മഴവിൽ മനോരമയിലെ തകർപ്പൻ കോമഡിയിലൂടെയാണ് ഡെയ്ൻ ഡേവിസ് മിനിസ്ക്രീനിലെത്തുന്നത്. പ്രേക്ഷകരുടെ പ്രിയതാരമായ മാറിയ ഡെയ്ൻ ആ ഷോയിലെ ജേതാവായി. പിന്നീട് നായികാ നായകൻ റിയാലിറ്റി ഷോയുടെ അവതാരകനായാണ് ഈ തൃശൂർകാരൻ പ്രേക്ഷകരുടെ മനസ്സ് കവർന്നത്.
അവതാരകനായി പ്രേക്ഷകരെ ചിരിപ്പിച്ചു, മത്സരാർഥികൾക്കൊപ്പം പ്രകടനം, ചാക്കോച്ചനുമായുള്ള രസകരമായ വഴക്കുകൾ. ഡെയ്നിൽ നിന്ന് ഡിഡിയിലേക്കുള്ള മാറ്റം. ഡിഡിയെ കാണാൻ വേണ്ടിയാണ് ഷോ കാണുന്നതെന്നും ഡിഡിയെ കളിയാക്കിയാൽ സഹിക്കില്ലെന്നും പറഞ്ഞ പ്രേക്ഷകരുണ്ട്. ഷോ അവസാനത്തോട് അടുക്കുമ്പോൾ ഡിഡിയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും കമന്റുകളെത്തി. അങ്ങനെ ആദ്യമായി അവതാരക വേഷത്തിലെത്തി ഡെയ്ൻ കയ്യടി നേടി. ഏറെ ആശങ്കപ്പെട്ടും ചിന്തിച്ചുമാണ് നായികാ നായകൻ അവതാരകനായത്. ഷോ നൽകിയ അനുഭവവും പുതിയ പാഠങ്ങളും സ്വപ്നങ്ങളും പങ്കുവെയ്കുകയാണ് ഡെയ്ൻ.
അവതാരക വേഷത്തിൽ
ആദ്യമായിട്ടാണ് അവതാരകനായി ഒരു പരിപാടിയിൽ. മനോരമയിൽ മത്സരാർഥിയായാണ് വന്നത്. അതിൽനിന്നു സ്ഥാനകയറ്റം പോലെ കിട്ടിയ അവസരമാണിത്. ആദ്യം ഭയങ്കര ടെൻഷൻ ആയിരുന്നു. എന്നെകൊണ്ട് പറ്റുമോ എന്ന സംശയം. ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ നിർത്തി പോയാലോ എന്നൊക്കെ തോന്നിയതാണ്. കാരണം മൂന്ന് എപ്പിസോഡൊക്കെ തുടർച്ചയായിനിന്നു സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പരിപാടി തുടങ്ങിയപ്പോൾ നല്ല പ്രതികരണം ലഭിച്ചു തുടങ്ങിയതോടെ ആത്മവിശ്വാസം വർധിച്ചു.
മറ്റൊരു പേടി മത്സരത്തിന്റെ വിധികർത്താക്കളെ സംബന്ധിച്ചായിരുന്നു. അത്രയധികം ബഹുമാനിക്കുന്ന വ്യക്തികളാണ് മുൻപിലിരിക്കുന്നത്. അവതരണത്തിനിടയിൽ പറയുന്നതെന്തെങ്കിലും അവരെ വേദനിപ്പിക്കുമോ, കൈവിട്ടു പോകുമോ എന്നൊക്കെയായിരുന്നു ഭയം. കോമഡി ഷോയിൽ ജഡ്ജസിനെ സ്കിറ്റിലെ ഒരു കഥാപാത്രമായി കണ്ടാണ് കളിയാക്കലും കമന്റടിക്കലുമൊക്കെ നടത്തിയിരുന്നത്. പക്ഷേ റിയാലിറ്റി ഷോയിൽ അങ്ങനെ ആവില്ലല്ലോ. എന്തായാലും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം. വലിയ കുഴപ്പങ്ങളില്ലാതെ ചെയ്യാൻ സാധിച്ചുവെന്നാണ് വിശ്വാസം.
തേടിയെത്തിയ അവസരം
കോമഡി സർക്കസിന്റെ പ്രൊഡ്യൂസർ ആയിരുന്ന അർജുൻ ചേട്ടൻ വിളിച്ച് ഒരു ഷോയുടെ കാര്യം പറയാനുണ്ടെന്നും കാണണമെന്നും പറഞ്ഞു. നായികാ നായകന്റെ പ്രൊഡ്യൂസർ എബി ചേട്ടൻ അവിടെ ഉണ്ടായിരുന്നു. അവതാരകനവാൻ ആത്മവിശ്വാസമുണ്ടോ എന്നു ചോദിച്ചു, ഇല്ല എന്നാണ് ഞാൻ മറുപടി പറഞ്ഞത്. കാരണം എനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ല. മറ്റൊന്ന് ഞാൻ സംസാരിക്കുമ്പോൾ വെള്ളി വീഴും. എനിക്കു തന്നെ എന്നെ ഒരു അവതാരകനായി സങ്കല്പിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകർ അംഗീകരിക്കുമെന്ന് തോന്നിയില്ല.
കോളജിൽ യൂണിയൻ ആർട്സ് സെക്രട്ടറി ആയിരുന്നു. അന്ന് പരിപാടികൾക്കിടയിലുള്ള സമയം ബോറടിക്കാതിരിക്കാൻ ഞാൻ കയറി സംസാരിക്കും. പക്ഷേ അതൊക്കെ വൻതോൽവി ആയിരുന്നു. തെറ്റും, വെള്ളി വീഴും, പലരും കളിയാക്കും എന്നൊക്കെ ചിന്തിച്ച് ഒരു അവതാരകന്‍ എന്താണോ അതിന്റെ നേരെ എതിർവശത്തായിരുന്നു ഞാൻ. അതുകൊണ്ട് എനിക്ക് പറ്റില്ലെന്ന് എബി ചേട്ടനോട് പറഞ്ഞു. പക്ഷേ എബി ചേട്ടൻ കൂടുതൽ ധൈര്യം തന്നു. ഒരു സാധരണക്കാരൻ അവതാരകൻ ആവുമ്പോൾ ഉള്ള തമാശയൊക്കെയാണ് നമുക്ക് വേണ്ടതെന്നും കൈവിട്ടു പോയാലും കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞു. അങ്ങനെ സമ്മതിച്ചു.
അശ്വതി സംസാരിക്കാൻ അവസരം തന്നില്ല!
അതെ. ഷോ കണ്ട് പലരും പരാതി പറഞ്ഞ കാര്യമാണത്. പക്ഷേ ഞാൻ സംസാരിക്കുന്നത് തെറ്റി പോകുന്നതുകൊണ്ട് അശ്വതി പറയേണ്ടി വരുന്നതാണ്. എന്റെ തെറ്റുന്ന ഭാഗങ്ങൾ കട്ട് ചെയ്തു കളയുമ്പോൾ ബാക്കി ഒന്നും ഉണ്ടാവില്ല. എന്നാൽ പ്രേക്ഷകർ കരുതിയത് അശ്വതി എനിക്ക് അവസരം തരാതെ സംസാരിക്കുന്നുവെന്നാണ്. പക്ഷേ ഒരിക്കലും അങ്ങനെയല്ല. അത് എന്റെ മാത്രം തെറ്റാണ്. യൂട്യൂബിലൊക്കെ വരുന്ന കമന്റ് അശ്വതി എനിക്ക് കാണിച്ചു തരാറുണ്ട്.
നായികാ നായകൻ മത്സരാർഥികൾ
ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നവരായിരുന്നു ഷോയിലെ മത്സരാർഥികൾ. അത്രയേറെ കഴിവുള്ളവർ. തലേദിവസം രാത്രി ഇരുന്ന പഠിച്ചായിരിക്കും പലപ്പോഴും ഇവർ സ്റ്റേജില്‍ കയറുക. പക്ഷേ സംഭവം പൊളിച്ച് അടക്കും. ഇവരുടെ പ്രകടനം കാണുമ്പോൾ ശരിക്കും അദ്ഭുതം അവേശവും തോന്നിയിട്ടുണ്ട് . ഇവര്‍ ചെയ്ത പല കഥാപാത്രങ്ങളും ഞാൻ വീട്ടിൽ പോയി കണ്ണാടിയ്ക്കു മുൻപിൽ ചെയ്ത് നോക്കുമായിരുന്നു. കോമഡി സർക്കസിൽ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഈ ഷോയുടെ ഓഡീഷനു വന്നേനേ. വന്നാലും 16 പേരിൽ ഒരാൾ ആകാൻ പറ്റുമോ എന്നു കൂടി അറിയില്ല. ആയാലും ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയും ചെയ്യും. അത്രയും അസാധ്യ കഴിവുള്ളവരായിരുന്നു ഇതിലെ മത്സരാർഥികൾ.
ഷോ തീർന്നപ്പോൾ
എല്ലാവരേയും വളരെയേറെ മിസ് ചെയ്യുന്നു. അശ്വതി, ചാക്കോച്ചൻ, ലാൽ സർ, സംവൃത, 16 മത്സരാർഥികൾ, അണിയറ പ്രവർത്തകർ അങ്ങനെ എല്ലാവരേയും വല്ലാതെ മിസ് ചെയ്യുന്നു. ചാക്കോച്ചനും ഞാനും തമ്മിലുള്ള തല്ലൊക്കെ വളരെ രസകരമായിരുന്നു. ഭാവിയിൽ അവരുടെയെല്ലാം കൂടെ പ്രവൃത്തിക്കാൻ സാധിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഒരുപാട് പുതിയ കാര്യങ്ങൾ എനിക്ക് ഈ ഷോ പഠിപ്പിച്ച് തന്നു. കൂടുതൽ അവസരങ്ങൾ തുറന്നു തന്നു. മഴവിൽ മനോരമയിലെ കോമഡി സർക്കസും നായികാ നായകനും എന്റെ ജീവിതത്തിലെ ട്വിസ്റ്റുകളാണ്.
സിനിമാ മോഹം, സ്വപ്നം, ലക്ഷ്യം
പ്രേതം 2 വിന്റെ ഷൂട്ടിങ് കഴിഞ്ഞു. ഇനി കുറച്ച് ഡബ്ബിങ് കൂടി ബാക്കി ഉണ്ട്. ജയേട്ടനേയും രഞ്‍ജിത്തേട്ടനേയും മുൻപ് അറിയാമായിരുന്നു. കോമഡി സർക്കസ് കണ്ട് ജയേട്ടൻ വിളിച്ചിട്ടുണ്ട്. പുണ്യാളൻ 2 വിൽ ഒരു വേഷം തന്നിരുന്നെങ്കിലും ചെയ്യാൻ സാധിച്ചില്ല. പക്ഷേ, പ്രേതം 2 വിന്റെ കാസ്റ്റിങ് സമയത്ത് നായികാ നായകനിൽ എന്നെ കണ്ടപ്പോഴാണ് അതിലേക്ക് കാസ്റ്റ് ചെയ്യുന്നത്. സത്യത്തിൽ നായികാ നായകനാണ് ഇതിലേക്ക് അവസരം നൽകിയത്. ഡിഡി എന്നു വിളിച്ച് എനിക്ക് വരുന്ന അവസരങ്ങളെല്ലാം നായികാ നായകൻ തരുന്നതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അടുത്തത് സണ്ണി വെയ്ൻ ചിത്രത്തിലാണ്. ഡിസംബറിലാണ് ഷൂട്ടിങ്. ചിത്രത്തിനുവേണ്ടി കുറച്ചു മെലിയാനുള്ള ശ്രമത്തിലാണ്.