ഇന്ത്യക്കാര്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു ശീലം അല്ലെങ്കിൽ, പലശീലങ്ങളിൽ ഒന്ന്. പൊതു ഇടങ്ങളിൽ നീട്ടി തുപ്പുക. രാജ്യത്ത് പല ബസ് സ്റ്റാന്‍ഡുകളും റെയിൽവേ സ്റ്റേഷനുകളും റോഡരികുകളും ഈ ശീലം കാരണം വൃത്തിഹീനമായി കിടക്കുന്നു. എന്തായാലും ഈ ശീലത്തിന് പൂട്ടിടാൻ തീരുമാനിച്ചിരിക്കുകയയാണ് പുണെ മുനിസിപ്പാലിറ്റി.
പൊതുസ്ഥത്ത് തുപ്പുന്നവരെ കൊണ്ട് വൃത്തിയാക്കിക്കാനും കൂടാതെ 100 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. ഒരു വാർഡ് ഓഫീസറുടെ നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കുന്നത്. പുതിയ ശിക്ഷാരീതി നടപ്പിലാക്കിയതിനു ശേഷം ഇതുവരെ 25 പേരാണ് പൊതുസ്ഥലത്ത് തുപ്പിയതിന് നടപടി നേരിട്ടത്.
‘‘ഇത് കുറച്ച് കാഠിന്യം കൂടിയ ശിക്ഷാ രീതിയാണെന്ന് അറിയാം. എന്നാൽ അടുത്ത തവണ റോഡിൽ തുപ്പുന്നതിനു മുൻപ് ഇവർ ഒരിക്കൽ കൂടി ആലോചിക്കും. പണം പിഴയായി ഈടാക്കുന്നത് വേണ്ട രീതിയിൽ പ്രയോജനപ്പെടുന്നില്ലെന്ന് ഞങ്ങൾക്കു മനസ്സിലായി. എന്നാൽ സ്വയം വൃത്തിയാക്കൽ എന്ന പാഠം ജീവിതകാലം മുഴുവൻ ഓർത്തിരിക്കും. ഇത്തരത്തിലുള്ള വ്യത്യസ്തമായ സമീപനമാണ് ഈ ക്യാംപെയ്ന്റെ വിജയം’’– വാർഡ് ഓഫീസർ അവിനേഷ് സാക്പാൽ പറയുന്നു.
ജനങ്ങളിലെത്താനും അവരുടെ മുന്നേറ്റമായി ഇതിനെ മാറ്റാനുമാണ് ശ്രമിക്കുന്നതെന്നു പുനെ മുനിസിപ്പൽ കമ്മിഷണർ സൗരഭ് റാവു വ്യക്തമാക്കി. ജനങ്ങളിൽനിന്നു മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും പൂനെ നഗരത്തെ വൃത്തിയാക്കാനും കൂടുതൽ നടപടികളലേക്കു കടക്കുകയാണെന്നും റാവു പറഞ്ഞു.