നഴ്സറിയിലേക്കു കാലു കുത്തുംമുമ്പേ മക്കളെ മാസ്റ്റർമാരാക്കണം എന്ന ചിന്താഗതിയാണ് പല മാതാപിതാക്കൾക്കും. അതുകൊണ്ടാണ് കുഞ്ഞുവായിൽ അക്ഷരങ്ങൾ ചൊല്ലിപ്പഠിച്ചു തുടങ്ങുംമുമ്പേ അവരെ ചൂരലിനു മുന്നിൽ നിർത്തി നിർബന്ധിച്ചു പാഠം പകരുന്നത്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിലും മൂന്നുവയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെ ഭീഷണിപ്പെടുത്തി പഠിപ്പിക്കുന്ന അമ്മയെയാണു കണ്ടത്. വിഷയത്തെ അപലപിച്ച് യുവരാജ് സിങ്, വിരാട് കോഹ്‌ലി തുടങ്ങി ഒരുപാടു സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു, ഇപ്പോഴിതാ ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടിയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
അഞ്ചു വയസ്സുകാരന്‍ വിയാന്റെ അമ്മ കൂടിയായ ശിൽപയെയും ആ വിഡിയോ വല്ലാതെ വേദനിപ്പിച്ചിരുന്നു. '' ഒരു അമ്മ എന്ന നിലയ്ക്ക് ആ വിഡിയോ എന്നെ ശരിക്കും വേദനിപ്പിച്ചു, പക്ഷേ എന്നിരിക്കിലും ഒരു അമ്മയ്ക്കു മാത്രമേ കുഞ്ഞിന് എന്താണു വേണ്ടതെന്നു മനസ്സിലാവുകയുള്ളു. അമ്മ എങ്ങനെയാണ് കുട്ടിയെ വളർത്തേണ്ടതെന്നു പറയാൻ ആർക്കും അവകാശമില്ല.'' എങ്കിലും താനൊരിക്കലും വിയാനോട് അത്തരത്തിൽ ചെയ്യില്ലെന്നും ശിൽപ പറഞ്ഞു.
കുഞ്ഞ് തെറ്റുമോയെന്ന ഭീതിയോടെ ഓരോ അക്കങ്ങളും എണ്ണിപ്പറയുന്നതായിരുന്നു വിഡിയോയിലുള്ളത്. നിറകണ്ണുകളോടെ ഏങ്ങിയേങ്ങി കരയുന്നതിനിടയിൽ പലതും മാറുന്നുമുണ്ട്. അതിനിടയിൽ തനിക്കു തെറ്റിപ്പോകുന്ന വേളയിലാണ് മിഴിനീരൊഴുക്കി തൊഴുകയ്യോടെ ആ കുഞ്ഞ് കരുണയ്ക്കായി അപേക്ഷിക്കുന്നത്. എന്നിട്ടും മനസ്സലിയാതെ കുഞ്ഞിന്റെ കവിളിൽ അടിക്കുന്നതും വിഡിയോയിൽ കാണാം. മൂന്നുവയസ്സുകാരിയായ ആ കുഞ്ഞ് ഗായകരും സംഗീത സംവിധായകരുമായ ഷാരിബ്, ടോഷി എന്നിവരുടെ അനന്തിരവളായിരുന്നു.
സംഗതി വിവാദമായതോടെ ന്യായീകരണവുമായി ടോഷി രംഗത്തെത്തുകയും ചെയ്തിരുന്നു. വിഡിയോ ഫാമിലി വാട്സാപ് ഗ്രൂപ്പിനു വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും അതെങ്ങനെ പുറത്തേക്കു പോയെന്ന് അറിയില്ലെന്നുമാണ് ടോഷി പറഞ്ഞത്. കുഞ്ഞ് വാശിക്കാരിയാണെന്നും അമ്മയെ അനുസരിക്കുന്നില്ലെന്നും കാണിക്കാനാണ് വിഡിയോ ഗ്രൂപ്പിൽ ഇട്ടതെന്നും ടോഷി പറഞ്ഞു. കരഞ്ഞാൽ അമ്മ പഠിപ്പിക്കൽ നിർത്തി കളിക്കാൻ വിടുമെന്ന് അവൾക്കറിയാം, അതിനുവേണ്ടിയാണ് നിർത്താതെയുള്ള ആ കരച്ചിൽ. മകൾ ഭയങ്കര കുറുമ്പിയാണെന്നു കാണിക്കാനായി ആ അമ്മ തന്റെ സഹോദരനും ഭർത്താവിനും വേണ്ടി തയ്യാറാക്കിയ വിഡിയോ ആണതെന്നും ടോഷി പറയുകയുണ്ടായി.
പക്ഷേ ഈ വിശദീകരണങ്ങളൊന്നും വിഡിയോ കണ്ട് രോഷാകരുലരായവരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. വാട്സാപ് ഗ്രൂപ്പിൽ പറഞ്ഞു ചിരിക്കാനായി വിഡിയോ തയ്യാറാക്കുമ്പോൾ ആ കുഞ്ഞിന്റെ മാനസികാവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചിരുന്നെങ്കിൽ എന്നാണ് പലരും പറയുന്നത്. ഇനിയെങ്കിലും കുട്ടികളെ പഠിപ്പിക്കേണ്ട രീതികളെക്കുറിച്ച് അധ്യാപകർക്കും മാതാപിതാക്കള്ക്കും കൗൺസിലിങ് നൽകണമെന്നും ഭൂരിഭാഗം പേരും പറയുന്നു.
Read more: Lifestyle Malayalam Magazine