കുമ്മനത്തിന്റെ മറുപടി അറിയാം, അതിനു മുന്‍പ് കാര്യമെന്തെന്നു പറയാം. ഭാഗ്യ ചിഹ്നമായ ആനക്കുട്ടിക്കൊരു പേരിടാൻ മെട്രോ പൊതുജനത്തിന്റെ സഹായം തേടി. അതിനായൊരു ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചു. ഏറ്റവുമധികം ലൈക്ക് കിട്ടുന്ന പേര് തിരഞ്ഞെടുക്കുമെന്നും പ്രഖ്യാപിച്ചു. കൊച്ചിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ പണി പാളി. കയറി മേഞ്ഞ ട്രോളർമാർ ആനക്കൊരു േപരിട്ടു. കുമ്മനാന. തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായി അധികാരികള്‍. സമൂഹമാധ്യമങ്ങളിൽ ഹിറ്റായ കുമ്മനാന എന്ന പേര് തള്ളിക്കളയേണ്ട ഗതികേടിലാണ് മെട്രോ കമ്പനിയായ കെഎംആർഎൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ പരാമർശിച്ച് ട്രോളർമാരിട്ട പേര്, ഇരുപതിനായിരത്തിലേറെ ലൈക്കുനേടി ജനപ്രീതിയിൽ ബഹുദൂരം മുന്നിലെത്തി. ഇതൊക്കെ കാണുമ്പോള്‍ എന്താണ് കുമ്മനം രാജശേഖരന്റെ മറുപടിയെന്നറിയണ്ടേ?
അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
''തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്. എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.''
കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നത്തിന് പേരിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് കുമ്മനത്തിന്റെ തകര്‍പ്പന്‍ മറുപടി. വ്യക്തിഹത്യ പാടില്ലെന്നും കൂടുതൽ നല്ല പേരു നിർദേശിക്കാനും ആവശ്യപ്പട്ട് ഫെയ്സ്ബുക്ക് പോസ്റ്റ് പരിഷ്കരിച്ചിരുന്നു. എന്നാൽ വിടാൻ തയ്യാറാകാതെ ചിലർ പിന്നാലെ കൂടുകയാണ്, കുമ്മനാനയെന്നു തന്നെ പേരിടണമെന്നാണ് ആവശ്യം.
ഇതിനു പിന്തുണ തേടി കുമ്മനാന എന്ന പേരിൽ പ്രൊഫൈൽ പിക്ചർ ക്യാംപയിനും തുടങ്ങിക്കഴിഞ്ഞു. ലൈക്ക് കണക്കില്‍ ഇപ്പോഴും ഈ പേരാണ് മുന്നിൽ. കേശു, ബില്ലു, മിത്ര തുടങ്ങി, മെട്രോ നിർമാണത്തിനിടെ അപകടത്തിൽ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ പേരുകൾ വരെ നിർദേശങ്ങളായി വന്നിട്ടുണ്ട്. എന്നാലും ഇപ്പോഴത്തെ നിലയിൽ പോയാൽ ഈ പേരുകൾക്കൊന്നും കുമ്മനാനയെ മറികടക്കാനാവില്ല. പേരു നിർദേശിക്കാനുള്ള സയമം തീരാൻ ഏതാനും മണിക്കൂറുകള്‍ കൂടിയേ ബാക്കിയുള്ളൂ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam