അയ്‌ലാൻ, ഞാൻ പകർത്തിയത് നിന്റെ നിശബ്ദമായ നിലവിളിയെ...

അയ്‌ലാൻ കുർദിയുടെ ചിത്രം പകർത്തിയ ലാതുർക്കിയിലെ ദൊഗാൻ വാർത്താഏജൻസിയുടെ പ്രതിനിധിയും ഫൊട്ടോഗ്രാഫറുമായ നിലോഫർ

എത്രയോ നാളുകളായി കാണുന്നതാണീ കടലിനെ...

അത്രയും നാൾ തിരകൾ തീരത്തിനു തന്നത്

നിറയെ ചിപ്പിയും ശംഖുമൊക്കെയായിരുന്നു.

ചിലത് ചലിക്കുന്നവ, മറ്റു ചിലത് നിർജീവം.

എത്രയോ പകലിരവുകൾ ഈ തിരകൾ

നിലോഫറിന്റെ കാലുകളെ ഇക്കിളിയിട്ടിരിക്കുന്നു.

പക്ഷേ,

ഇന്നിപ്പോൾ കടലിനെ അവൾക്ക് പേടിയാണ്.

കാരണം

ഇത്തവണ കടൽ തന്നത് ഒരു മുത്തിനെയായിരുന്നു,

തീരത്തെ മണലിനെ മുത്തിയുറങ്ങുന്ന ഒരു പാവം കുരുന്നിനെ...

പ്രതീക്ഷകളുടെ തീരം സ്വപ്നം കണ്ടുള്ള യാത്രയിലായിരുന്നു അവൻ.

പക്ഷേ,

അച്ഛന്റെ കൈവിരൽത്തുമ്പിന്നറ്റത്തു നിന്നവൻ പൊഴിഞ്ഞു വീണത്

നിസ്സഹായതയുടെ ശ്വാസംമുട്ടിക്കുന്ന പിടച്ചിലിലേക്കായിരുന്നു.

അത്രയും നാൾ കൗതുകത്തോടെ മാത്രം കണ്ടുനിന്നിരുന്ന കടൽ

കലിപൂണ്ട് ജീവനെടുക്കാനെത്തിയപ്പോൾ

കണ്ണിറുക്കിയടച്ചൊന്ന് കരയാൻ പോലുമായിട്ടുണ്ടാകില്ല അവന്.

മൂന്നു വയസ്സേ ആയിട്ടുള്ളൂ.

ജീവിതത്തിലേക്കു പോലും പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ,

അവനറിയാമെന്നു തോന്നുന്നില്ല,

മരണമെന്ന വാക്കിന്റെ അർഥം പോലും...

തിരകളുടെ കൈപിടിച്ചൊടുവിൽ

കരയോടണഞ്ഞപ്പോൾ

ഒരു നാടിന്റെ വിലാപമായിത്തീർന്നിരുന്നു അവൻ...

അവന്റെ നാടിനെ മുക്കിയ ചോരയുടെ നിറമായിരുന്നു ആ കുഞ്ഞുടുപ്പിന്.

ഒപ്പം അവന്റെ സ്വപ്നങ്ങളോളം വലിപ്പമുള്ള ആകാശത്തിന്റെ നീലയും.

കാലിൽ മരണം കുഞ്ഞുചെരിപ്പുകളായി കറുത്തു കിടന്നു.

ബോഡ്റം കടൽത്തീരം നിറയെ മരണം

നിശ്ചലദേഹങ്ങളായി കിടക്കുകയായിരുന്നു.

കാഴ്ചകൾക്കു മുന്നിൽ കണ്ണുനീർ പൊടിയരുത്.

കണ്മുന്നിൽ കാണുന്നത് പകർത്തിയേ പറ്റൂ.

ജോലിയാണത്.

എങ്കിലും പ്രതീക്ഷയുടെ ഒരിറ്റു തുള്ളിത്തുമ്പിൽ പിടിച്ച് നിലോഫർ ആരോടോ ചോദിച്ചു:

‘ആ കുഞ്ഞിന് ജീവനുണ്ടോ...?’

മരണം പോലെ തണുത്തതായിരുന്നു മറുപടി.

അന്നേരം കേൾക്കാനാകുമായിരുന്നു,

തിരമാലകളേക്കാളും ഉച്ചത്തിൽ

അവന്റെ നിശബ്ദമായ നിലവിളി...

അയ്‌ലാൻ, ഗാലിപ്...

ഞാൻ പകർത്തിയത് നിങ്ങളുടെ നിർജീവമായ ശരീരങ്ങളെയല്ല,

നിശബ്ദമായ ആ നിലവിളികളെയായിരുന്നു...

(തുർക്കിയിലെ ദൊഗാൻ വാർത്താഏജൻസിയുടെ പ്രതിനിധിയും ഫൊട്ടോഗ്രാഫറുമാണ് ഇരുപത്തിയൊൻപതുകാരിയായ നിലോഫർ.)