ഷൊർണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഒരാഴ്ച മുൻപാണ് അജ്ഞാതർ വരച്ച ഗ്രാഫിറ്റി ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.
സ്വാതന്ത്ര്യദിനത്തിൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലും റെയിൽ കോച്ചിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് മധുര–പുനലൂർ പാസഞ്ചറിലും ആലപ്പുഴ – ധൻബാദ് എക്സ്പ്രസിലും അജ്ഞാത കലാസൃഷ്ടി െതളിഞ്ഞു. പുകയും പൊടിയും ചെളിയും നിറഞ്ഞു നാശമായ കോച്ചുകൾ നൊടിയിടകൊണ്ടു മനോഹരമാക്കുകയാണ് ആ കലാകാരന്മാർ ചെയ്തതെന്ന് ഒരു വാദം. അനുവാദമില്ലാതെ പൊതുസ്ഥലത്തു ചിത്രം വരച്ചുവയ്ക്കുന്നതു നിയമലംഘനമാണെന്നു നിയമം.
റെയിൽവേ പൊലീസും രഹസ്യാന്വേഷണ വിഭാഗവും തലപുകച്ചു. ആരാണ് ഈ വേലത്തരങ്ങളുടെ പിന്നിൽ? ആർഎച്ച്സ്, ബിഗ്സ്, ഡികെഎസ് എന്നൊക്കെ കടുംനിറങ്ങളിൽ എഴുതി നിറച്ചിരിക്കുന്നതു വായിച്ചെടുക്കാം. ചിത്രങ്ങളുടെ അടിയിൽ റെയിൽ ഹൂൺസ് എന്നും എഴുതിയിരിക്കുന്നു. നിഗൂഢമായി പ്രവർത്തിക്കുന്നതും രാജ്യാന്തര തലത്തിൽ ബന്ധങ്ങളുള്ളതുമായ സംഘടനയാണു റെയിൽ ഹൂൺസ്. ഇംഗ്ലണ്ടാണ് ആസ്ഥാനം. പൊതുസ്ഥലങ്ങളിൽ മനോഹരങ്ങളായ ചിത്രങ്ങളും ആവേശമുയർത്തുന്ന മുദ്രാവാക്യങ്ങളും പതിപ്പിച്ചു സ്ഥലംവിടുകയാണു പരിപാടി.
ഇന്ത്യയിലും ഗ്രാഫിറ്റി കലാകാരന്മാരുണ്ടെങ്കിലും ഇവരിൽ റെയിൽ ഹൂൺസുമായി ബന്ധമുള്ളവരെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തങ്ങളുടെ സൃഷ്ടിയെ ശല്യമായി കാണുന്നവരെ അരസികന്മാരെന്നാണു ഗ്രാഫിറ്റിക്കാർ വിളിക്കുന്നത്. ആദിമ മനുഷ്യൻ ഗുഹാചിത്രരചന തുടങ്ങിയ കാലം മുതലുള്ളതാണു ഗ്രാഫിറ്റിയെന്ന് ഇവർ പറയുന്നു. റഷ്യൻ വിപ്ലവം, അറബ് വസന്തം, ഒക്യുപൈ വാൾസ്ട്രീറ്റ് തുടങ്ങിയ മുന്നേറ്റങ്ങൾക്കു ഗ്രാഫിറ്റി പ്രചോദനമായിട്ടുണ്ട്. We are the 99%, End the Fed, Tax the rich തുടങ്ങിയ മുദ്രാവാക്യങ്ങൾ ന്യൂയോർക്കിലെ ചുമരുകളിലെല്ലാം എഴുതിവച്ചതു ഗ്രാഫിറ്റി കലാകാരന്മാരാണ്.
ബെർലിൻ മതിലിലും ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ നിർമിച്ച മതിലിലും ഗ്രാഫിറ്റികൾ കാണാം. ഇംഗ്ലണ്ടിലൊക്കെ റെയിൽവേ ടണലുകളിലും ട്രെയിനുകളിലും ചിത്രം വരയ്ക്കാൻ ഗ്രാഫിറ്റി കലാകാരന്മാരെ ഗവൺമെന്റ് ക്ഷണിച്ചുവരുത്താറുപോലുമുണ്ട്. കേരളത്തിൽ ഫോർട്ട് കൊച്ചിയിലെ മതിലുകളിൽ കഴിഞ്ഞ ബിനാലെയോട് അനുബന്ധിച്ചു വരച്ച ഗ്രാഫിറ്റികൾ ഇപ്പോഴും മായാതെയുണ്ട്.
എന്നാൽ, അരസികന്മാരെന്ന പഴി കേട്ടാലും കുഴപ്പമില്ല, റെയിൽ ഹൂൺസ് തീവണ്ടിയിൽ വരച്ച ചിത്രങ്ങൾ മായ്ച്ചുകളഞ്ഞു വീണ്ടും പഴയ പെയിന്റ് തന്നെ അടിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം.