വിവിധ രീതികളിലുള്ള ഹെയര്‍ സ്റ്റൈലുകൾ പരീക്ഷിക്കാൻ സ്ത്രീകളേക്കാൾ മുൻപന്തിയിലാണ് പുരുഷന്മാര്‍. സിനിമാതാരങ്ങളുടെ തരംഗമാകുന്ന ഹെയർ സ്റ്റൈലുകളിൽ തിളങ്ങാൻ ഇഷ്‌ടപ്പെടുന്നവരാണ് ഏറെയും. ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലുമൊക്കെ പോയി ഇഷ്ടപ്പെടുന്ന വിധത്തിൽ മുടി വെട്ടിയതിനു ശേഷമുള്ളൊരു കലാപരിപാടിയുണ്ട്. ബാർബർമാർ ചെയ്യുന്ന നെക് മസാജ് അഥവാ നെക് ക്രാക്ക് ആണിത്. മൊത്തത്തിൽ ഒരു റിലാക്സേഷൻ കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, അത്തരത്തിൽ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങളെ എന്നെന്നേക്കുമായി കിടക്കയിലാഴ്ത്താൻ പാകമാണ് ഈ നെക്മസാജ്.
ഹെയർകട്ടിനു ശേഷം ചെയ്ത നെക് മസാജിന്റെ ദുരിതം അനുഭവിക്കുന്ന അജയ് കുമാർ എന്ന അമ്പത്തിനാലുകാരന്റെ കഥയാണ് സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്നത്. മുടി വെട്ടിയതിനു ശേഷം നെക് മസാജ് ചെയ്യുന്നതിനിടെ തല ഇരുവശത്തേക്കുമാക്കി ക്രാക് ചെയ്യുന്നതിനിടെ അജയ്‌യുടെ ദശമനാഡിക്കു ക്ഷതം സംഭവിക്കുകയായിരുന്നു. ഇതു ശ്വാസോച്ഛ്വാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. സ്വന്തമായി ശ്വാസമെടുക്കാൻ കഴിയാത്ത അജയ് ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്.
അജയ്‌യുടെ ഡയഫ്രത്തിനും ഇതിലൂടെ സാരമായ പരിക്കു പറ്റിയെന്നും ഇനിയങ്ങോട്ട് വെന്റിലേറ്റർ സഹായമില്ലാതെ അജയ്ക്കു ജീവിക്കാൻ കഴിയുമോയെന്നു സംശയമാണെന്നും ഡോക്ടർമാർ പറയുന്നു. മുടിവെട്ടാനെത്തിയ ആള്‍ക്ക് നെക് മസാജ് റിലാക്സേഷൻ നൽകുമെങ്കിലും ചില അവസരങ്ങളിൽ അതു കൈവിട്ടുപോകുമെന്നാണ് ഡോക്ടർമാരുടെ വാദം. എന്തായാലും ഇനി ബാർബർ ഷോപ്പുകളിൽ പോയി മുടി വെട്ടിയതിനു ശേഷം നെക് മസാജ് ചെയ്യുംമുമ്പ് ഒന്നുകൂടി ആലോചിക്കുന്നതു നന്നായിരിക്കുമെന്നു പറഞ്ഞു വെക്കുകയാണ് ഈ സംഭവം.
Read more: Lifestyle Malayalam Magazine