മുണ്ടുടുത്തയാളെ മാളിൽ കയറ്റിയില്ല, ഇംഗ്ലീഷില്‍ സംസാരിച്ചപ്പോൾ അനുവാദം; വിഡിയോ

കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളിലാണ് സംഭവം നടന്നത്. മുണ്ടു ധരിച്ച് മാളിലേക്കെത്തിയ ആളെ തടഞ്ഞു നിർത്തുകയാണ് ജീവനക്കാരൻ...

പുറംകാഴ്ച വച്ച് വ്യക്തികളെ അളക്കുന്ന സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. നല്ല സ്റ്റൈലൻ ഡ്രസ് ധരിച്ച് അടിപൊളി ലുക്കിൽ വരുന്നവരൊക്കെ നല്ല വ്യക്തിത്വങ്ങളും നാടൻ വേഷത്തിൽ വരുന്നവരൊക്കെ പഴഞ്ചൻ ആളുകളും എന്നു ചിന്തിക്കുന്നവർ ഇന്നുമുണ്ട്. സമൂഹം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇത്തരത്തില്‍ ചിന്തിക്കുന്ന ആളുകൾക്ക് ഇപ്പോഴും പഞ്ഞമില്ലെന്നു വ്യക്തമാക്കുന്നതാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഒരു വിഡിയോ. ഭാഷയിലുള്ള പരിജ്ഞാനവും വേഷവിധാനവുമൊക്കെയാണ് ഒരു വ്യക്തിയെ അളക്കാനുള്ള മാനദണ്ഡം എന്നു വിശ്വസിച്ചു പോന്ന മാള്‍ ജീവനക്കാരനെയാണ് വിഡിയോയിൽ കാണുന്നത്. ‌

കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളിലാണ് സംഭവം നടന്നത്. മുണ്ടു ധരിച്ച് മാളിലേക്കെത്തിയ ആളെ തടഞ്ഞു നിർത്തുകയാണ് ജീവനക്കാരൻ. ലുങ്കിയോ മുണ്ടോ ധരിച്ച് മാളിൽ പ്രവേശിക്കാൻ കഴിയില്ലെന്നാണ് ജീവനക്കാരൻ പറയുന്നത്. ശേഷം മുണ്ടു ധരിച്ചെത്തിയയാൾ ഇംഗ്ലീഷിൽ മറുപടി പറഞ്ഞതോടെ ജീവനക്കാരൻ ഒന്ന് അയയുകയും കക്ഷി ഉത്തമനാണെന്ന ബോധ്യത്തോടെ ക‌ടത്തിവിടാൻ അനുവദിക്കുകയുമായിരുന്നു. എന്നാൽ തങ്ങളുടെ വ്യക്തിത്വത്തെയും സംസ്കാരത്തെയുമൊക്കെ അവഹേളിക്കുകയാണ് മാളുകാര്‍ ചെയ്തത് എന്നു പറഞ്ഞ അവർ അപ്പോൾ തന്നെ അവിടം വിടുകയും ചെയ്തു. 

സംഭവത്തിനെല്ലാം ദൃക്സാക്ഷിയായ ദേബ്‌ലീന സെൻ എന്ന യുവതിയാണ് ദൃശ്യങ്ങൾ പകർത്തി സാഹചര്യങ്ങളെല്ലാം വിശദീകരിച്ച് ഫെയ്‌സ്ബുക്കിൽ  പങ്കുവച്ചത്. വിഷയത്തെക്കുറിച്ച് മാനേജ്മെന്റിനോടു സംസാരിച്ചപ്പോൾ മുണ്ടോ ലുങ്കിയോ ധരിച്ചെത്തുന്നവരെ മാളിൽ പ്രവേശിപ്പിക്കരുത് എന്നതു നേരത്തെ എടുത്ത തീരുമാനമാണ് എന്നാണത്രേ അറിയിച്ചത്. പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അപമാനമാണ് ഇത്തരം സംഭവങ്ങൾ എന്നു പറഞ്ഞാണ് പലരും വിഡിയോ പങ്കുവെക്കുന്നത്. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam