Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ സുന്ദരികൾ മലയാളികളോ തമിഴരോ? വിവാദ ചർച്ച സംപ്രേക്ഷണം ചെയ്യാൻ വിലക്ക് !

Neeya Nana 'നീയാ നാനാ' എ​ന്ന പേരിൽ പുറത്തിറങ്ങുന്ന സംവാദ പരിപാടിയിലാണ് കൂടുതൽ സുന്ദരികൾ തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകളോ അതോ കേരളത്തിൽ നിന്നുള്ള സ്ത്രീകളോ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്...

സൗന്ദര്യം എന്നത് ആപേക്ഷികമാണ്, ഈ ലോകത്തുള്ള എല്ലാവരും സുന്ദരന്മാരും സുന്ദരിമാരുമാണ്. എന്നാൽ ഓരോരുത്തരും സൗന്ദര്യം കാണുന്ന രീതിയിലാണ് വ്യത്യാസമുള്ളത്. എന്തൊക്കെയാണെങ്കിലും സൗന്ദര്യത്തിന്റെ പേരു പറഞ്ഞുള്ള തർക്കങ്ങള്‍ തീർത്തും അഭികാമ്യമല്ല, അതു വ്യക്തമാക്കുന്നതാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നവും. കൂടുതൽ സുന്ദരികൾ തമിഴരോ അതോ മലയാളികളോ എന്ന പേരിൽ ഒരു തമിഴ് ചാനൽ സംഘടിപ്പിച്ച ചർച്ചയാണ് വിമർശനങ്ങൾക്കു വഴിവച്ചത്. 

'നീയാ നാനാ' എ​ന്ന പേരിൽ പുറത്തിറങ്ങുന്ന സംവാദ പരിപാടിയിലാണ് കൂടുതൽ സുന്ദരികൾ തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകളോ അതോ കേരളത്തിൽ നിന്നുള്ള സ്ത്രീകളോ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്. മലയാളിപ്പെൺകുട്ടികളാണ് കൂടുതൽ സുന്ദരികൾ എന്നു വാദിച്ചവർ സെറ്റുസാരിയുടുത്തു തനികേരള സ്റ്റൈലിലും തമിഴ് പെൺകൊടികളാണ് കൂടുതൽ സുന്ദരികൾ എന്നു വാദിക്കുന്നവർ പട്ടുപുടവയുടുത്തു വന്നു സംവാദം കൊഴുപ്പിച്ചു. 

എന്നാൽ ഇരുനാട്ടുകാർക്കും പരിപാടിയുടെ പ്രൊമോ പുറത്തിറങ്ങിയതു മുതൽക്കു തന്നെ താൽപര്യക്കുറവായിരുന്നു, അതു പലരും പ്രകടിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമത്തിനകത്തും പുറത്തുമൊക്കെയായി നടന്ന വ്യാപക പ്രചരണത്തിനൊടുവിൽ ഷോ ടെലികാസ്റ്റ് ചെയ്യാനുള്ള പദ്ധതി തന്നെ ചാനൽ അധികൃതർ ഉപേക്ഷിച്ചിരിക്കുകയാണ്. ഷോ ടെലികാസ്റ്റ് ചെയ്യുന്നില്ലെന്ന വിവരം പരിപാടിയുടെ സംവിധായകനായ ആന്റണി ഫേസ്ബുക് വഴി അറിയിക്കുകയും ചെയ്തിരുന്നു. 

പരിപാടിക്കെതിരെ പൊലീസിൽ പരാതി നൽകിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ടെലികാസ്റ്റ് ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചതെന്ന് ആന്റണി പറഞ്ഞു.  ഇടതു ചിന്താഗതിക്കാരായ സ്ത്രീകൾ കാരണമാണ് പരിപാടി സംപ്രേക്ഷണം ചെയ്യാൻ കഴിയാത്തതെന്നും ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. കേരളീയ സ്ത്രീകളും തമിഴ് സ്ത്രീകളും തങ്ങളുടെ വസ്ത്രധാരണ രീതിയെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും നേതൃപാടവത്തെക്കുറിച്ചുമൊക്കെ വ്യക്തിപരമായും പൊതുയിടത്തിലും വ്യക്തമാക്കുകയായിരുന്നു. പക്ഷേ ലെഫ്റ്റിസ്റ്റ് ഫെമിനിസ്റ്റുകൾ അവരുടെ ശബ്ദത്തെ അടിച്ചമർത്തുകയായിരുന്നുവെന്ന് ആന്റണി പറയുന്നു. 

സ്ത്രീസൗന്ദര്യത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടെന്നു പറഞ്ഞ് സ്റ്റേ വാങ്ങിയിരിക്കുകയാണ് അവർ, ഈ കോളജ് പെൺകുട്ടികളുടെ വാക്കുകൾ കേൾക്കാൻ പോലും ക്ഷമ കാണിക്കാതെ ഇങ്ങനെ ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നും ആന്റണി പറയുന്നു. എന്തായാലും ഇത്തരമൊരു ചർച്ച ടെലികാസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനം സ്വാഗതാർഹമാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam