Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ഷോള്‍ വേണമെന്ന് യുവതി, ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ മറുപടി!

Narendramodi Stole ശിൽപി തിവാരി, നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾക്കും പ്രസംഗത്തിനും മാത്രമല്ല വസ്ത്രരീതിക്കും ആരാധകരുണ്ട്. പ്രധാനമന്ത്രിയാകും മുമ്പുതന്നെ സ്റ്റൈലിന്റെ കാര്യത്തിൽ സ്വന്തം ശൈലി കൊണ്ടുവന്നയാളാണ് നരേന്ദ്രമോദി. ഹാഫ്സ്ലീവ് കുർത്തകളും നെഹ്റു ജാക്കറ്റുകളുമൊക്കെയാണ് മോദിയുടെ പ്രിയപ്പെട്ട വസ്ത്രങ്ങൾ. മോദി കുർത്ത എന്നൊരു സ്റ്റൈൽ ഐക്കൺ കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ വിശേഷം അതൊന്നുമല്ല മോദിയുടെ സ്റ്റോളാണ്( ഷോളിന്റെ തന്നെ മറ്റൊരു രൂപം).

മോദിയുടെ സ്റ്റോളിന് ഒരു കടുത്ത ആരാധികയെ കിട്ടിയിരിക്കുകയാണ്, അവസാനം ആ സ്റ്റോൾ ആരാധികയ്ക്കു സമ്മാനമായി അയക്കുകയും ചെയ്തു അദ്ദേഹം.മഹാശിവരാത്രി ദിനത്തോടനുബന്ധിച്ച് കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സന്ദർശിച്ച് ശിവപ്രതിമ അനാവരണം ചെയ്യുന്നതിനായെത്തിയപ്പോൾ ധരിച്ച സ്റ്റോളാണ് ശിൽപി തിവാരി എന്ന പെൺകുട്ടിയുടെ മനംകവർന്നത്. സ്റ്റോൾ കണ്ടു കൊതിച്ച് വെറുതെയിരിക്കുകയല്ല കക്ഷി ചെയ്തത്. അതു ട്വീറ്റ് ചെയ്യുകയും ചെയ്തു.

സമൂഹമാധ്യമത്തിൽ നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് ശിൽപി. വെള്ളിയാഴ്ച്ചയാണ് മോദിയുടെ സ്കാർഫ് മികച്ചതാണെന്നു പറഞ്ഞ് ശിൽപി ട്വീറ്റ് ചെയ്തത്. എനിക്ക് മോദിയുടെ ഈ സ്റ്റോൾ വേണം എന്നായിരുന്നു ശില്‍പിയുടെ ആദ്യട്വീറ്റ്. തൊട്ടടുത്ത ദിവസം തന്നെ ശിൽപിയെ ഞെട്ടിച്ച് മറുപടിയും ലഭിച്ചു. മയിൽപീലിപച്ച നിറമുള്ള സ്കാർഫ് കൊതിച്ച പെൺകുട്ടിക്ക് അതു സമ്മാനമായി നൽകിയതിനൊപ്പം പെൺകുട്ടിയുടെ ട്വീറ്റ് പ്രിന്റെടുത്ത് അതിൽ തന്റെ ഒപ്പു വെച്ച് അയക്കുകയും ചെയ്തു അദ്ദേഹം.

ഇരുപത്തിയൊന്നു മണിക്കൂറുകൾക്കുള്ളിൽ ശിൽപി അടുത്ത ട്വീറ്റും ഇട്ടു. അതിങ്ങനെയായിരുന്നു, നരേന്ദ്രമോദി ഈ അനുഗ്രഹം തനിക്ക് അയച്ചിരിക്കുന്നു, ഇന്നലെ താൻ സ്റ്റോൾ വേണമെന്ന് ട്വീറ്റ് ചെയ്തിരുന്നു. താൻ സ്വപ്നം കാണുകയാണോ എന്നായിരുന്നു ശിൽപിയുടെ ട്വീറ്റ്. ഒരു പ്രധാനമന്ത്രി നിങ്ങളുടെ ശബ്ദത്തെ ശ്രദ്ധിക്കുകയും പ്രതികരിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്നത് വിശ്വസിക്കാനാവുമോ എന്നും ശിൽപി ചോദിക്കുന്നു. എന്തായാലും മോദിയുടെ സ്റ്റോളിനു പിന്നാലെയാണ് ഇപ്പോൾ സമൂഹമാധ്യമം.