മുടി നീട്ടിയ അധ്യാപകനെ അംഗീകരിക്കാൻ മടിച്ചു, മോഡലിങ്ങിലേക്ക് ഇറങ്ങിയതിനും വിമർശനം; ഷാനിക്കിന്റെ വിജയകഥ
വിവാഹ ബന്ധങ്ങളിൽ നിന്നും പുറത്തു വരേണ്ടി വരുന്ന സാഹചര്യത്തെ ഇന്നും തുറന്ന മനസ്സോടെ കാണാൻ നമ്മുടെ സമൂഹം പഠിച്ചിട്ടില്ല. പരസ്പരം ചേർന്നു പോകാനാവാത്ത രണ്ടുപേരുടെ വിവാഹ ബന്ധം അവസാനിക്കുന്നത് അവരുടെ ജീവിതത്തിന്റെ തന്നെ അവസാനമാണെന്ന് കരുതുന്നവരാണ് സമൂഹത്തിൽ അധികവും. ഇതിനുമപ്പുറം വിവാഹബന്ധം പിരിയേണ്ടി
വിവാഹ ബന്ധങ്ങളിൽ നിന്നും പുറത്തു വരേണ്ടി വരുന്ന സാഹചര്യത്തെ ഇന്നും തുറന്ന മനസ്സോടെ കാണാൻ നമ്മുടെ സമൂഹം പഠിച്ചിട്ടില്ല. പരസ്പരം ചേർന്നു പോകാനാവാത്ത രണ്ടുപേരുടെ വിവാഹ ബന്ധം അവസാനിക്കുന്നത് അവരുടെ ജീവിതത്തിന്റെ തന്നെ അവസാനമാണെന്ന് കരുതുന്നവരാണ് സമൂഹത്തിൽ അധികവും. ഇതിനുമപ്പുറം വിവാഹബന്ധം പിരിയേണ്ടി
വിവാഹ ബന്ധങ്ങളിൽ നിന്നും പുറത്തു വരേണ്ടി വരുന്ന സാഹചര്യത്തെ ഇന്നും തുറന്ന മനസ്സോടെ കാണാൻ നമ്മുടെ സമൂഹം പഠിച്ചിട്ടില്ല. പരസ്പരം ചേർന്നു പോകാനാവാത്ത രണ്ടുപേരുടെ വിവാഹ ബന്ധം അവസാനിക്കുന്നത് അവരുടെ ജീവിതത്തിന്റെ തന്നെ അവസാനമാണെന്ന് കരുതുന്നവരാണ് സമൂഹത്തിൽ അധികവും. ഇതിനുമപ്പുറം വിവാഹബന്ധം പിരിയേണ്ടി
വിവാഹ ബന്ധങ്ങളിൽ നിന്നും പുറത്തു വരേണ്ടി വരുന്ന സാഹചര്യത്തെ ഇന്നും തുറന്ന മനസ്സോടെ കാണാൻ നമ്മുടെ സമൂഹം പഠിച്ചിട്ടില്ല. പരസ്പരം ചേർന്നു പോകാനാവാത്ത രണ്ടുപേരുടെ വിവാഹ ബന്ധം അവസാനിക്കുന്നത് അവരുടെ ജീവിതത്തിന്റെ തന്നെ അവസാനമാണെന്ന് കരുതുന്നവരാണ് സമൂഹത്തിൽ അധികവും. ഇതിനുമപ്പുറം വിവാഹബന്ധം പിരിയേണ്ടി വരുന്നവർ കുഴപ്പക്കാരാണെന്ന മനസ്ഥിതി വച്ചുപുലർത്തുന്നവരും കുറവല്ല. എന്നാൽ മാനസികമായി പൊരുത്തപ്പെടാനാവാത്ത നിലയിലും മറ്റുള്ളവരെ ബോധിപ്പിക്കാനായി രണ്ടുപേർ എല്ലാം സഹിച്ച് സന്തോഷങ്ങൾ നഷ്ടപ്പെടുത്തി കഴിയേണ്ടതില്ല എന്നും അത്തരം ഒരു ബന്ധത്തിൽ നിന്നും പുറത്തു വരുന്നതാണ് ഏറ്റവും വലിയ കാര്യം എന്നും സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ഈ വലിയ സന്ദേശത്തെ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യുവ മോഡലായ എ ഷാനിക്കാണ് ഫോട്ടോഷൂട്ടിലെ താരം. 'ഡിവോഴ്സ്ഡ് ബട്ട് നോട്ട് ഡാമേജ്ഡ് ' എന്നാണ് ഫോട്ടോഷൂട്ടിന് നൽകിയിരിക്കുന്ന പേര്. പുരോഗമനപരമായ ചിന്തകൾക്കൊപ്പം സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് ഷാനിക്ക്.
മനോധൈര്യം മാത്രം കൈമുതലാക്കി പ്രതിസന്ധികളെ ചവിട്ടുപടികളാക്കുന്നവരുടെ അതിജീവന കഥകൾ ധാരാളമുണ്ട്. എന്നാൽ ഈ അതിജീവന പോരാട്ടത്തിനൊപ്പം വലിയ സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കാനും സമൂഹം നിർണയിക്കുന്ന അതിർവരമ്പുകൾ ഭേദിച്ച് പ്രചോദനമാകാനും സാധിക്കുന്നവർ ചുരുക്കമായിരിക്കും. ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ട് ജീവിതപുസ്തകത്തിലെ ഓരോ ഏടിലും വിജയത്തിന്റെ കൈയൊപ്പ് ചാർത്തിയാണ് അധ്യാപകൻ കൂടിയായ ഈ മലപ്പുറത്തുകാരൻ മാതൃകയാകുന്നത്.
കുട്ടിക്കാലം മുതൽ ആത്മവിശ്വാസം കൈമുതലാക്കി
പ്രൈമറി വിദ്യാഭ്യാസകാലത്ത് വരിഞ്ഞു മുറുക്കിയ ബ്ലഡ് കാൻസർ രോഗത്തെ പടപൊരുതി തോൽപ്പിച്ചതിൽ തുടങ്ങുന്നു ഷാനിക്കന്റെ ജീവിത കഥ. ചികിത്സയിലായിരുന്നതുമൂലം മറ്റു കുട്ടികളെപ്പോലെ പുറത്തുപോകാനോ കളിച്ചു നടക്കാനോ ഒന്നും ആവാത്ത നിലയിലായിരുന്നു സ്കൂൾ കാലഘട്ടം. സഹോദരിയുടെ സുഹൃത്തുക്കളായ പെൺകുട്ടികൾ മാത്രമായിരുന്നു കളിക്കൂട്ടുകാർ. മൂന്നുവർഷം നീണ്ട ചികിത്സകൾക്കൊടുവിൽ രോഗം ഭേദമായി സ്കൂൾ ജീവിതം സാധാരണഗതിയിൽ ആരംഭിക്കുമ്പോഴേക്കും പെൺ കൂട്ടുകാരുടെ സ്വാധീനം പ്രകടമായിരുന്നു. സംസാരവും പ്രകൃതവുമൊക്കെ പെൺകുട്ടികളെ പോലെയാണെന്ന് പറഞ്ഞു സഹപാഠികൾ കളിയാക്കുന്നതും ഒറ്റപ്പെടുത്തുന്നതും പതിവായി. അസുഖം ഏൽപ്പിച്ചതിനേക്കാൾ വലിയ മാനസികാഘാതമാണ് ഈ സാഹചര്യം നൽകിയത്. ആ ട്രോമയിൽ നിന്നും കര കയറാൻ അന്നേ മനസ്സ് പാകപ്പെടുത്തിയതാണ് മുന്നോട്ടുള്ള വഴികളിലെ ഷാനിക്കിന്റെ ആദ്യ ചവിട്ടുപടി.
എഴുത്തിനോടും വായനയോടുമുള്ള ഇഷ്ടം മുറുകെപ്പിടിച്ച് സ്കൂൾ മത്സരങ്ങളിൽ പതിവായി വിജയിച്ചു തുടങ്ങി. വിഷമങ്ങളൊക്കെ കഥകളായും ചെറുകഥകളായും എഴുതിയിട്ടു. സ്കൂൾ നാടകങ്ങളിൽ അഭിനയിക്കാൻ കിട്ടിയ അവസരങ്ങളും പാഴാക്കിയില്ല. അങ്ങനെ ആൾക്കൂട്ടത്തെ നേരിടാനുള്ള പേടി ഷാനിക്ക് മറികടന്നത് വലിയ ആൾക്കൂട്ടങ്ങളെ സധൈര്യം നേരിട്ടുകൊണ്ടായിരുന്നു. മാനസികാവസ്ഥ തിരിച്ചറിഞ്ഞ് പിന്തുണയ്ക്കാൻ ആരും ഉണ്ടായില്ലെങ്കിലും പുസ്തകങ്ങളിൽ നിന്നും കിട്ടിയ അറിവുകൾ തന്നെ ഇതിന് ധാരാളമായിരുന്നു. സ്കൂൾ കാലഘട്ടത്തിലെ ഭയങ്ങളെയൊക്കെ അതിജീവിച്ച് പ്ലസ് ടു വരെ മത്സരവേദികളിലെ സജീവ സാന്നിധ്യമായി. തികച്ചും യാഥാസ്ഥിതികമായ ചിന്താഗതികളുള്ള കുടുംബ പശ്ചാത്തലമാണ് ഷാനിക്കിന്റേത്. പ്ലസ്ടുവിന് ശേഷം യഥാർഥത്തിൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന് പഠിക്കണമെന്നും സ്റ്റേജ് ആർട്ടിസ്റ്റവണമെന്നുമൊക്കെയുള്ള ആഗ്രഹം ശക്തമായിരുന്നെങ്കിലും കുടുംബത്തിന്റെ പ്രതികരണം എങ്ങനെയാവും എന്നത് കൃത്യമായ അറിയാവുന്നതിനാൽ അതിലേയ്ക്ക് തിരിഞ്ഞില്ല.
മോഡലിങ്ങെന്ന ഇഷ്ടത്തെ കൂട്ടുപിടിച്ചു
ആർക്കിടെക്ച്ചറൽ എൻജിനീയറിങ്ങാണ് തിരഞ്ഞെടുത്ത വിഷയം. കുറ്റിപ്പുറം എംഇഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലായിരുന്നു പഠനം. പഠന തിരക്കുകളിൽ കലയെല്ലാം മാറ്റിവെക്കേണ്ടി വന്നു. 2015 ൽ പഠനം കഴിഞ്ഞ് ഇറങ്ങി മാസങ്ങൾക്കുള്ളിൽ ക്യാമ്പസ് ഇന്റർവ്യൂവിൽ അതേ കോളജിൽ അധ്യാപകനായി. എട്ടു വർഷമായി അവിടെ ജോലി ചെയ്തു വരുന്നു. പഠനത്തിന്റെയും ജോലിയുടെയും തിരക്കുകളിലൊക്കെ മുഴുകുമ്പോഴും ഒരു വേദിയിൽ താരമാവുക എന്ന മോഹം എന്നും ഷാനിക്ക് ചേർത്തുവച്ചിരുന്നു. സ്വന്തം കാലിൽ നിൽക്കാനായാൽ സ്വപ്നങ്ങൾ കുറച്ചുകൂടി അടുത്തെത്തുമെന്ന ചിന്തയിലാണ് ഈ കാലങ്ങൾ അത്രയും മുന്നോട്ടുപോയത്. 2020ൽ വിവാഹിതനായി. എന്നാൽ ഒരുമിച്ചു പോകാനുള്ള ബുദ്ധിമുട്ടുകൾ പരസ്പരം മനസ്സിലാക്കി വിവാഹമോചനവും നേടി. ആറു വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷമാണ് സ്വപ്നങ്ങളിലേയ്ക്ക് തിരിയാൻ ഉറച്ച തീരുമാനം എടുക്കുന്നതും. അങ്ങനെ 2021 മോഡലിങ്ങിലേയ്ക്ക് ശ്രദ്ധ തിരിച്ചു.
ഒരു ഫാഷൻ ഷോയിൽ മോഡലായി ആയിരുന്നു അരങ്ങേറ്റം. അന്ന് ഒരു സെലിബ്രിറ്റി ഫാഷൻ ഷോയിലെ ഷോ സ്റ്റോപ്പറായി റാംപ് വോക്ക് ചെയ്യുന്നത് കണ്ട് അതേ സ്ഥാനത്ത് താൻ എത്തുന്നത് ഷാനിക്ക് സ്വപ്നം കണ്ടിരുന്നു. അങ്ങനെ ഈ രംഗത്ത് കൂടുതൽ സാധ്യതകൾ തേടി തുടങ്ങി. ഒടുവിൽ 2021ൽ തന്നെ വ്യത്യസ്ത സ്ഥാപനങ്ങൾ നടത്തിയ പേജന്റുകളിൽ മിസ്റ്റർ തൃശൂർ, മിസ്റ്റർ ചെന്നൈ, മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യ എന്നിങ്ങനെ ടൈറ്റിലുകൾ ഒന്നിനു പുറകെ ഒന്നായി സ്വന്തമാക്കി. മോഡലിങ്ങിലേയ്ക്ക് ചുവടുവച്ച് ആദ്യവർഷം ഇത്രയധികം നേട്ടങ്ങൾ കൈവരിക്കാനായതിനെ സ്വപ്നസമാനമായ നേട്ടം എന്നാണ് ഷാനിക്ക് വിശേഷിപ്പിക്കുന്നത്. ഒരു വർഷത്തിനിപ്പുറം ഇന്ത്യയിൽ ഏറ്റവും അധികം സൗന്ദര്യമത്സരങ്ങളിൽ ജയിച്ച ഇന്ത്യക്കാരൻ എന്ന ഇന്ത്യ ബുക്ക് റെക്കോർഡും അദ്ദേഹം നേടി.
ആദ്യ ഫാഷൻ ഷോയിൽ കണ്ട സ്വപ്നം ഷാനിക് യാഥാർഥ്യമാക്കിയത് ഗോവയിലെ ഇന്ത്യൻ ഫാഷൻ വീക്കിന്റെ വേദിയിലാണ്. 'മൈ ബോഡി, മൈ ഡ്രസ്സ്, മൈ ചോയ്സ് ' എന്ന സന്ദേശം ഉയർത്തി പിടിച്ച് റാംപിൽ എം ബോസ് മോഡലിംഗ് കമ്പനിയുടെ ഷോ സ്റ്റോപ്പറായി റാംപ് വോക്ക് ചെയ്തു. നിരവധി ഫാഷൻ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും വിധികർത്താവാകാനും അവസരം ലഭിച്ചിട്ടുണ്ട്. അധ്യാപനവും മോഡലിംഗും തികച്ചും വ്യത്യസ്തമായ മേഖലകളായതിനാൽ ഇവ രണ്ടും എങ്ങനെ ഒരുപോലെ കൈകാര്യം ചെയ്യാനാവുന്നു എന്നതാണ് പലരും ഉയർത്തുന്ന ചോദ്യം. അതിന് വ്യക്തമായ മറുപടിയും ഷാനിക്കിന്റെ പക്കലുണ്ട്. അധ്യാപകരെക്കുറിച്ചും ഓരോ വിഭാഗത്തിൽപ്പെട്ട മനുഷ്യരെക്കുറിച്ചും സമൂഹം ചില അതിർവരമ്പുകൾ നിർണയിച്ചിട്ടുണ്ട്. എന്നാൽ ചെയ്യുന്ന ജോലിയോട് ആത്മാർഥത കാണിക്കുക എന്നതിനപ്പുറം ഈ കണ്ടീഷനിങ്ങിൽ ഒന്നും ഒതുങ്ങി നിൽക്കേണ്ടതില്ല എന്നതാണ് ഷാനിക്കിന്റെ പോളിസി. തന്റെ വിദ്യാർഥികൾക്കു മുന്നിൽ തികഞ്ഞ ഉത്തരവാദിത്വത്തോടെ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്ന അധ്യാപകൻ മാത്രമാണ് ഷാനിക്ക്. ഒരിക്കലും ഒരു മോഡൽ എന്ന നിലയിൽ കുട്ടികൾ തന്നെ കാണുന്നില്ല. ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് കാര്യങ്ങൾ കുറച്ചുകൂടി വിശാല മനോഭാവത്തോടെ ഉൾക്കൊള്ളാനാവും എന്നതിന്റെ തെളിവായും ഷാനിക്ക് ഇത് കാണുന്നു.
മോഡലിങ്ങിനും അധ്യാപനത്തിനുമൊക്കെ അപ്പുറം സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയും ഷാനിക്കിന്റെ പ്രവർത്തനകളിൽ പ്രകടമാണ്. ക്യാൻസർ ബാധിച്ച ഒരാളുടെ മനോനില എത്തരത്തിലിയിരിക്കുമെന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയായിരിക്കും എന്നും ഷാനിക്ക് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. തന്നാലാവുന്നത് ചെയ്യുക എന്ന ലക്ഷ്യത്തോടെ രണ്ടുവർഷമായി മുടി നീട്ടി വളർത്തി അത് ക്യാൻസർ രോഗികൾക്ക് ദാനം നൽകി 'കേശദാനം ' പദ്ധതിയുടെ ഭാഗമാവുകയും ചെയ്തിരുന്നു. എന്നാൽ ഒരു അധ്യാപകൻ ഇത്തരത്തിൽ മുടി നീട്ടി വളർത്തുന്നത് തെറ്റായ പ്രവണതയാണെന്ന തരത്തിൽ ധാരാളം വിമർശനങ്ങളും നേരിട്ടു. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്കനുസരിച്ച് മാറുക എന്നതിലപ്പുറം ഓരോ പ്രവർത്തിയിലെയും നന്മയെക്കുറിച്ച് സ്വയം ബോധ്യവാനായി മുന്നോട്ടുപോകുന്ന ഷാനിക്കിന് പക്ഷേ അതൊരു പ്രതിസന്ധിയേ ആയിരുന്നില്ല.
മലപ്പുറം തിരൂർ സ്വദേശിയായ ഷാനിക്ക് മോഡലിങ്ങിനായി ഇറങ്ങിത്തിരിച്ച കാലത്ത് തന്റെ നാട്ടിൽ നിന്നും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. അവ കുടുംബത്തെ പോലും വിഷമിപ്പിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ അവർ ഒരിക്കലും ഷാനിക്കിൻ്റെ വഴികളിൽ തടസ്സമായി നിന്നില്ല. പേജൻ്റുകളിൽ വിജയിയായതിനും റെക്കോർഡ് നേട്ടത്തിനും പിന്നാലെ അതേ നാട്ടിൽ വച്ച് ആദരം ലഭിക്കുന്ന അവസരവും ഉണ്ടായി. അത് കുടുംബത്തിന് നൽകിയ അഭിമാനം ചെറുതായിരുന്നില്ല. മനുഷ്യരെ വിവേചനപരമായി കാണുന്നതിനെതിരെ ഷാനിക്ക് നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിന്തകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനൊപ്പം വസ്ത്ര സ്വാതന്ത്ര്യവും ഓരോ വ്യക്തിയുടെയും സ്വകാര്യതയാണെന്ന സന്ദേശവും ശക്തമായ ഭാഷയിൽ ഷാനിക്ക് സമൂഹത്തിന് മുന്നിലേയ്ക്ക് വയ്ക്കുന്നു.
'ഡ്രസ്സ് ഇസ് എ ചോയിസ് നോട്ട് എ സിംബൽ ' എന്ന പേരിൽ മറ്റൊരു ഫോട്ടോഷൂട്ടും അദ്ദേഹം നടത്തിയിട്ടുണ്ട്. വസ്ത്രങ്ങൾക്ക് ലിംഗ ഭേദമില്ലെന്നും ഒരു പുരുഷൻ സാരി ധരിക്കാനോ മേക്കപ്പ് ചെയ്യാനോ തീരുമാനിച്ചാൽ അത് അയാളുടെ സ്വാതന്ത്ര്യമാണെന്നും ചൂണ്ടിക്കാട്ടുകയാണ് ഈ ഫോട്ടോഷൂട്ട്.
സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള കാഴ്ചപ്പാടുകൾ അപ്പാടെ മാറ്റിമറിക്കുക എന്നത് എളുപ്പമല്ല. എന്നാൽ ബുള്ളിയിങ്ങായും വിലക്കുകളുടെ രൂപത്തിലും ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യവും സന്തോഷവും തല്ലിക്കെടുത്തുന്ന സമൂഹത്തിന്റെ വ്യവസ്ഥകൾ മറികടക്കേണ്ടവ തന്നെയാണ്. സ്വന്തം നിലപാടുകളും ഇച്ഛാശക്തിയും മാത്രം കൈമുതലാക്കിയാണ് അതിലേയ്ക്കുള്ള ഈ 33 കാരന്റെ പ്രയാണം. തന്റെ വേറിട്ട ജീവിതത്തിലെ ഓരോ ചുവടുവയ്പ്പുകളും ചുറ്റുമുള്ളവർക്ക് പ്രചോദനം നൽകുമെന്ന വിശ്വാസവും ഒപ്പമുണ്ട്. ആറങ്ങോട്ടിൽ ഹംസ ഹാജി - ഖദീജ ദമ്പതികളുടെ ഇളയ മകനാണ് ഷാനിക്ക്. ഷാജിമോൾ, ഷാഹിദ, ഹസ്കർ അലി, ഷംല എന്നിവർ സഹോദരങ്ങളാണ്.