ടാറ്റൂ പ്രേമം അതിരുവിട്ടാല്‍ കാഴ്ചപോലും നഷ്ടപ്പെടാം, ഞെട്ടിക്കും ഈ യുവതിയുടെ അനുഭവം !

കനേഡിയൻ മോഡൽ കൂടിയായ കാറ്റ് ഗാലിങ്കർ എന്ന സുന്ദരിയ്ക്കാണ് ടാറ്റൂ മോഹം ദുരിതം വിതച്ചത്...

ടാറ്റൂവിനോടുള്ള പ്രണയം മൂത്താണ് ആ പെൺകുട്ടി അന്ന് അങ്ങനെ ചെയ്തത്. തന്റെ കണ്ണിനെ കൂടുതൽ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെ 'സ്ക്ലേരാ ടാറ്റൂ' അഥവാ കണ്ണിലെ വെളുപ്പു പ്രതലത്തിനു പകരം അവിടെ മഷികൊണ്ടു നിറം നൽകൽ ആയിരുന്നു ഉദ്ദേശം. പക്ഷേ ഫലമോ കണ്ണു കൂടുതൽ കുളമായെന്നു മാത്രമല്ല കാഴ്ച പോലും നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ഇന്നവൾ. കനേഡിയൻ മോഡൽ കൂടിയായ കാറ്റ് ഗാലിങ്കർ എന്ന സുന്ദരിയ്ക്കാണ് ടാറ്റൂ മോഹം ദുരിതം വിതച്ചത്. 

ടാറ്റൂ തന്നെ എങ്ങനെയാണു വിപരീതമായി ബാധിച്ചതെന്നു വ്യക്തമാക്കുന്നൊരു കുറിച്ചും ഫെയ്‌സ്ബുക്കിൽ നൽകി ഇരുപത്തിനാലുകാരിയായ കാറ്റ്. ഓഗസ്റ്റിലായിരുന്നു തന്റെ കാമുകനായിരുന്ന എറിക് ബ്രൗൺ എന്ന േബാഡി മോഡിഫിക്കേഷന്‍ ആർട്ടിസ്റ്റിന്റെ നിർബന്ധത്തിനു വഴങ്ങി കണ്ണിനുള്ളിലെ വെളുത്ത പ്രതലത്തിനു പകരം കളർഫുൾ ആക്കാൻ കാറ്റ് തീരുമാനിച്ചത്. കൃഷ്ണമണിക്കു ചുറ്റുമുള്ള ഭാഗം പർപ്പിൾ നിറത്തിലാക്കാൻ ആയിരുന്നു കാറ്റ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇൻജക്ഷൻ അമിതമായതും നേർപ്പിക്കാത്ത മഷിയുടെ ഉപയോഗവുമൊക്കെ വിപരീതഫലമാണു നൽകിയത്. കാറ്റിന്റെ വാക്കുകളിലേക്ക്....

മറ്റാർക്കും ഇത്തരം ഒരനുഭവം സംഭവിക്കരുതേയെന്നും പറഞ്ഞാണ് കാറ്റ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്...

എന്റെ കണ്ണിനെക്കുറിച്ച് ചോദിച്ചവരുടെയെല്ലാം ശ്രദ്ധയ്ക്ക്...

മൂന്ന് ആഴ്ചകൾക്കു മുമ്പ് എറിക് ബ്രൗൺ ചെയ്തതാണിത്. ഇന്ന് ഒരു സ്പെഷലിസ്റ്റിനെ കാണാനുള്ള ഒരുക്കത്തിലാണു ഞാൻ, ഇതു ശരിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ കാഴ്ചയെ തന്നെ ബാധിച്ചേക്കാം. നേര്‍പ്പിക്കാത്ത മഷിയെടുത്തതും ഇൻജക്ഷൻ അമിതമായതുമൊക്കെയാണ് ഇതിനു കാരണമായത്. ടാറ്റൂ ചെയ്തതിനു ശേഷമുള്ള പരിചരണത്തിൽ ഞാൻ അതീവ ശ്രദ്ധാലുവായിരുന്നു. 

ഒരു പ്രശ്നം ഉണ്ടാക്കാനല്ല ഞാൻ ഇക്കാര്യം പങ്കുവെക്കുന്നത്, മറിച്ച് ഇതു ചെയ്തുതരാൻ നിങ്ങൾക്ക് ആരെയാണ് ലഭിക്കുന്നതെന്നും ആ പ്രക്രിയ കൃത്യമായാണു ചെയ്യുന്നതെന്നും ഉറപ്പു വരുത്തണം. ഇതിനകം മൂന്നോളം തവണ ഞാൻ ആശുപത്രിയിൽ പോയി, അലർജി വരാൻ തക്കതായി എനിക്കൊരു ഓമനമൃഗം പോലുമില്ല, കണ്ണിലേക്ക് തൊടുംമുമ്പ് എപ്പോഴും കൈകള്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. 

ആദ്യത്തെ ആഴ്ചയിൽ ആന്റിബയോട്ടിക് ഡ്രോപ്സും ഇപ്പോൾ നാലുദിവസമായി സ്റ്റിറോയ്ഡ് ഡ്രോപ്സും ഉപയോഗിക്കുകയാണ്. അകത്തുള്ള നീരുവീഴ്ച കുറയ്ക്കാനാണിത്.  പുറത്തെ നീര് ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിന്നിരുന്നു. പർപ്പിൾ ഡ്രോപ് ചെയ്ത സമയത്തെയും നീരുവന്ന സമയത്തെയും മൂന്നാഴ്ചയ്ക്കു ശേഷവുമുള്ള ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. 

ഇത്തരം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ടാറ്റുകൾ ശരീരത്തിൽ പതിപ്പിക്കുമ്പോൾ എത്രത്തോളം ഗവേഷണം ചെയ്യേണ്ടതുണ്ടെന്നും എങ്ങനെ ഫലപ്രദമായ മാർഗം മാത്രം തിരഞ്ഞെടുക്കണമെന്നും പറഞ്ഞുവെക്കുകയാണ് കാറ്റിന്റെ പോസ്റ്റ്. മറ്റാർക്കും ഇത്തരം ഒരനുഭവം സംഭവിക്കരുതേയെന്നും പറഞ്ഞാണ് കാറ്റ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

Read more: Lifestyle Malayalam Magazine