സാനിറ്ററി പാഡുകൾ പെണ്ണുങ്ങളുടെ കുത്തകയാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത് അല്ലെ? ആർത്തവ ദിനങ്ങളിലെ സ്ത്രീകളുടെ ഈ കൂട്ടുകാരി ഒരുകാലത്ത് പുരുഷന്മാരുടെ ആത്മമിത്രമായിരുന്നുവെന്നു കേട്ടാലോ? മനസിലായില്ലല്ലേ... ഇന്നു പുരുഷന്മാർ വാകൊണ്ടുറക്കെ പറയാൻ പോലും മടിക്കുന്ന സാനിറ്ററി പാഡുകൾ ആദ്യമായി നിർമ്മിച്ചത് സ്ത്രീകൾക്കു വേണ്ടിയായിരുന്നില്ല മറിച്ച് പുരുഷന്മാർക്ക് വേണ്ടി തന്നെയായിരുന്നു. ഇനിയും വിശ്വസിക്കാനാവുന്നില്ലെങ്കിൽ സാനിറ്ററി പാഡുകളുടെ ചരിത്രം തന്നെ ഒന്നു വിശകലനം ചെയ്തു കളയാം.
ഫ്രാൻസിലെ യുദ്ധകാലത്താണു സംഭവം. യുദ്ധത്തിൽ പരിക്കേറ്റ് രക്തവാർച്ചയുള്ള പട്ടാളക്കാർക്കായി അവിടുത്തെ നഴ്സുമാരാണ് പാഡു കണ്ടുപിടിച്ചത്. യുദ്ധകാലത്ത് പെട്ടെന്നു ലഭ്യമായിരുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് അവര്‍ പാഡുകൾ തയ്യാറാക്കിയിരുന്നത്. ലഭിക്കാൻ ചീപ്പെന്നതു മാത്രമല്ല ഉപയോഗശേഷം വലിച്ചെറിയാമെന്നതുമായിരുന്നു പ്രത്യേകത. ഇതു കണ്ടുപിടിക്കും മുമ്പു വരെയ്ക്കും സ്ത്രീകൾ ആർത്തവകാലത്ത് സാനിറ്ററി പാഡുകൾ ഉപയോഗിച്ചിട്ടില്ലായിരുന്നു.
പിൽക്കാലത്ത് 1888ൽ കോട്ടെക്സ് സ്ത്രീകൾക്കായി ആ ബാൻഡേജുകൾക്കു സമാനമായ ലേഡീസ് സാനിറ്ററി ടവലുകൾ വിപണിയിലിറക്കുകയും ചെയ്തു. പരുത്തിത്തുണി തന്നെയായിരുന്നു അന്നത്തെ പാഡുകളിലെ പ്രധാന ഘടകം. പിന്നീടു ഡിസ്പോസിബിൾ പാഡുകൾ വിപണിയിലിറങ്ങിയപ്പോഴും കുറേവർഷത്തേയ്ക്ക് സ്ത്രീകൾക്ക് അതു ദിവസകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ബുദ്ധിമുട്ടായിരുന്നു.
അങ്ങനെ സാനിറ്ററി പാഡുകളുടെ വിപണി വളർന്നു വളർന്ന് അതു സ്ത്രീകളുടെ സ്വന്തം അഹങ്കാരമായി മാറി. അന്നു തുടങ്ങിയതിൽ പിന്നെ സ്ത്രീകളുടെ ഉത്തമേതാഴിയായി മാറി സാനിറ്ററി പാഡുകൾ. ഇന്ന് വിധത്തിലും തരത്തിലും സാനിറ്ററി പാഡുകൾ വിപണിയിലിറക്കാൻ മത്സരിക്കുകയാണ് പല കമ്പനികളും. ഇപ്പോഴും സാനിറ്ററി പാഡുകൾ വാങ്ങുകയെന്നത് വീട്ടിലെ സ്ത്രീകൾ മാത്രം ചെയ്യേണ്ടുന്ന കർമമാണെന്നു വിശ്വസിക്കുന്ന പല പുരുഷ കേസരികൾക്കും ഇനിയെന്തെങ്കിലും പറയാനുണ്ടോ???