ഷാരൂഖ് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇതുപോലൊരു ബർത്ഡേ വിഷ്; വിഡിയോ

ഷാരൂഖ് ഖാൻ, ലില്ലി സിങ്

റൊമാൻസോ കോമഡിയോ ഹീറോയിസമോ എന്തും ആയിക്കൊള്ളട്ടെ, കിങ്ഖാൻ ഷാരൂഖ് കഴിഞ്ഞേ മറ്റാരുമുള്ളു. സ്ക്രീനിൽ യുവത്വം തുളുമ്പുന്ന കഥാപാത്രങ്ങളെ കാഴ്ചവെക്കുന്ന താരം ജീവിതത്തില്‍ തന്റെ അമ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. നവംബർ രണ്ടിനു പിറന്നാൾ ആഘോഷിച്ച ഷാരൂഖിന് ലോകത്തിന്റെ അങ്ങോളമിങ്ങോളമുള്ളവരിൽ നിന്ന് ആശംസകളും ലഭിച്ചു. അതിൽ തന്നെയും വൈറലാകുന്നൊരു ആശംസാ വിഡിയോയുണ്ട്.

നടിയും വ്ലോഗറും കൊമേഡിയനുമൊക്കെയായ ലില്ലി സിങ്ങിന്റെ പിറന്നാൾ ആശംസയാണ് വൈറലാകുന്നത്. ഷാരൂഖ് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇതുപോലൊരു വിഷ് എന്നാണ് പലരും പറയുന്നത്. ഷാരൂഖിന്റെ ഐക്കണിക് ഗാനങ്ങൾക്കൊപ്പം ചുണ്ടനക്കി അതേ സ്റ്റൈലിൽ നൃത്തം ചെയ്യുകയാണ് ലില്ലി. 

ഹിറ്റ് സോങ്ങുകളായ തുജേ ദേഘാ തോ യേ, ചയ്യാ ചയ്യാ, കുച് കുച് ഹോതാ ഹേ, ദർദേ ഡിസ്കോ തുടങ്ങിയ ഗാനങ്ങൾക്കൊപ്പമാണ് ലില്ലിയുടെ കിടിലന്‍ പ്രകടനം. ഒപ്പം ഏറെ ആരാധിക്കുന്ന ഷാരൂഖിന് ഹൃദയത്തിൽ തൊടുന്നൊരു ആശംസാ കുറിപ്പും ലില്ലി പങ്കുവച്ചു. കുറിപ്പു വായിക്കാം.

'' കുറച്ചു വർഷങ്ങൾക്കു മുമ്പ് എനിക്ക് ഷാരൂഖിന്റെ മുംബെയിലെ വസതിയിലേക്കു വരാൻ ക്ഷണം ലഭിച്ചു. ഈ ദിവസം വരെ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓർമകളിലൊന്നാണത്. പ്രതിഭാസമായ അദ്ദേഹം അത്രത്തോളം വിനയമുള്ളവനും ഡൗൺ ടു എർത്തുമാണ്. ആ ദിവസം അദ്ദേഹം ആഥിത്യ മര്യാദയോടെ എതിരേറ്റത് ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ കരിയർ എന്റെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് സർവ അനുഗ്രഹങ്ങളും പോസിറ്റീവ് എനര്‍ജിയും ആശംസിക്കുകയാണ്. ലോകത്തിലെ തന്നെ ബിഗ്ഗസ്റ്റ് മൂവി സ്റ്റാറിന് എന്റെ പിറന്നാൾ ആസംസകൾ. നിങ്ങളിൽ ഞാൻ അഭിമാനം കൊള്ളുന്നു.''

കിങ് ഖാനു പിറന്നാള്‍ ആശംസകൾ നേരാൻ ബാന്ദ്രയിലെ മന്നത് എന്ന വീടിനു മുമ്പാകെ കഴിഞ്ഞ ദിവസം ജനക്കൂട്ടമായിരുന്നു. പലപ്പോഴും പൊലീസുകാർ ജനങ്ങളെ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു. ഈ പിറന്നാൾ ദിനത്തിൽ ഇനി എന്തു നേടാനാണ് താങ്കൾ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് പ്രായമാകും തോറും കുലീനനായിരിക്കാൻ കഴിയുക എന്നതാണ് തനിക്കു നേടാനുള്ള കാര്യമെന്നാണ് ഷാരൂഖ് പറഞ്ഞത്. തന്റെ മക്കള്‍ സന്തുഷ്ടരോടെ ആരോഗ്യത്തോടെ എപ്പോഴും ഇരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു. േബാളിവുഡ് ലോകത്തെ താരങ്ങള്‍ അണിനിരന്ന പാർട്ടിയും ഷാരൂഖിന്റെ പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam