കേരളത്തിൽ ഒരുപക്ഷേ ഇത്ര വിപുലമായ കലാവേദി മുൻപ് ഉണ്ടായിട്ടുണ്ടാകില്ല. ഇനി എപ്പോൾ സംഭവിക്കുമെന്നും പറയാനാകില്ല. ഒരു ദിവസം മാറ്റിവച്ചാൽ ഒരിക്കലും നഷ്ടമായ അനുഭവമാകില്ല ‘ലോകമേ തറവാട്’ എന്നു തീർച്ച....

കേരളത്തിൽ ഒരുപക്ഷേ ഇത്ര വിപുലമായ കലാവേദി മുൻപ് ഉണ്ടായിട്ടുണ്ടാകില്ല. ഇനി എപ്പോൾ സംഭവിക്കുമെന്നും പറയാനാകില്ല. ഒരു ദിവസം മാറ്റിവച്ചാൽ ഒരിക്കലും നഷ്ടമായ അനുഭവമാകില്ല ‘ലോകമേ തറവാട്’ എന്നു തീർച്ച....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ഒരുപക്ഷേ ഇത്ര വിപുലമായ കലാവേദി മുൻപ് ഉണ്ടായിട്ടുണ്ടാകില്ല. ഇനി എപ്പോൾ സംഭവിക്കുമെന്നും പറയാനാകില്ല. ഒരു ദിവസം മാറ്റിവച്ചാൽ ഒരിക്കലും നഷ്ടമായ അനുഭവമാകില്ല ‘ലോകമേ തറവാട്’ എന്നു തീർച്ച....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളായ 267 കലാകാരന്മാരുടെ മൂവായിരത്തോളം സൃഷ്ടികളുമായി ‘ലോകമേ തറവാട്’ കലാപ്രദർശനം ആലപ്പുഴയിൽ തുടരുകയാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഒരുക്കിയ വൈവിധ്യപൂർണവും വിശാലവുമായ ഈ കലാപ്രദർശനം ആലപ്പുഴയുടെ സാംസ്കാരിക ചരിത്രത്തിൽ പുതിയൊരു അധ്യായം തന്നെ എഴുതിച്ചേർത്തിരിക്കുന്നു. കലയുടെ സാധ്യതകൾക്ക് എത്രമാത്രം ആഴമുണ്ടെന്നു വ്യക്തമാക്കുന്നതിനൊപ്പം കേരളത്തിനു മുമ്പിലുള്ള അവസരങ്ങളിലേക്ക് വിരൽചൂണ്ടാനും ഈ കലാപ്രദർശനത്തിന് സാധിച്ചിരിക്കുന്നു. ലോകമേ തറവാടിനെക്കുറിച്ചും പ്രദർശനശാലകളുടെ ആവശ്യകതകളെ കുറിച്ചും എക്സിബിഷന്റെ ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി സംസാരിക്കുന്നു.

∙ ‘ലോകമേ തറവാട്’ എന്ന കലാപ്രദർശനത്തിന്റെ ആശയം എങ്ങനെയാണ് രൂപപ്പെടുന്നത് ?

ADVERTISEMENT

2020 ഒക്ടോബറിലാണ് ലോകമേ തറവാട് എന്ന ആശയത്തിന്റെ ജനനം. നാട്ടിലെ കലാകാരന്മാർക്കു വേണ്ടി എന്തു ചെയ്യാനാവും എന്ന ചർച്ച കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ബോർഡ് മീറ്റിങ്ങിൽ ഉണ്ടായി. അന്നത്തെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിനും ഇക്കാര്യത്തിൽ താൽപര്യമുണ്ടെന്ന് ഫൗണ്ടേഷന്റെ ട്രസ്റ്റികളിൽ ഒരാളായ ബോണി തോമസ് പറഞ്ഞു. തുടർന്നാണ് മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ ഹെഡ് ബെന്നി കുര്യാക്കോസ് ആലപ്പുഴയിൽവന്ന് സ്ഥലങ്ങൾ കാണാൻ ആവശ്യപ്പെട്ടത്. അങ്ങനെ ഒക്ടോബർ 17,18 തീയതികളിൽ ഞാൻ ആലപ്പുഴയിലെത്തി സ്ഥലങ്ങൾ കണ്ടു. അപ്പോഴാണ് ഈ സ്ഥലത്തിന്റെ സാധ്യതകൾ തിരിച്ചറിയുന്നത്. കൊച്ചിൻ ബിനാലെ പോലെ മികച്ച പ്രോജക്ട് ആയി മാറ്റാനാവുമെന്ന് തോന്നി.

മുൻ മന്ത്രി തോമസ് ഐസക്, മന്ത്രി സജി ചെറിയാൻ എന്നിവരോടൊപ്പം ബോസ് കൃഷ്ണമാചാരി

140 കലാകാരന്മാരായിരുന്നു മനസ്സിലുണ്ടായിരുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്ത് പുതിയ ആളുകളെയും കണ്ടെത്തി. 15 രാജ്യങ്ങളിൽ നിന്നായി, മലയാളി വേരുകളുള്ള കലാകാരന്മാരും ചേർന്നു. അങ്ങനെ ആകെ 267 കലാകാരന്മാർ ലോകമേ തറവാടിന്റെ ഭാഗമായി. ഇതിൽ 65 പേർ വനിതകളാണ്.  

‘The World is One Family’ എന്നത് 36 ഭാഷകളിലെഴുതി തയാറാക്കിയ പോസ്റ്റർ ആണ് ക്യൂറേറ്റർ നോട്ട് ആയി കലാകാരന്മാർക്കു നൽകിയത്. വള്ളത്തോളിന്റെ ഗാന്ധിയെ വാഴ്ത്തുന്ന ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിൽ നിന്നെടുത്ത വാക്കുകളാണ് ഈ പ്രദർശനത്തിന്റെ ടൈറ്റിലാക്കിയത്.

ഏപ്രിൽ 18ന് ആണ് പ്രദർശനം ആരംഭിച്ചത്. 8 വേദികളാണ് ഉണ്ടായിരുന്നത്; ഏഴെണ്ണം ആലപ്പുഴയിലും ഒന്ന് എറണാകുളത്തും. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രദർശനത്തിന് അനുയോജ്യമായ രീതിയിൽ വേദികൾ ഒരുക്കി. 1.5 ലക്ഷം സ്ക്വയർ മീറ്ററിലാണ് ഫാൾസ് വാളുകൾ ചെയ്തിരിക്കുന്നത്. ആറര ലക്ഷം സ്ക്വയർ മീറ്ററാണ് വേദികളുടെ ആകെ വലുപ്പം. ഇന്ത്യയിൽതന്നെ ഇത്രയും വലിയ പ്രദർശനശാലകൾ ഇല്ല എന്നു പറയാം. ഇത്ര വിശാലവും വൈവിധ്യമുള്ളതുമായ ഒരു കലാപ്രദർശനം ലോകത്തെവിടെയും ഇപ്പോൾ നടക്കുന്നുണ്ടെന്ന് കരുതുന്നില്ല. ഇതുവരെ ഏകദേശം നാലര ലക്ഷത്തോളം ആളുകൾ പ്രദർശനം കണ്ടു. 

ADVERTISEMENT

കേരളത്തിന് അഭിമാനിക്കാവുന്ന കലാകാരന്മാരെയും അവരുടെ വർക്കുകളും ഈ ഷോയില്‍ കാണാം. വിവിധ തരത്തിലുള്ള മീഡിയങ്ങൾ, ആശയങ്ങൾ എന്നിവ ഉപയോഗിച്ചവർ ഇതിലുണ്ട്. വൈവിധ്യവും ഒത്തൊരുമയും ലോകമേ തറവാടിൽ നിറഞ്ഞു നിൽക്കുന്നു. പുതിയൊരു ഊർജം കലാകാരന്മാരിൽ നിറയ്ക്കാൻ ഈ പ്രദർശനം സഹായിച്ചു. പുതിയ സൗഹൃദങ്ങൾ, ആശയങ്ങൾ, ചർച്ചകള്‍ എന്നിവയ്ക്ക് വഴിയൊരുക്കി.

നടിമാരായ റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത് എന്നിവർ ലോകമേ തറവാടിന് എത്തിയപ്പോൾ

∙ എന്തെല്ലാമായിരുന്നു പ്രധാന വെല്ലുവിളികൾ?

ഹെറിറ്റേജ് സ്ഥലങ്ങൾ ആയിരിക്കെതന്നെ കാടും പടലും പിടിച്ചു കിടക്കുകയായിരുന്നു പലയിടങ്ങളും. ഇതിനെ ഗാലറിയാക്കി മാറ്റുക വെല്ലുവിളി നിറഞ്ഞതായിരുന്നു. എങ്കിലും മൂന്നുമാസം കൊണ്ട് അതു മികച്ച രീതിയിൽ പൂർത്തീകരിക്കാനായി. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി. രണ്ടു കോടി രൂപയാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. ആ പണത്തിനായി കാത്തിരിക്കുകയാണ്.  

പ്രദർശനം ഇപ്പോൾ ഒരു വർഷത്തോട് അടുക്കുന്നു. പക്ഷേ അതിൽ രണ്ടു മാസം മാത്രമാണ് ആളുകൾക്ക് പൂർണമായി ആസ്വദിക്കാനായത്. കാരണം പ്രദർശനം തുടങ്ങി 12 ദിവസം കഴിഞ്ഞപ്പോൾ കോവിഡ് രൂക്ഷമാവുകയും പ്രദർശനം നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തു. ഓഗസ്റ്റ് 13 നാണ് വീണ്ടും തുറന്നത്. തുടർന്ന് ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ജനം വലിയ തോതിൽ എത്തിയത്. 

ADVERTISEMENT

കേരളം പോലൊരു സ്ഥലത്ത് കലാപ്രദർശനം നടത്താന്‍ അനുയോജ്യമായ സമയം ആണോ ഇതെന്നു ചോദിച്ചാൽ അതെ എന്നാണ് എന്റെ ഉത്തരം. നമുക്കു വേണ്ടത് അതിനുള്ള സ്ഥലങ്ങളാണ്. അതുണ്ടായാൽ ആളുകൾ വരും. ഇതുവരെ ലോകമേ തറവാടിലൂടെ വിറ്റു പോയത് 3.5 കോടി രൂപയുടെ വർക്കുകളാണ്. എക്സിബിഷൻ നീട്ടാൻ അനുവദിച്ചാൽ ആ തുക ഇനിയും ഉയരും. അത്തരമൊരു ആവശ്യം കലാകാരന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട അപേക്ഷ സർക്കാരിന് നൽകിയിട്ടുണ്ട്. നിലവിൽ ഡിസംബർ 31 വരെയാണ് അനുമതിയുള്ളത്.

നടി ഐശ്വര്യ ലക്ഷ്മി ലോകമേ തറവാടിന്റെ വേദിയിൽ, സംവിധായകൻ ഫാസിലും ബോസ് കൃ‍ഷ്ണമാചാരിയും

∙ നമ്മുടെ നാട്ടിൽ പ്രദർശനശാലകളുടെ എണ്ണം കുറവല്ലേ, ഇത് കലാമേഖലയുടെ വളർച്ചയെ ബാധിക്കുന്നില്ലേ ?

പ്രദർശന ശാലകളുടെ അപര്യാപ്തത വലിയൊരു പ്രശ്നമാണ്. കേരളത്തിന്റെ കലാമേഖലയെ അതു വലിയ രീതിയിൽ പിന്നോട്ടടിക്കുന്നുണ്ട്. നമ്മുടെ കലാകാരന്മാരുടെ വർക്കുകൾ 15000 രൂപ മുതൽ 28 ലക്ഷം രൂപ വരെ വിലയ്ക്കാണ് ഇവിടെ വിറ്റുപോയത്. ചില കലാകാരന്മാർ ആദ്യമായാണ് വർക്കുകൾ ഇത്ര വിലയ്ക്ക് വിൽക്കുന്നത്. ഈ പണമെല്ലാം അവരിലേക്കു തന്നെയാണ് എത്തുക. സ്വയം പഠിച്ചും കുറേ കഷ്ടപ്പെട്ടും വന്ന കലാകാരന്മാർക്ക് അതൊരു വലിയ ആശ്വാസമാണ്. കൂടുതൽ മികച്ച കലാസൃഷ്ടികൾ ഒരുക്കാൻ അവർക്ക് അവസരം ലഭിക്കുന്നു. കലാമേഖലയിൽ തുടരാനും സാധിക്കുന്നു. ‌ 

പുതിയ ആര്‍ട് കലക്ടർമാരെ കണ്ടെത്താൻ സാധിച്ചുവെന്നതാണ് മറ്റൊരു നേട്ടം. കല കാണാനും ആസ്വദിക്കാനും വാങ്ങാനും ആഗ്രഹിക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ പ്രദർശനങ്ങളൊന്നും നടക്കാത്തതിനാൽ അവർക്ക് അതിനുള്ള അവസരം ലഭിക്കുന്നില്ല. പുതിയ കലാകാരന്മാരെ കണ്ടെത്താൻ ഗാലറിക്കാർ വന്നിരുന്നു. അങ്ങനെ കൂടുതൽ കൂടുതൽ സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു.

കല കാണുവാനുള്ള പ്രദർശന ശാലകൾ നമ്മള്‍ ഉണ്ടാക്കേണ്ടതുണ്ട്. ഇത്രയും പ്രദർശന ശാലകൾ മൂന്നു മാസം കൊണ്ട് തയാറാക്കിയത് വലിയ കാര്യമായാണു ഞാൻ കരുതുന്നത്. ഇന്ത്യയിൽ സമകാലീന കലയ്ക്കു വേണ്ടിയുള്ള പ്രദർശനശാലകൾ ഇല്ല എന്നു തന്നെ പറയാം. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട് നാല് നഗരങ്ങളിലാണ് ഉള്ളത്. കേരളത്തിൽ ആകെ ഉണ്ടായിരുന്നത് ചെറിയ ചില സ്വകാര്യ ഗാലറികളാണ്. ഈ പ്രദർശനത്തോടു കൂടി ഗാലറികളുടെ സാധ്യത വർധിക്കും എന്നാണ് കരുതുന്നത്.

കൾച്ചറൽ ഇൻവെസ്റ്റ്മെന്റ് നടത്തുമ്പോൾ അതിന് തീർച്ചയായും പ്രതിഫലം ലഭിക്കും. നാട്ടിലെ ചായക്കടക്കാരനും ഹോംസ്റ്റേകൾക്കും ഓട്ടോഡ്രൈവർമാർക്കും അങ്ങനെ താഴേത്തട്ടു മുതല്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇതിന്റെ പ്രയോജനം എത്തും.

∙ കലാപ്രദർശനങ്ങൾക്ക് വേദിയാകാനുള്ള ആലപ്പുഴയുടെ സാധ്യതകളെ എങ്ങനെയാണ് വിലയിരുത്തുന്നത് ?  

ആലപ്പുഴ ഒരു ചെറിയ നഗരമാണ്. ചരിത്രപരമായി നോക്കിയാൽ ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള നഗരം. രാജാ കേശവദാസിന്റെ കാലഘട്ടത്തിലാണ് ഇതു നടക്കുന്നത്. അതേസമയം വളരെ നിശബ്ദമായ ഒരു സ്ഥലവുമാണ്. കയറുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ഉണ്ടെങ്കിലും വേറെ വലിയ ബഹങ്ങളൊന്നും ഇല്ല. വിപ്ലവങ്ങളുമായി ബന്ധപ്പെട്ടുള്ളവ ഒഴിച്ചാൽ സാംസ്കാരിക സംബന്ധമായി ചർച്ചകളും കാര്യമായി നടന്നിട്ടില്ല. ഈ പ്രദർശനം വന്നതോടു കൂടി ആലപ്പുഴയിലെ ഹെറിറ്റേജ് സ്ഥലങ്ങളുടെ സാധ്യതകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ക്രിയേറ്റീവ് സിറ്റിയായിത്തന്നെ മാറ്റാനുള്ള സാഹചര്യം നമുക്കു മുമ്പിലുണ്ട്.

കൊച്ചിൻ ബിനാലെ നടക്കുന്ന സമയത്ത് സമകാലീന പ്രദര്‍ശനം ആലപ്പുഴയിലേക്ക് കൂടി നീട്ടാം. എല്ലാ അ‍ഞ്ചുവർഷം കൂടുമ്പോഴും മലയാളികളുടേതായ ഒരു പ്രദർശനം വിപുലമായി നടത്താം. ആർട്ട് റെസിഡൻസികൾ ഉണ്ടാക്കാം. അങ്ങനെ വിവിധ കലാരൂപങ്ങൾ ഉൾപ്പെടുത്തി സമുച്ചയങ്ങളാക്കി മാറ്റാവുന്ന സ്ഥലങ്ങൾ നമുക്കിവിടെ ഉണ്ട്. കൊച്ചിയിലേതിനേക്കാൾ സാധ്യതകൾ ആലപ്പുഴയിലെ വാസ്തുവിന് ഉണ്ടെന്നാണ് എനിക്ക് തോന്നിയത്.

നമ്മുടെ കലാകാരന്മർക്ക് ഇത്തരമൊരു സാഹചര്യം ഒരുക്കിയത് ഈ നാട്ടുകാരാണ് എന്നു നിസംശയം പറയാം. ഡോ. തോമസ് ഐസക് തുടങ്ങി പഞ്ചായത്ത് അംഗങ്ങൾ വരെ അതിനായി സഹകരിച്ചു. എടുത്തു പറയേണ്ട മറ്റാളുകൾ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് എംഡി പി.എം.നൗഷാദും അഡ്വ. ആർ.റിയാസും ആണ്. റിയാസിന്റെ പ്രവർത്തനം ഷോയെ ജനങ്ങളുമായി അടുപ്പിക്കാൻ സഹായിച്ചു. അവരുടെ സഹകരണം ഉറപ്പാക്കി. അതാണ് ലോകമേ തറവാടിന്റെ വിജയം എന്നു തീർത്തു പറയാം.

∙ എന്തുകൊണ്ട് ‘ലോകമേ തറവാട്’ കാണണം ?

മലയാളികളോ മലയാളി വേരുകളുള്ളവരോ ആയ കലാകാരന്മാരുടെ പ്രദർശനമാണിത്. നമ്മുടെ നാട്ടിൽത്തന്നെ ഇത്രയേറെ വൈവിധ്യമുള്ള, കഴിവുള്ള കലാകാരന്മുണ്ട്. അവരെ പിന്തുണയ്ക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. പലരും കലയ്ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു അവസരം കിട്ടാതെ വേദനിച്ചിട്ടുണ്ട്. അവർക്ക് നമ്മൾ ഇപ്പോൾ ഒരു വേദിയൊരുക്കി. ആസ്വാദകർ കൂടി ചേരുമ്പോഴാണ് അതു പൂർണമാകുന്നത്. കലാകാരന്മാരുടെ മാത്രമല്ല നാടിന്റെ കൂടി മുന്നേറ്റത്തിന് ഇത്തരം പ്രദർശനങ്ങൾ സഹായിക്കും. കേരളത്തിൽ ഒരുപക്ഷേ ഇത്ര വിപുലമായ കലാവേദി മുൻപ് ഉണ്ടായിട്ടുണ്ടാകില്ല. ഇനി എപ്പോൾ സംഭവിക്കുമെന്നും പറയാനാകില്ല. ഒരു ദിവസം മാറ്റിവച്ചാൽ ഒരിക്കലും നഷ്ടമായ അനുഭവമാകില്ല ‘ലോകമേ തറവാട്’ എന്നു തീർച്ച.