൾ  

ഒന്നരവർഷം മുൻപാണ് സമൂഹമാധ്യമത്തിൽ ലൈവ് ആരംഭിക്കുന്നത്. പാലക്കാട് എന്റെ വീടിനടുത്ത്, താമസിക്കാൻ വീടോ ജീവിക്കാൻ വരുമാനമോ ഇല്ലാതെ കഷ്ടപ്പെട്ട ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും വാർത്ത ഞാൻ പലരുമായി പങ്കുെവച്ചിരുന്നു. എന്നാൽ ആരും തന്നെ അവരെ ഏറ്റെടുക്കാൻ മുന്നോട്ടു വന്നില്ല. ഒടുവിൽ ഞാൻ തന്നെ ആ കുടുംബത്തെ ഏറ്റെടുത്തു. കുട്ടികളെ അടുത്തുള്ള സ്‌കൂളിൽ പഠിക്കാൻ ചേർത്തി. അതിനുശേഷം അവരുടെ അവസ്ഥകൾ വിവരിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ ഒരു ലൈവ് ചെയ്തു. സ്വന്തമായി കിടക്കാൻ ഒരു കിടപ്പാടം എന്നതായിരുന്നു അവരുടെ ആവശ്യം. ലൈവ് വിഡിയോ വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ വീട് നിർമിക്കാനുള്ള പണം അക്കൗണ്ടിലേക്ക് എത്തി. പിന്നീടാണ് കൂടുതൽ ആളുകൾ എന്റെ സുഹൃത്തുക്കളാകുകയും വിദേശമലയാളികളിൽനിന്ന് സഹായങ്ങൾ ലഭിക്കുകയും ചെയ്തത്.

200ൽ പരം ലൈവുകൾ, നൂറുകണക്കിന് ആളുകൾക്ക് സഹായം

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 200ൽ പരം ലൈവുകൾ ഞാൻ ചെയ്തു. അതിലൂടെ നൂറുകണക്കിന് ആളുകൾക്ക് വൈദ്യ സഹായവും സാമ്പത്തിക സഹായവുമൊക്കെ ലഭിച്ചു. തൃശൂർ, പാലക്കാട് ജില്ലകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ധാരാളം സമ്പന്നരായ ആളുകൾ പാവങ്ങളെ സഹായിക്കാൻ സന്നദ്ധരാണ്. കൃത്യമായി എത്തേണ്ടവരിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. ഞാൻ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പ്രതിദിനം 600ലേറെ ആളുകൾ സഹായാം അഭ്യർഥിക്കുന്നുണ്ട്. എന്നാൽ കൃത്യമായി പഠിച്ചശേഷം മാത്രമാണ് അവർക്കു സഹായത്തിനു അർഹതയുണ്ടോ എന്നു തീരുമാനിക്കുന്നത്. പലസ്ഥലങ്ങളിലും നേരിട്ടു പോയി കാര്യങ്ങൾ അന്വേഷിച്ച ശേഷമായിരിക്കും ലൈവിലൂടെ വിവരം പങ്കുവെയ്ക്കുക. 

firos-kunnamparambil (2)

ഓരോ കേസും ഫോളോ അപ് ചെയ്യും

ഒരാൾ സഹായം ആവശ്യപ്പെട്ടാൽ ഉടനടി അതു ചെയ്യുകയാണ് രീതി. ആദ്യം സത്യാവസ്ഥ മനസിലാക്കും. പിന്നീട് അവർക്കുവേണ്ടി സഹായാഭ്യർത്ഥന. ചികിത്സയ്ക്കും വീട് വയ്ക്കാനുമൊക്കെ ആവശ്യമായ പണം അവരുടെ ബാങ്ക് അകൗണ്ടിൽ വന്നു എന്ന് ഉറപ്പായാൽ അകൗണ്ട് ക്ളോസ് ചെയ്യും. ചികിത്സ പുരോഗതിയും മറ്റു കാര്യങ്ങളും തുടർന്നും അന്വേഷിക്കാറുണ്ട്. 

ഓട്ടിസം ബാധിച്ച ആ കുഞ്ഞ്

ഓട്ടിസം ബാധിച്ചതിനെ തുടർന്ന് അമ്മ കെട്ടിയിട്ടിരുന്ന ശ്രീലക്ഷ്മിയുടെ ചികിത്സ ഇപ്പോൾ ചെന്നൈയിലാണ് നടക്കുന്നത്. അവരുടെ വീടിന്റെ പണി ഏകദേശം പൂർത്തിയാവാറായി. 

ഞാൻ രാഷ്ട്രീയപ്രവർത്തകനല്ല 

വെള്ള വസ്ത്രം ധരിക്കുന്നതിനാൽ പൊതുവെയുള്ള ഒരു സംശയമാണ് ഞാൻ രാഷ്ട്രീയക്കാരൻ ആണോ എന്നത്. എന്നാൽ അങ്ങനെയല്ല. വെള്ള വസ്ത്രം ചെറുപ്പം മുതൽ ശീലിച്ചതാണ് .ഒരു മൊബൈൽ ഷോപ് ആണ് എന്റെ വരുമാനമാർഗം. കുടുംബാംഗങ്ങളിൽ നിന്നു  മികച്ച പിന്തുണയാണ് ലഭിക്കുന്നത്, അവരാണ് എന്റെ ബലം.

related stories