Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ ഐപാ‍ഡ് പരിശോധിച്ച അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച !!

Scot Jenkins സ്കോട്ട് ജെൻകിൻസ് മക്കളോടൊപ്പം, ചിത്രം: ഫേസ്ബുക്

സ്വകാര്യത എന്നത് എല്ലാവർക്കും ഒരുപോലെ അർഹതപ്പെട്ടതാണ്. പ്രായഭേദമന്യേ ഈ ഭൂമിയിലെ ഓരോരുത്തര്‍ക്കും സ്വകാര്യത അനുഭവിക്കാനുള്ള സ്വാതന്ത്രവുമുണ്ട്. പക്ഷേ തന്റെ മകളുടെ സ്വകാര്യതയിൽ ഒന്നെത്തി നോക്കിയ ഒരച്ഛന്റെ കഥയാണ് ഇന്ന് സമൂഹമാധ്യമത്തിൽ നിറയുന്നത്. മകളുടെ ഐപാഡ് പരിശോധിക്കാനുണ്ടായ ആ അച്ഛന്റെ തീരുമാനം രക്ഷിച്ചത് അവളുടെ ജീവൻ തന്നെയാണ്. 

കൗമാരകാലത്ത് കുട്ടികൾക്ക് അച്ഛനമ്മമാരെക്കാൾ അടുപ്പം സമപ്രായക്കാരോടായിരിക്കും. മാതാപിതാക്കളോടു പറയാൻ മടിക്കുന്ന പല കാര്യങ്ങളും അവർ പങ്കുവെക്കുന്നതും ആ സദസ്സുകളിലായിരിക്കും. പക്ഷേ അച്ഛനമ്മമാരോടുള്ള ഈ അകലം കൂടുന്നതോടെ ചിലരുടെയെങ്കിലും ജീവിതങ്ങളിൽ അരക്ഷിതാവസ്ഥകളും വന്നെത്താറുണ്ട്. സ്കോട്ട് ജെൻകിൻസ് എന്ന സ്നേഹവാനായ അച്ഛൻ തന്റെ പെൺമക്കളിലെ ആ മാറ്റം വളരെ വേഗം തിരിച്ചറിഞ്ഞിരുന്നു. 

മൂത്ത മകളായ ഹെയ്‌ലിയിലുണ്ടായ മാറ്റമായിരുന്നു എല്ലാത്തിനും കാരണം. കുടുംബത്തിൽ നിന്ന് അവൾ അകലുകയും തനിച്ചിരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്തു. പോകെപ്പോകെ അവൾ അമ്മയോടും അച്ഛനോടും ഒന്നും തുറന്നു പറയാത്ത അവസ്ഥയായി, ഈ സാഹചര്യത്തിലാണ് സ്കോട്ട് തന്റെ ഭാര്യയോട് മകളുടെ സ്വഭാവത്തിലെ മാറ്റത്തെക്കുറിച്ചു പറഞ്ഞത്. തുടർന്നാണ് അവരുടെ സമൂഹമാധ്യമത്തിലെ ബന്ധങ്ങളെക്കുറിച്ച് ശ്രദ്ധിക്കാൻ തീരുമാനിക്കുന്നത്. 

ആഴ്ചയിൽ രണ്ടുതവണ രണ്ടു പെൺമക്കളുടെയും ഓൺലൈനിലെ പ്രവർത്തനങ്ങളെ ആ അച്ഛൻ വീക്ഷിക്കാൻ തുടങ്ങി. ഒരു രാത്രിയിൽ പെട്ടെന്നൊരു കാരണവുമില്ലാതെ സ്കോട്ട് തന്റെ മകളുടെ ഐപാഡ് പരിശോധിക്കാൻ തീരുമാനിച്ചു, ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അദ്ദേഹം കണ്ടത്. ബ്രൂസ് എന്നൊരു പതിനഞ്ചുകാരനുമായി ഹെയ്‌ലി നിരന്തരം അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. ബ്രൂസ് വഴി ഹെയ്‌ലി അപരിചിതരായ പലരെയും പരിചയപ്പെട്ടു. തന്റെ പ്രായത്തിലുള്ളവരാണ് അതെല്ലാം എന്നായിരുന്നു ഹെയ്‌ലിയുടെ ധാരണ, എന്നാൽ അവരെല്ലാം മുതിർന്നവരാണെന്നും അവരുടെ ഉദ്ദേശം മറ്റൊന്നായിരുന്നുവെന്നും സ്കോട്ട് പിന്നീടു കണ്ടുപിടിച്ചു. 

മക്കളു‌ടെ സുരക്ഷിതത്വത്തിൽ ബോധവാനായ ആ അച്ഛൻ ശേഷം ചെയ്തത് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഏഴുമാസങ്ങൾക്കു ശേഷം സ്കോട്ടിന് പൊലീസില്‍ നിന്നും ഒരു ഫോൺകോൾ ലഭിച്ചു, അവിടെ നിന്നും സ്കോട്ട് കേട്ട വാക്കുകൾ മരവിപ്പിക്കുന്നതായിരുന്നു. ഹെയ്‌ലി ഓൺലൈനിലൂടെ പരിചയപ്പെട്ട ബ്രൂസ് മനുഷ്യക്കടത്തിന്റെ കണ്ണിയായിരുന്നു.  ബ്രൂസിന്റെ സൗഹൃദവലയത്തിലുള്ളവർ പലരും ബ്രൂസ് അറിയാതെ തന്നെ അവന്റെ സുഹൃത്തുക്കളെ ഇരകളാക്കുകയായിരുന്നു. അൽപം കൂടി വൈകിയിരുന്നെങ്കിൽ സ്കോട്ടിനും തന്റെ മകളെ എന്നെന്നേക്കുമായി നഷ്ടമാകുന്ന അവസ്ഥയായിരുന്നു. 

ലോകമെമ്പാടുമുള്ള മാതാപിതാക്കുള്ളൊരു താക്കീതു കൂടിയാണ് സ്കോട്ടിന്റെ അനുഭവം. മക്കളെ നിഴൽ പോലെ പിന്തുടർന്ന് അവരുടെ സ്വകാര്യതയെ ഹനിക്കണമെന്നല്ല ഈ അനുഭവം പങ്കുവെക്കുന്നത്, മറിച്ച് മക്കളിൽ അസാധാരണമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയാൽ അതവർ തുറന്നു പറയാതെ വീട്ടുകാരിൽ നിന്ന് എന്നെന്നേക്കുമായി അകന്നു തുടങ്ങുകയാണെന്ന ബോധ്യം വന്നാൽ അവര്‍ക്കു സംഭവിക്കുന്നത് എന്താണെന്ന് അറിയാൻ ശ്രമിക്കണമെന്നാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam