ഈ ലോകത്തിന്റെ പോക്ക് ഇതെങ്ങോട്ടാണ്. ഒരു കുറ്റകൃത്യത്തിനു മേൽ പരാതി ലഭിച്ചാലും തെളിവില്ല എന്നു പറഞ്ഞാണ് പ്രശ്നം. തെളിവുണ്ടായാലോ അത് അപര്യാപ്തമാണ് എന്ന് പറഞ്ഞും. കാര്യം എന്തൊക്കെയായാലും പല ക്രിമിനൽ കേസുകളിലും പ്രതികൾ രക്ഷപ്പെടുന്നു എന്നതാണ് വാസ്തവം. ഇവിടെ സംഭവിച്ചിരിക്കുന്നതും സമാനമായ സംഭവമാണ് 15 വയസ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അത് ഫേസ്‌ബുക്കിൽ ലൈവ് ആയി കാണിക്കുകയും ചെയ്തു.
മാർച്ച് 19 നു അമേരിക്കൻ നഗരമായ ചിക്കാഗോയിലാണ് 15 കാരിയായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായത്. വീടിനു പുറത്ത് കടയിൽ പോയ കുട്ടി പിന്നീടു മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. അപ്പോഴാണ് ലൈംഗിക പീഡനത്തിന്റെ കഥ പുറം ലോകം അറിയുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ആറു പേരടങ്ങുന്ന സംഘം കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഈ സംഭവം ഫേസ്‌ബുക്കിൽ ലൈവ് വിഡിയോ ആയി പോകുകയും ചെയ്തു.
എന്നാൽ ഏറ്റവും ഖേദകരമായ കാര്യം ഈ വിഡിയോ കണ്ടവർ ആരും തന്നെ പൊലീസിൽ പരാതിപ്പെട്ടില്ല എന്നതാണ്. ഒടുവിൽ പൊലീസ് നേരിട്ട് കേസിൽ ഇടപെടുകയും സൈബർ സെല്ലിന്റെ സഹായത്തോടെ ഫേസ്‌ബുക്കിൽ നിന്നും വിഡിയോ പിൻവലിക്കുകയുമായിരുന്നു. ശേഷം, കാണാതായ പെൺകുട്ടിയെ കണ്ടെത്തി. മാനസികമായും ശാരീരികമായും ഏറെ തളർന്ന പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. തന്നെ പീഡിപ്പിച്ചവരെ എല്ലാം ഓർമയില്ല എങ്കിലും ഒരാളെ താൻ ഓർക്കുന്നതായി പെൺകുട്ടി അറിയിച്ചു. കേസന്വേഷണം പുരോഗമിക്കുകയാണ്