Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിക്കാരും ഇനി നിന്നു ചിരിക്കും, സംഗതി കിടിലൻ !!

Standup Comedy വിനയ് മേനോൻ, അബീഷ് മാത്യു, ജോർജ് വിവിയൻ പോൾ

ഒന്നു ചിരിക്കൂ...ശരി ഇനി വായിച്ചു തുടങ്ങാം. സ്റ്റാൻഡ് അപ് കോമഡി രംഗം കൊച്ചിയിൽ സജീവമാകുകയാണ്. പല സ്റ്റേജുകളിലും നഗരത്തിലെ പല കഫെകളിലും സ്റ്റാൻഡ് അപ് കോമഡി ഷോ പതിവു കാഴ്ചയാകുന്നു. വീർ ദാസ്, ഈസ്റ്റ് ഇന്ത്യ കോമഡി തുടങ്ങിയ പ്രമുഖർ കൊച്ചിയിലെത്തി ഷോ ചെയ്യുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളുടെ ഗണത്തിലേക്ക് എത്തിപ്പെട്ടിട്ടില്ലെങ്കിലും വൈകാതെ ഇവിടെയും സ്റ്റാൻഡ് അപ് കോമഡി പതിവാകുമെന്നു തീർച്ച. എഐബി (ഓൾ ഇന്ത്യ ബക്ചോദ്) റോസ്റ്റർ ഉൾപ്പെടെയുള്ള പരിപാടികൾ വിവാദമായതോടെയാണു സ്റ്റാൻഡ് അപ് കോമഡിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. വിദേശങ്ങളിലും രാജ്യത്തെ മറ്റു മെട്രോ നഗരങ്ങളിലും പരിചിതമെങ്കിലും സാധാരണ മലയാളികൾക്കിതു പുതുതാണ്. യു ട്യൂബിലൂടെ സ്റ്റാൻഡ് അപ് ഷോകൾ കണ്ട് ഇഷ്ടപ്പെടുന്നവർ ഒട്ടേറെ.

ചാക്യാർകൂത്തിന്റെയും മറ്റും ഒരു ഇംഗ്ലിഷ് വേർഷനെന്നു ലളിതമായി വിശേഷിപ്പിക്കാം സ്റ്റാൻഡ് അപ് കോമഡിയെ. മലയാളത്തിലെ പല മിമിക്രി താരങ്ങളും അവതരിപ്പിക്കുന്ന പരിപാടികളുമായും സാമ്യമുണ്ട്. ഇവിടെ ഇംഗ്ലിഷാണു ഭാഷ. പ്രത്യേക വേഷങ്ങളൊന്നും ഉണ്ടാകണമെന്നില്ല. പ്രത്യേക വിഷയങ്ങളും മുൻകൂട്ടി അറിയിക്കണമെന്നില്ല. കാണികൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചുള്ള തമാശകളാണ് ഇവർ പറയുന്നത്. ഒരു സന്ദർഭം പറഞ്ഞ് ഒരു തമാശ പറയുന്നു. അതിനു തുടർച്ചയായി തമാശകളും കഥകളും ഇവർ തുടരും. ചെറുപ്പക്കാരാണു സ്റ്റാൻഡ് അപ് കോമഡിയെ കൊച്ചിയിലും സജീവമാക്കുന്നത്. യു ട്യൂബിലും മറ്റും സ്റ്റാൻഡ് അപ് ഷോകൾ കണ്ട് ഇതിന്റെ ആരാധകരായി മാറിയവർ. ജെടി പാക്കിലും ചായ് കോഫി കഫെയിലുമെല്ലാം സ്റ്റാൻഡ് അപ് കോമഡികൾ പതിവായി അവതരിപ്പിക്കപ്പെടുന്നുണ്ട്. സുരേഷ് മേനോൻ, വീർ ദാസ്, ഈസ്റ്റ് ഇന്ത്യ കോമഡി, കണ്ണൻ ഗിൽ, കെന്നി സെബാസ്റ്റ്യൻ, രാധികാ വാസ്, അതിഥി മിത്തൽ തുടങ്ങിയ പേരുകൾ ഇന്ത്യൻ സ്റ്റാൻഡ് അപ് കോമഡി രംഗങ്ങളിൽ ശ്രദ്ധേയമാണ്. സി.കെ. ലൂയി, റോഫ് ഗാൻജി, ജോർജ് കാർലിൻ, ക്രിസ് റോക്ക്, റോബിൻ വില്യംസ്, എഡ്ഡി മർഫി തുടങ്ങിയ പേരുകളാണു രാജ്യാന്തര സ്റ്റാൻഡ് അപ് കോമഡി രംഗത്തു തിളങ്ങി നിൽക്കുന്നത്.

തമാശയിലുമുണ്ട് ഒരു മേനോൻ ടച്ച്

Standup Comedy സ്ഥലം: പള്ളിമുക്ക്, കൊച്ചി, വിദ്യാഭ്യാസം: രാജഗിരി എൻജിനീയറിങ് കോളേജിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിടെക്, മുൻപ് : ഐടി കമ്പനി ഉദ്യോഗസ്ഥൻ, ഇന്ന്: സ്റ്റാൻഡ് അപ് കൊമേഡിയൻ, ഇംഗ്ലീഷ് അധ്യാപകൻ

തന്റെ പഠനം പൂർത്തിയാക്കിയ അവസരത്തിലൊന്നും വിനയ് മേനോൻ ഒരു സ്റ്റാൻഡ് അപ് കൊമേഡിയൻ ആകുന്നതിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. രാജഗിരി കോളജിൽ നിന്നു 2008–ൽ ബിടെക് പാസായ ശേഷം ജോലിക്കു ചെന്നൈയിൽ എത്തിയ സമയത്താണു സ്റ്റാൻഡ് അപ് കോമഡിയെക്കുറിച്ചു കേൾക്കുന്നത്. ജോലി ബെംഗളൂരുവിലേക്കു മാറിയതോടെ കോമഡി ഷോകളിൽ പതിവു കാഴ്ചക്കാരനായി. ആളുകളെ ചിരിപ്പിക്കുന്ന ഈ സംഗതി കൊള്ളാമല്ലോയെന്ന ചിന്ത വന്നതും അങ്ങനെ. സ്റ്റാൻഡ് അപ് കോമഡി രംഗത്തു പരിചിതമായ ഓപ്പൺ മൈക്ക് നൈറ്റ് വേദിയിലാണു വിനയ് മേനോൻ തന്റെ ചിരി പരീക്ഷണം ആദ്യമായി നടത്തുന്നത്. ആർക്കും വേദിയിലെത്തി തമാശ പറയാവുന്ന ഒരു വേദിയാണിത്. 2012–ൽ ആദ്യമായി തമാശ പറയാൻ സ്റ്റേജിൽ കയറിയെങ്കിലും അത്ര ക്ലിക്കായില്ലെന്നു വിനയ്. എന്നാൽ പിൻമാറാൻ ഒരുക്കമായിരുന്നില്ല. പിന്നീട് ഇവിടെ പതിവായി സ്റ്റേജിൽ കയറി. ഏതാനും ഷോകൾ കഴിഞ്ഞതോടെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ഈ രംഗത്തു ശ്രദ്ധേയരായ ആളുകൾ പരിചയപ്പെട്ടതോടെ അവരുടെ സഹായങ്ങളും ലഭിച്ചു. അങ്ങനെ സ്റ്റാൻഡ് അപ് കോമഡി രംഗം വിനയ് മേനോനെ ശ്രദ്ധയോടെ കാണാൻ തുടങ്ങി. ഷോകൾ പതിവായി ലഭിച്ചതോടെ ജോലി ഉപേക്ഷിക്കാമെന്ന ധൈര്യമായി. ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ കോമഡി ഷോ രംഗങ്ങളിൽ സജീവമായിരിക്കെയാണു 2013–ൽ വിനയ് കൊച്ചിയിലേക്കു ചുവടുമാറ്റുന്നത്. പക്ഷേ, പിന്നെയും കാത്തിരിക്കേണ്ടി വന്നു കൊച്ചിയിൽ ഒരു ഷോ ചെയ്യാൻ. പാതി മലയാളിയായ സ്റ്റാൻഡ് അപ് കൊമേഡിയൻ നവീൻ റിച്ചാർഡുമൊത്തു 2014 ജൂണിൽ കൊച്ചിയിലെ ആദ്യ സ്റ്റാൻഡ് അപ് കോമഡി ഷോ ചെയ്തു. ഇപ്പോൾ കൊച്ചിയിൽ പതിവായി ഷോ ഒരുക്കുന്നുണ്ട് നവീൻ. മറ്റു നഗരങ്ങളിലെ കോമഡി ആർട്ടിസ്റ്റുകളെ കൊച്ചിയിലെത്തിക്കാനും ശ്രമിക്കുന്നു. രാജ്യമെങ്ങും യാത്ര ചെയ്തു പതിവായി ഷോ ചെയ്യുന്നു.

ഇംഗ്ലിഷ് സംസാരിക്കുമ്പോഴുള്ള മലയാളി ആക്സന്റിനെ കളിയാക്കിയാണു ഷോയിൽ ചിരി ഉയർത്തുന്നത്. ഭാഷയാണു കൊച്ചിയിലെ പ്രധാന വെല്ലുവിളിയെന്നു വിനയ് പറയുന്നു. ഇംഗ്ലിഷിൽ കോമഡിയോ എന്ന ചിന്തയാണ് ഇവിടെ പലർക്കുമുള്ളത്. പരിചിതമായിക്കഴിഞ്ഞാൽ സ്ഥിരമായി എത്തുമെന്നു തീർച്ച. യു ട്യൂബിൽ കാണുന്നതിനേക്കാൾ ഏറെ ആകർഷകമാണു നേരിട്ട് ആസ്വദിക്കുന്നത്. മലയാളികൾ ഇക്കാര്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നു വിനയ് പറയുന്നു. ഓരോ സാഹചര്യം അനുസരിച്ചു ഷോയുടെ രീതിയിലും മാറ്റം വരാറുണ്ട്. കുടുംബം നൽകിയ പിന്തുണയാണു സ്റ്റാൻഡ് അപ് കോമഡി രംഗത്തേക്കു വന്നപ്പോൾ കരുത്തായതെന്നു വിനയ് പറയുന്നു. സെന്റ് തെരേസാസ് കോളജ് ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപികയായി വിരമിച്ച ലക്ഷ്മി ദേവിയാണ് അമ്മ. മറ്റു നഗരങ്ങളിലേതു പോലെ കൊച്ചിയിലും സ്റ്റാൻഡ് അപ് കോമഡി രംഗം വരും നാളുകളിൽ കൂടുതൽ സജീവമാകുമെന്നു വിനയ് പറയുന്നു.

ഒരു സംഭവമാണ് അബീഷ്

Standup Comedy അബീഷ് മാത്യു, സ്ഥലം: ന്യൂഡൽഹി, വിദ്യാഭ്യാസം: ഡൽഹി യൂണി വേഴ്സിറ്റിയിൽ നിന്നു ബിഎ ഹിസ്റ്ററി ഓണേഴ്സ്, മുൻപ്:റേഡിയോ ജോക്കി, ഇന്ന്: രാജ്യത്തെ ശ്രദ്ധേയനായ സ്റ്റാൻഡ് അപ് കൊമേഡിയൻ

മാതാപിതാക്കൾ മലയാളികളാണെങ്കിലും അബീഷ് വളർന്നതും പഠിച്ചതും ഡൽഹിയിൽ. ആലപ്പുഴക്കാരനായ പിതാവ് സി.എം.മത്തായിയാണു സ്റ്റേജിൽ കയറാനുള്ള പേടി ഇല്ലാതാക്കിയതെന്ന് അബീഷ് പറയുന്നു. എത്ര ചെറിയ സ്റ്റേജാണെങ്കിലും കയറാൻ പിതാവു നിർബന്ധിക്കും. പ്രച്ഛന്നവേഷം, സംഗീതം തുടങ്ങി പരിപാടി എന്തായാലും പങ്കെടുക്കാൻ തുടങ്ങി. അങ്ങനെയാണു സ്റ്റേജിനോടുള്ള പേടി മാറിയത്. സ്കൂളിൽ അവസാന വർഷം പല പരിപാടികൾക്കും അവതാരകനായും തിളങ്ങി. ഹിസ്റ്ററി ഓണേഴ്സിൽ ഡിഗ്രി ചെയ്യുന്നതിനിടെ പാർട് ‌ടൈമായി റേഡിയോയിൽ ജോലി ചെയ്തു. അക്കാലത്തു കോളജ് ബാൻഡിലും സജീവമായിരുന്നു. പഠനത്തിനു ശേഷം ആർജെയായി ജോലി ആരംഭിച്ചു. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ സ്റ്റാൻഡ് അപ് കോമഡി സജീവമായിത്തുടങ്ങിയ കാലമായിരുന്നുവത്. അങ്ങനെ 2009–ൽ ആദ്യത്തെ ഓപ്പൺ മൈക്ക് സ്റ്റേജിൽ അബീഷ് കയറി. പിന്നാലെ ഷോകൾ പതിവായി. റേഡിയോ ജോലിയിൽ നിന്നു ലഭിക്കുന്ന വരുമാനം കോമഡി ഷോകളിൽ നിന്നു ലഭിച്ചു തുടങ്ങിയതോടെ 2010–ൽ ജോലി വിട്ടു മുഴുവൻ സമയ സ്റ്റാൻഡ് അപ് കോമഡി രംഗത്തേക്ക്. രാജ്യത്തു സ്റ്റാൻഡ് അപ് കോമഡി സജീവമായതോടെ അബീഷ് മാത്യുവെന്ന പേരും ചിരിയുയർത്തി. 2014–ലാണു സൺ ഓഫ് അബീഷ് എന്ന പ്രശസ്ത ഷോ ആരംഭിക്കുന്നത്. ഒട്ടേറെ പ്രമുഖർ ഇതിൽ ഭാഗമായി. പ്രശസ്തമായ ഒട്ടേറെ യു ട്യൂബ് വിഡിയോകളും ഇതിനിടെ അബീഷിലൂടെ പുറത്തെത്തി. എഐബി, കണ്ണൻ ഗിൽ, സുരേഷ് മേനോൻ തുടങ്ങിയ പ്രമുഖർക്കൊപ്പം ഷോകൾ ചെയ്തു. ഗായകൻ, അവതാരകൻ തുടങ്ങിയ നിലകളിലെല്ലാം അബീഷ് ശ്രദ്ധേയനാണ്. അടുത്തിടെ യു ട്യൂബിൽ ശ്രദ്ധേയമായ എൻഡ് ഓഫ് ദ് മന്ത് എന്ന റാപ്പ് വിഡിയോ ഇദ്ദേഹത്തിന്റേതായിരുന്നു. പല രംഗങ്ങളിലും തിളങ്ങുന്നുവെങ്കിലും തനിക്കേറ്റവും പ്രിയം സ്റ്റാൻഡ് അപ് കോമഡി രംഗമാണെന്ന് അബീഷ് പറയുന്നു. ഗായകനായി സ്റ്റേജിലെത്തിയാൽ പാട്ടു കഴിഞ്ഞാൽ കയ്യടി ലഭിക്കും. കോമഡിയിൽ അങ്ങനെയല്ല. നിങ്ങൾ പറയുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ കയ്യടി കിട്ടില്ല. പ്രതികരണം ഓരോ നിമിഷവും പ്രധാനമാണ്. കയ്യടി ലഭിച്ചില്ലെങ്കിൽ മറ്റൊരു തമാശ പ്രയോഗിക്കാൻ അറിഞ്ഞിരിക്കണം. ഏറെ ശ്രമകരമായ ജോലിയാണിത്. ന്യൂയോർക്ക് കോമഡി ക്ലബ്, ഹോളണ്ടിലെ രാജ്യാന്തര കോമഡി ഫെസ്റ്റിവൽ എന്നിവയിലെല്ലാം പരിപാടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ ഒരു ഷോയ്ക്കുള്ള അവസരം ലഭിച്ചിട്ടില്ല അബീഷിന്. ഈ വർഷം അതു സാധിക്കുമെന്നാണു പ്രതീക്ഷയെന്നും തന്റെ തമാശകൾ ഏറ്റവും പെട്ടെന്നു മനസിലാക്കാൻ സാധിക്കുക മലയാളികൾക്കാണെന്നും അബീഷിന്റെ ചിരിവാക്കുകൾ. നടി അർച്ചന കവിയുടെ ഭർത്താവാണ് അബീഷ്.

വിവിധതരം ചിരിയുമായി വിവിയന്‍

Standup Comedy സ്ഥലം: പനമ്പിള്ളി നഗർ, കൊച്ചി, വിദ്യാഭ്യാസം: കോതമംഗലം എംഎ കോളേജിൽ നിന്നു സിവിൽ എൻജിനീയറിങിൽ ബിടെക് ബിരുദം, മുൻപ്:വിവിധ കമ്പനികളിൽ ഉദ്യോഗസ്ഥൻ

ഇന്ന്: സ്റ്റാൻഡ്അപ് കൊമേഡിയൻ, കൊച്ചി കൊമേഡിയൻസിന്റെ ആരംഭകൻ മറ്റുള്ളവരുടെ മുഖത്തു ചിരി വിടർത്തുക. ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ തന്റെ ഊർജം ഈ ചിന്തയാണെന്നു ജോർജ് വിവിയൻ പോളിന്റെ വാക്കുകൾ. ബിടെക് ബിരുദം 2011–ൽ പൂർത്തിയാക്കിയ ശേഷം ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. 2013–ൽ ജോലിയുടെ ഭാഗമായി കൊൽക്കത്തയിലെത്തി. അവിടെ സ്റ്റാൻഡ് അപ് കോമഡി സജീവമാകുന്ന സമയമായിരുന്നു.

വലിയ താരങ്ങളൊന്നും അവിടെയില്ല. കൊൽക്കത്തയിലെത്തി ആദ്യമായി സ്റ്റാൻഡ് അപ് കോമഡി കണ്ട ദിവസം തന്നെ ഇതാണു തന്റെ വഴിയെന്നു തിരിച്ചറിഞ്ഞെന്നു ജോർജ് പറയുന്നു. അങ്ങനെ ജോലിയോടു വിട പറഞ്ഞു മുഴുവൻ സമയവും ചിരിയുടെ ലോകത്തേക്കു ചേക്കേറി. ഓപ്പൺ മൈക്ക് ഷോകളിലായിരുന്നു ആദ്യം. പിന്നാലെ പല സ്റ്റേജുകളിലായി ഷോ ചെയ്യാൻ തുടങ്ങി. ഇന്നു കൊൽക്കത്ത കൊമേഡിയൻസ് എന്ന സംഘത്തിന്റെ ഭാഗമാണു ജോർജ്. രാജ്യത്തെ ആദ്യത്തെ സ്ട്രീറ്റ് കോമഡി ആർട്ടിസ്റ്റ് താനാണെന്നും ഈ ചെറുപ്പക്കാരൻ പറയുന്നു. കൂട്ടുകാരോടു സംസാരിക്കുന്ന രീതിയിലാണു ജോർജിന്റെ സ്റ്റാൻഡ് അപ് ഷോകൾ. ചില വലിയ പ്രശ്നങ്ങളിൽ പോലും തമാശ കണ്ടെത്താൻ ശ്രമിക്കാറുണ്ട്. പക്ഷ, കാണികൾ എപ്പോഴും അതിനെ പിന്തുണയ്ക്കണമെന്നില്ലെന്നു ജോർജ് പറയുന്നു. തന്റെ ഭാഷയുടെ ടോൺ തന്നെയാണു ജോർജിന്റെ ഹൈലൈറ്റ്. വിഷയങ്ങൾ മാറ്റി പരീക്ഷിക്കാറുമുണ്ട്. ഇംഗ്ലിഷിൽ പശ്ചാത്തലം ഒരുക്കി പ്രാദേശിക ഭാഷകളിൽ പഞ്ച് ഡയലോഗ് അടിക്കാനുള്ള കഴിവും ജോർജിനെ വ്യത്യസ്തനാക്കുന്നു. ബംഗാളി ഉൾപ്പെടെ ആറോളം ഭാഷകൾ വഴങ്ങും ഈ കൊച്ചിക്കാരന്. പിതാവ് ആർമിയിൽ സേവനം ചെയ്തിരുന്ന കാലത്തു പല സ്ഥലങ്ങളിലായി പഠനം നടത്തിയതാണു ഭാഷകൾ പഠിച്ചെടുക്കാൻ സഹായിച്ചത്. കൊച്ചിയിലേക്കും സ്റ്റാൻഡ് അപ് രംഗം കടന്നുവരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു ജോർജ് പറയുന്നു. വരുന്ന മൂന്നു വർഷത്തിനുള്ളിൽ കൊച്ചിയിലും സ്റ്റാൻഡ് അപ് കോമഡിക്കു വളക്കൂറുള്ള ഇടമൊരുക്കുകയാണു ലക്ഷ്യം. കൊച്ചി കൊമേഡിയൻസിന്റെ ആരംഭവും ഇതിൽ നിന്നാണ്. ചെറുപ്പക്കാർ പലരും താൽപര്യവുമായി എത്തുന്നതു സന്തോഷം നൽകുന്നുവെന്നും ജോർജ് വിവിയൻ പോളിന്റെ വാക്കുകൾ.

സ്റ്റാൻഡ്അപ് കോമഡി ഇങ്ങനെ

∙ അവതരണം ഇംഗ്ലിഷിലാകും. ഭാഷയിൽ അത്യാവശ്യം പരിചയമുള്ളവർക്കു രസകരമായി ആസ്വദിക്കാൻ സാധിക്കും.

∙ സ്റ്റാൻഡ് അപ് ഷോ ചെയ്യുന്നവർക്കു പല റോളുകളാണ്. സ്ക്രിപ്റ്റ് തയാറാക്കുന്നതും സംഭാഷണങ്ങൾ രചിക്കുന്നതും അവതരിപ്പിക്കുന്നതും കട്ട് പറയുന്നതുമെല്ലാം ഒരാൾ തന്നെ.

∙ സന്ദർഭങ്ങൾക്കനുസരിച്ചു കോമഡി പറയാൻ കഴിവുണ്ടാകണം. കുട്ടികൾക്കു താൽപര്യമുള്ള തമാശകൾ മുതിർന്നവർക്ക് ഇഷ്ടപ്പെടണമെന്നില്ല.

∙ ഒരു സ്ക്രിപ്റ്റ് എപ്പോഴുമുണ്ടാകണം. പക്ഷേ സ്റ്റേജിലെത്തിയാൽ ഇതിനു മാറ്റം വന്നേക്കാം.

∙ പ്രത്യേക വേഷങ്ങളൊന്നും ധരിക്കേണ്ടതില്ല. പക്ഷേ സ്റ്റേജിൽ നിങ്ങൾ അഭിനയിക്കേണ്ടി വന്നേക്കാം. സദസിൽ ചിരി ഉണർത്താൻ അതു കാരണമാകാം.

∙ വളരെ ലളിതമായ വിഷയങ്ങളാകണം തമാശയ്ക്കു വിഷയമാക്കേണ്ടത്. സദസിലുള്ളവർക്കു പെട്ടെന്നു പിടിച്ചെടുക്കാൻ സാധിക്കുന്നതാകണം വിഷയം.

∙ മലയാളികളുടെ ഇംഗ്ലിഷ് സംസാരിക്കുമ്പോഴത്തെ ഉച്ചാരണം എങ്ങനെയെന്നതാണു വിനയ് മേനോനും മറ്റും അവതരിപ്പിക്കുന്നത്. മലയാളികൾ പേരിടുന്നതിന്റെ പ്രത്യേകതകൾ പറഞ്ഞ് അബീഷ് മാത്യുവും കയ്യടി നേടിയിട്ടുണ്ട്.

∙ നിങ്ങളുടേതായ ഒരു പഞ്ച് ഡയലോഗ് എപ്പോഴും കരുതിയിരിക്കണം.

∙ നിങ്ങളുടെ തമാശയ്ക്ക് എപ്പോലും ചിരി മറുപടിയായി ലഭിക്കണമെന്നില്ല. തമാശ സദസിനു രസിച്ചില്ലെങ്കിൽ പെട്ടെന്നു ചുവടുമാറ്റാൻ കഴിയണം.

∙ യു ട്യൂബിൽ കാണുന്നതിനേക്കാൾ നേരിട്ടുള്ള ഷോ ആസ്വദിക്കാൻ ശ്രമിക്കുക. കൂടുതൽ പ്രിയപ്പെട്ടതായി മാറും.