ആന്റണി ചേട്ടന്‍ ഏറ്റെടുത്തത് വലിയ വെല്ലുവിളി; പ്രണവ് ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം: സുജിത് സുധാകരൻ
പ്രിയൻ സാറിന്റെയും ലാൽ സാറിന്റെയും 25 വർഷത്തെ സ്വപ്നമാണ് ഈ സിനിമ. ഞാൻ ആ സ്വപ്നത്തിന്റെ ഭാഗമാകുമ്പോൾ അതിനൊത്ത് ഉയരണമല്ലോ. ഇതിന് മുമ്പ് അവർ ചെയ്ത ചരിത്ര സിനിമ കാലാപാനിയാണ്. അതിന്റെ വസ്ത്രാലങ്കാരത്തിന് നിരവധി അവാർഡുകളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നു...
പ്രിയൻ സാറിന്റെയും ലാൽ സാറിന്റെയും 25 വർഷത്തെ സ്വപ്നമാണ് ഈ സിനിമ. ഞാൻ ആ സ്വപ്നത്തിന്റെ ഭാഗമാകുമ്പോൾ അതിനൊത്ത് ഉയരണമല്ലോ. ഇതിന് മുമ്പ് അവർ ചെയ്ത ചരിത്ര സിനിമ കാലാപാനിയാണ്. അതിന്റെ വസ്ത്രാലങ്കാരത്തിന് നിരവധി അവാർഡുകളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നു...
പ്രിയൻ സാറിന്റെയും ലാൽ സാറിന്റെയും 25 വർഷത്തെ സ്വപ്നമാണ് ഈ സിനിമ. ഞാൻ ആ സ്വപ്നത്തിന്റെ ഭാഗമാകുമ്പോൾ അതിനൊത്ത് ഉയരണമല്ലോ. ഇതിന് മുമ്പ് അവർ ചെയ്ത ചരിത്ര സിനിമ കാലാപാനിയാണ്. അതിന്റെ വസ്ത്രാലങ്കാരത്തിന് നിരവധി അവാർഡുകളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നു...
തിയറ്ററുകളെ ഇളക്കിമറിച്ച് ബ്രഹ്മാണ്ഡ ചിത്രം മരക്കാർ–അറബിക്കടലിന്റെ സിംഹം പ്രദർശനം തുടരുകയാണ്. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് സ്ക്രീനിലേക്ക് എത്തിയ മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് സിനിമയെ ആഘോഷമായാണ് മലയാളികൾ സ്വീകരിച്ചത്. ചരിത്രത്തിന്റെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിച്ച് ഒരുക്കിയ സിനിമയുടെ വസ്ത്രാലങ്കാരം സുജിത് സുധാകരനാണ് നിർവഹിച്ചിരിക്കുന്നത്. ഒപ്പം, ലൂസിഫർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുജിത്, മരക്കാറിലൂടെ വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. സുജിത് സുധാകരൻ മനോരമ ഓണ്‍ലൈനോട് സംസാരിക്കുന്നു.
∙ ഒടിടി റിലീസ് ആകുമെന്ന അഭ്യൂഹങ്ങൾക്കൊടുവിൽ മരക്കാർ തിയറ്ററുകളിൽ എത്തിയിരിക്കുന്നു. ഈ ഘട്ടങ്ങളിലെല്ലാം എന്താണു തോന്നിയത് ?
തിയറ്ററിൽ തന്നെ മരക്കാർ കാണണമെന്ന ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു. പക്ഷേ എല്ലാത്തിനും ഉപരി ആന്റണി ചേട്ടന്‍ സുരക്ഷിതനാകണം എന്നതിനായിരുന്നു പ്രാധാന്യം. കാരണം അത്രയും വലിയ വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്തത് പ്രൊഡ്യൂസർ എന്ന നിലയിൽ അദ്ദേഹം നിലനിൽക്കേണ്ടത് സിനിമാ വ്യവസായത്തിന് ആവശ്യമാണ്. അതുകൊണ്ട് ഒടിടി എന്ന തീരുമാനമാണ് അദ്ദേഹം എടുത്തിരുന്നെങ്കിൽ അത് പൂർണമായും ശരിയെന്നേ ഞാൻ വിശ്വസിക്കൂ. എന്തായാലും സിനിമ തിയറ്ററിൽ എത്തിയിരിക്കുന്നു. അത് സന്തോഷം നൽകുന്നു.
∙ മലയാളത്തിലെ ബിഗ് ബജറ്റ് സിനിമ എന്നത് സമ്മർദം സൃഷ്ടിച്ചിരുന്നോ ?
ബിഗ് ബജറ്റ് സിനിമ എന്നത് സമ്മർദമായിരുന്നില്ല. പക്ഷേ സിനിമയ്ക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ എനിക്ക് സാധിക്കുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. പ്രിയൻ സാറിന്റെയും ലാൽ സാറിന്റെയും 25 വർഷത്തെ സ്വപ്നമാണ് ഈ സിനിമ. ഞാൻ ആ സ്വപ്നത്തിന്റെ ഭാഗമാകുമ്പോൾ അതിനൊത്ത് ഉയരണമല്ലോ. ഇതിന് മുമ്പ് അവർ ചെയ്ത ചരിത്ര സിനിമ കാലാപാനിയാണ്. അതിന്റെ വസ്ത്രാലങ്കാരത്തിന് നിരവധി അവാർഡുകളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. മരക്കാർ അതിനൊപ്പമോ അതിലും മികച്ചതോ ആയിരിക്കണമെന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു. അതാണ് സമ്മർദം സൃഷ്ടിച്ചത്.
∙ താങ്കളുടെ ആദ്യത്തെ ചരിത്ര സിനിമ. വെല്ലുവിളികൾ മറികടന്നത് എങ്ങനെ ?
തുണികളെ കുറിച്ച് എനിക്കുള്ള ടെക്നിക്കലായ അറിവുകളാണ് ഈ സിനിമ ചെയ്യുന്നതിന് കരുത്തായത്. ബെംഗളൂരുവിലെ വോഗ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഫാഷൻ പഠനം. അതു കഴിഞ്ഞ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. തുണികളുമായി ബന്ധപ്പെട്ട നിരവധി അറിവുകള്‍ അങ്ങനെ നേടി. ഇത് അറിയുന്നതു കൊണ്ടാണ് പ്രിയൻ സർ എനിക്ക് ‘ഒപ്പം’ എന്ന സിനിമയിൽ വർക് ചെയ്യാനുള്ള അവസരം നൽകിയത്. തുടർന്ന് ലൂസിഫറിൽ കോസ്റ്റ്യൂം ചെയ്തു. പിന്നീട് മരക്കാറിലേക്കും എത്തി. പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് ആവശ്യമുള്ളത് ചെയ്യാനും എനിക്ക് സാധിക്കുമെന്ന വിശ്വാസം പ്രിയൻ സാറിനുണ്ട്. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ ആന്റണി ചേട്ടൻ തയാറായിരുന്നു. ഇതെല്ലാം എനിക്ക് കരുത്തായി.
∙ മരക്കാറിന് ‘റിയാലിറ്റി ലുക്ക്’ ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു
അതെ, യഥാർഥ മരക്കാറിനെപ്പോലെ തോന്നുന്നില്ല എന്നു പറഞ്ഞവരുണ്ട്. ഇതു പറയുമ്പോഴും മരക്കാർ യഥാർഥത്തിൽ എങ്ങനെയായിരുന്നെന്ന് അവർക്കും അറിയില്ല. സത്യത്തിൽ ആർക്കും അറിയില്ല. പിന്നെ ഈ പറയുന്നവരേക്കാൾ ആഴത്തിൽ കുഞ്ഞാലിമരക്കാറെ മനസ്സിലാക്കിയിട്ടുള്ളവരാണ് സിനിമയുടെ ഡറക്‌ഷന്‍ ടീം. അവർ ഏറെ നാൾ ഇതിനായി ഗവേഷണം നടത്തിയിരുന്നു. ചരിത്രത്തിൽ അധികമൊന്നും വിവരങ്ങൾ ഇല്ല. അദ്ദേഹത്തിന്റെ ശരീരഘടന എങ്ങനെയായിരുന്നു, മുടി ഉണ്ടായിരുന്നോ, വസ്ത്രധാരണം എങ്ങനെ... അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് യാതൊന്നും അറിവില്ല. അപ്പോൾ ഇങ്ങനെ ആയിരിക്കാം എന്ന സാധ്യത ആണ് നമ്മൾക്ക് ഉപയോഗിക്കാനാവുക. ഈയൊരു സാഹചര്യത്തിൽ കുഞ്ഞാലി ഇങ്ങനെ ആകട്ടെ എന്നു ഞങ്ങൾ തീരുമാനിച്ചു. കാരണം 100 കോടി മുതൽമുടക്കുള്ള സിനിമയാണ്. അത് മറ്റു ഇന്ത്യൻ ഭാഷകളിലും വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യേണ്ടി വരും. അത്ര വലിയ മാർക്കറ്റിന് വേണ്ടിയാണ് കുഞ്ഞാലിയെ ഒരുക്കിയത്. അപ്പോൾ മുണ്ടുടുത്ത കുഞ്ഞാലിയെ കാണിക്കാനാവില്ല. ചരിത്രവും ഫാന്റസിയും നിറക്കാഴ്ചകളും ചേരുന്ന സിനിമയാണിത്. അതിന് ചേരുന്ന രീതിയിലാണ് കോസ്റ്റ്യൂം. മരക്കാറിനെക്കുറിച്ച് പ്രിയൻ സാറും ലാൽ സാറും കണ്ട സ്വപ്നത്തോട് ചേർന്നു നിൽക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.
∙ ഏതൊക്കെ മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത് ?
പല സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയാണിത്. രാജകൊട്ടാരം മുതൽ കടലിലേക്ക് വരെ ഇത് നീളുന്നു. സ്ഥലങ്ങൾക്ക് അനുസരിച്ചാണ് തുണി ഉപയോഗിച്ചിട്ടുള്ളത്. കൊട്ടാര രംഗങ്ങളിൽ സിൽക് ആണ് കൂടുതൽ. കഥാപാത്രങ്ങൾക്ക് അനുസരിച്ച് സിൽക്കിന്റെ പല വേരിയന്റുകൾ ഉണ്ടാക്കിയിരുന്നു. കടലുമായി ബന്ധപ്പെട്ട് സീനുകളിൽ കോട്ടൻ ആണ് കൂടുതൽ ഉപയോഗിച്ചത്. നനഞ്ഞിരിക്കുന്ന ഫീൽ ആ തുണികൾക്ക് നൽകിയിരുന്നു.
സംഘട്ടന രംഗങ്ങൾക്കു വേണ്ടി ഓരേ പോലുള്ള മൂന്നും നാലും കോസ്റ്റ്യൂമുകൾ തയാറാക്കിയിരുന്നു. കൂടുതലായി വേണ്ടി വന്നാൽ അതേ നിറത്തില്‍ തുണി തയാറാക്കണം. എന്നിട്ട് വേണം കോസ്റ്റ്യൂം ചെയ്യാന്‍. അതുകൊണ്ട് ഡൈയിങ് പഠിച്ചു. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ടു. ബിഗ്ബജറ്റ് സിനിമ ആയതുകൊണ്ടു വലിയൊരു യൂണിറ്റ് കോസ്റ്റ്യൂമിനായി പ്രവർത്തിച്ചു. ഒരു സാധാരണ സിനിമയിൽ നാലോ ആഞ്ചോ പേരാണ് നമുക്ക് അസിസ്റ്റ് ചെയ്യാൻ ഉണ്ടാവുക. എന്നാൽ മരക്കാറിൽ കോസ്റ്റ്യൂമിന് മാത്രം 25 പേർ ഉണ്ടായിരുന്നു. ഇതിനെല്ലാം പ്രൊഡക്‌ഷൻ ടീം വലിയ പിന്തുണ നൽകി.
∙ താരങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു ?
പ്രണവിന് ശരീരത്തിൽ തറയ്ക്കുന്ന തരം മെറ്റീരിയൽ ഇഷ്ടമല്ല. അതുകൊണ്ട് വസ്ത്രങ്ങളും ആക്സസറീസും പരമാവധി സോഫ്റ്റ് ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രണവിന് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യേണ്ടി വന്നില്ല. ‘ഇതാണ് ഏറ്റവും അനുയോജ്യം, മാറ്റം വരുത്തിയാൽ വിട്ടുവീഴ്ച ചെയ്തതു പോലെയാകും’ എന്നു നമ്മൾ പറഞ്ഞാൽ പിന്നെ സ്വന്തം ബുദ്ധിമുട്ടിനെക്കുറിച്ച് പ്രണവ് ചിന്തിക്കില്ല എന്നതാണ് ഇതിനു കാരണം. ഉള്ളിൽ വേറെ ലെയർ ധരിച്ചും ലൈനിങ് ചെയ്തും പ്രണവ് ആ ബുദ്ധിമുട്ടുകൾ മറികടക്കും. പ്രണവിന്റെ കാലിന് ചെറിയൊരു പരുക്ക് ഉണ്ടായിരുന്നു. അതു വച്ചാണ് സംഘട്ടന–നൃത്ത രംഗങ്ങൾ ചെയ്തത്. പണ്ടത്തെ സ്റ്റൈലിൽ നമ്മൾ തയാറാക്കുന്ന ചെരിപ്പുകൾ അത്ര മിനുസമോ ധരിക്കാൻ സുഖമോ ഉള്ളതായിരിക്കില്ല. അതുകൊണ്ട് പ്രണവ് നന്നായി കഷ്ടപ്പെടേണ്ടി വന്നു. പക്ഷേ ഒരിക്കൽ പോലും അദ്ദേഹം പരാതി പറഞ്ഞിട്ടില്ല.
ബോളിവുഡിൽ തിരഞ്ഞെടുക്കാൻ ആറും ഏഴും കോസ്റ്റ്യൂമുകൾ ഉണ്ടാകും. പക്ഷേ നമുക്ക് അത്രയും സാധിക്കില്ല. ഒന്നോ രണ്ടോ ഓപ്ഷൻസ് നൽകും. എന്നാൽ സുനിൽ ഷെട്ടിയെല്ലാം അതിനോട് പൂർണമായി സഹകരിച്ചു.
∙ പ്രവർത്തന രീതി എങ്ങനെയാണ് ? ഓരേ സമയം ഒന്നിൽ കൂടുതല്‍ സിനിമകൾ ചെയ്യുമോ ?
ഇല്ല. ഒരു സിനിമയുടെ വർക്കുകളിൽ മുഴുകിയാൽ അതിൽ പൂർണമായും ശ്രദ്ധിക്കുന്നതാണ് എന്റെ രീതി. ഒരേ സമയം നാലും അഞ്ചും വർക്കുകൾ ചെയ്യുന്നവരുണ്ട്. അതെല്ലാം ഓരോ ടെക്നീഷ്യൻസിന്റെ രീതികളാണ്. അല്ലെങ്കിൽ കഴിവാണ്. എനിക്ക് അതു സാധിക്കില്ല. അതിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒരു സമയം ഒന്നിൽ ശ്രദ്ധിച്ചാല്‍ അതു കൂടുതൽ മികച്ചതാക്കാൻ സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആഴത്തില്‍ മനസിലാക്കാനും ഡീറ്റൈലുകളിൽ ശ്രദ്ധിക്കാനുമാവും. അത്തരത്തിൽ ഒരു വർഷം നാലോ അഞ്ചോ നല്ല സിനിമകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ലൂസിഫറിന്റെയും മരയ്ക്കാറിന്റെയും ഷൂട്ട് അടുപ്പിച്ചായിരുന്നു. ആ ഒന്നര വർഷം ഈ രണ്ടു സിനിമകൾ മാത്രമാണ് ഞാൻ ചെയ്തത്. അതെന്റെ തീരുമാനമായിരുന്നു. അതിലൂടെയാണ് ഞാൻ ക്വാളിറ്റി ഉറപ്പാക്കിയത്. ചിലപ്പോൾ മാസങ്ങൾ വർക്ക് ഒന്നുമില്ലാതെ ഇരിക്കേണ്ടി വരും എന്നതാണ് ഈ രീതിയുടെ ദോഷം. അതുപോലെ കൂടുതൽ പണം ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതാകുന്നു. പക്ഷേ താൽപര്യം തോന്നുന്ന പ്രോജക്ടുകൾ മികച്ച രീതിയിൽ ചെയ്യുക എന്നതിനാണ് പ്രാധാന്യം നൽകുന്നതിനാൽ ഇതൊരു പ്രശ്നമായി കരുതുന്നില്ല.
∙ ദേശീയ പുരസ്കാരം സ്വപ്നം കണ്ടിരുന്നോ ?
തീര്‍ച്ചയായും. മരക്കാറിനായി ഏറ്റവും മികച്ചത് നൽകാനാണ് ഞാൻ ശ്രമിച്ചത്. അതുകൊണ്ടു തന്നെ അംഗീകാരം കിട്ടുന്നത് സ്വപ്നം കണ്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച നടീനടന്മാരും സാങ്കേതിക വിദഗ്ധരും ഒന്നിച്ച ഇത്ര വലിയ സിനിമയുടെ ഭാഗമായതുകൊണ്ട് പ്രത്യേകിച്ചും. പക്ഷേ സ്വപ്നം കണ്ടിരുന്നെങ്കിലും പുരസ്കാരം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
∙ അവാർഡ് ലഭിച്ചതിനുശേഷമുള്ള മാറ്റം
അവാർഡ് ലഭിച്ചതോടെ കൂടുതൽ വ്യത്യസ്തമായ പ്രോജക്ടുകൾ തേടി വരുന്നുണ്ട്. അതിൽനിന്ന് എന്നെ ആകർഷിക്കുന്നതും മികച്ചതുമായ പ്രോജക്ടുകൾ തിരഞ്ഞെടുക്കാം. അന്യഭാഷകളിലൊക്കെ ഒരു മേൽവിലാസം ലഭിക്കാൻ അവാർഡ് കാരണമായി. ഉത്തരവാദിത്തം കൂടി എന്നതാണു മറ്റൊരു പ്രധാന കാര്യം. അതുകൊണ്ടു തന്നെ വർക്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
∙ പ്രേക്ഷകൻ എന്ന നിലയിൽ മലയാളത്തിൽ മരക്കാർ പോലൊരു സിനിമ പ്രതീക്ഷിച്ചിരുന്നോ ?
ഒരിക്കലുമില്ല. ഇതുപോലൊരു ബ്രഹ്മാണ്ഡ ചിത്രം മലയാളത്തിൽ വരുമെന്നോ, റിലീസിന് മുൻപേ ഇത്രയേറെ സ്വീകാര്യത നേടുമെന്നോ കരുതിയില്ല. ദേശീയ പുരസ്കാരങ്ങൾ നേടുന്നു. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 100 കോടി കലക്‌ഷൻ. എല്ലാവരും മരക്കാറിനെ കുറിച്ച് സംസാരിക്കുന്നു. ഇതെല്ലാം അദ്ഭുതപ്പെടുത്തുന്നതാണ്. റിലീസിന് മുൻപ് ലാൽ സാറിനെ കണ്ടിരുന്നു. ഇത്രയേറെ സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അദ്ദേഹവും പറഞ്ഞത്.
2018 ഡിസംബർ 1ന് ആണ് മരക്കാറിന്റെ ഷൂട്ട് തുടങ്ങിയത്. പ്രീ പ്രൊഡക്‌ഷൻ വർക്കുകൾ അതിനും മുമ്പേ തുടങ്ങിയിരുന്നു. അത്രയേറെ പേരുടെ അധ്വാനമാണ് പിന്നിലുള്ളത്. അവർക്കെല്ലാം ആശ്വാസവും അഭിമാനവുമായി മരക്കാർ ഒരു ചരിത്രമായി മാറും എന്നാണ് എന്റെ വിശ്വാസം.
English Summary : Marakkar Arabikadalinte Simham movie's costume director Sujith Sudhakran's exclusive interview