എന്തിലും ഏതിലും മായം നിറഞ്ഞ കാലമാണിത്. പുറത്തു നിന്നും വാങ്ങുന്ന ഭക്ഷണ സാധനങ്ങളിൽ പലതും ദീർഘനാൾ കേടാകാതെ നിൽക്കാനായി പലവിധത്തിലുള്ള മായങ്ങൾ ചേർക്കുന്നവയാണ്. കാഴ്ചയിൽ എന്തു ഭംഗിയെന്നു തോന്നുന്ന പല പഴങ്ങൾ പോലും മാരകമായ വിഷങ്ങളും മറ്റും ചേര്‍ത്താണ് വിപണിയിൽ എത്തുന്നത്. ഒറ്റനോട്ടത്തിൽ ഒരു പ്രശ്നവുമില്ലെന്നു തോന്നുമെങ്കിലും പഴങ്ങളിലേറെയും പല മായങ്ങളാൽ സമൃദ്ധമാണ്. അടുത്തിടെ നടൻ കാളിദാസ് ജയറാം ഫേസ്ബുക്കിൽ പങ്കുവച്ച ഒരു വിഡിയോയും സമാന സംഭവം വ്യക്തമാക്കുന്നതാണ്.
കഴിക്കാനായി ഒരു ആപ്പിൾ എടുത്തപ്പോഴാണ് കാളിദാസ് ഞെട്ടിയത്, അതിനു പുറമെ മുഴുവൻ മെഴുകാണ്. കണ്ടപാെട ആപ്പിൾ വലിച്ചെറിയുന്നതിനു മുമ്പ് ആപ്പിളിലെ മെഴുകിന്റെ അംശം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന വിഡിയോ എടുത്തു ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു താരം. '' ഷൂട്ടിങ്ങ് ലൊക്കേഷനു സമീപത്തു നിന്നു വാങ്ങിയ ആപ്പിളിൽ കണ്ട കാഴ്ചയാണിത്. ഇത് എന്റെ ഫേസ്ബുക് പേജിൽ പങ്കുവെക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ, അല്ലാതെ എനിക്കെന്തു ചെയ്യാൻ കഴിയും? '' എന്നു പറഞ്ഞാണ് കാളിദാസ് വിഡിയോ പങ്കുവച്ചത്.
കത്തി ഉപയോഗിച്ച് ആപ്പിളിലെ മെഴുകു മുഴുവനായി ചുരണ്ടി എടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. പങ്കുവച്ച് അധികംവൈകാതെ തന്നെ വിഡിയോക്ക് നിരവധി ഷെയറുകളും കമന്റുകളും ലഭിച്ചിരുന്നു. ഇനി മെഴുകുതിരിക്കു പകരം ആപ്പിൾ എടുത്തു കത്തിച്ചാല്‍ മതിയെന്നും ചിലയിനം ആപ്പിളുകളില്‍ ഭാരം കൂട്ടാനും കേടുവരാതിരിക്കാനും ദോഷകരമല്ലാത്ത മെഴുകു ചേർക്കാറുണ്ടെന്നും ആപ്പിൾ കഴിക്കും മുമ്പെ തൊലി നീക്കം ചെയ്യാൻ ശ്രദ്ധിച്ചാൽ മതിയെന്നും പോകുന്നു കമന്റുകൾ. എന്തായാലും വിപണിയിൽ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോൾ ഒരൽപം ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് കാളിദാസ് പങ്കുവെക്കുന്നത്.
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam