മോഷണക്കുറ്റത്തിന് എറണാകുളം സൗത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ഹേമ എന്ന ഭിന്നലിംഗക്കാരിയായ യുവതിയോട് പൊലീസ് പെരുമാറുന്നത് മനുഷ്യത്വരഹിതമായി എന്ന് ആരോപണം. അഞ്ചു ദിവസങ്ങളായി ജയിലിൽ കഴിയുന്ന ഹേമ നേരിടുന്നത് കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ. ഹേമയെ സന്ദർശിക്കുന്നതിനായി എറണാകുളം ജയിലിലെത്തിയപ്പോൾ ഹേമ വെളിപ്പെടുത്തിയ കാര്യങ്ങൾ സുഹൃത്ത് ഫൈസൽ പങ്കുവയ്ക്കുന്നു.
''അഞ്ചു ദിവസങ്ങൾക്ക് മുൻപ് മോഷണക്കുറ്റം ആരോപിച്ചാണ് ഹേമയെ എറണാകുളം സൗത്തിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയില്ല. രാത്രി പത്തു മുതൽ രാവിലെ ഏഴു വരെ പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു. ജാമ്യത്തിലെടുക്കാനും കാണുവാനുമായി ഞങ്ങൾ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. സ്റ്റേഷന്റെ പുറത്തു നിൽക്കാനാണ് പൊലീസ് ഞങ്ങളോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഹേമയെ എറണാകുളം സബ്ജയിലിൽ പാർപ്പിച്ചിരിക്കുന്നു എന്ന് അറിഞ്ഞത്. ഇതറിഞ്ഞ് കാണാനെത്തിയപ്പോഴാണ് ഹേമ പൊലീസിന്റെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞത്.
എറണാകുളം സബ്ജയിലിൽ പാർപ്പിച്ചിരിക്കുന്ന ഹേമയുടെ ചുരിദാർ വലിച്ചുകീറി നിർബന്ധിച്ചു മുണ്ടും ഷർട്ടും ധരിപ്പിക്കുകയും മുതുകിൽ കൈമുട്ടുകൊണ്ട് ഇടിക്കുകയും ചെയ്തു. ഇടയ്ക്കിടെ ക്യാമറയില്ലാത്ത ഭാഗത്തുകൊണ്ടു പോയി മുതുകത്ത് ഇടിക്കുകയും തൊഴിക്കുകയും ജയിൽ അധികൃതർ നിരന്തരം ഹേമയെ അധിക്ഷേപിക്കുകയും ചെയ്തു – ഫൈസൽ പറയുന്നു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതു തെളിയിക്കണം, വ്യക്തിഹത്യ ചെയ്യുകയല്ല വേണ്ടത്. ഭിന്നലിംഗകാർക്കു പൊലീസിൽനിന്ന് ഇത്തരം അനുഭവം മുൻപും ഉണ്ടായിട്ടുണ്ട്. പ്രശ്നങ്ങൾക്കൊന്നും നിൽക്കാത്ത സാധുവാണ് ഹേമ. ഈ കേസ് നൽകിയ റിജോ എന്ന യുവാവിനെപ്പറ്റി ഞങ്ങൾ അന്വേഷിച്ചു. ട്രാൻസ്ജെൻഡേഴ്സിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് മുൻപും അവനെ ഞങ്ങൾ പോലീസിൽ ഏൽപിച്ചിട്ടുണ്ട്.
ഹേമയുടെ വിവരം ട്രാൻസ്‌ജെൻഡർ സെൽ തിരക്കിയപ്പോൾ ജയിൽ സുപ്രണ്ട് മോശമായാണ് പ്രതികരിച്ചത്. വസ്ത്രം വലിച്ചുകീറി പരിശോധിക്കുന്നത് ഇവിടത്തെ രീതിയാണെന്നും സംസാരിക്കാൻ താല്പര്യമില്ലെന്നുമാണ് നിലപാട്. ജയിലിൽ വെൽഫെയർ ഓഫീസർ ഇല്ലെന്ന് സൂപ്രണ്ട് പറഞ്ഞതായും സംസ്‌ഥാന ട്രാൻസ്‌ജെൻഡർ സെൽ ഓഫീസർ ശ്യാമ.എസ്.പ്രഭ അറിയിച്ചു. നിലവിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി വിയൂർ സെൻട്രൽ ജയിലിൽ സ്പെഷൽ സെൽ ഉള്ളപ്പോഴാണ് എറണാകുളം സബ്ജയിലിൽ ഹേമയെ പാർപ്പിച്ചിരിക്കുന്നത്.