പിഞ്ചുകുഞ്ഞുങ്ങൾക്കെതിരായുള്ള ക്രൂര മർദ്ദനങ്ങളെക്കുറിച്ചു കേൾക്കാത്ത ഒരു ദിനം പോലും കടന്നുപോകുന്നില്ല. ശാരീരികവും മാനസികവുമായൊക്കെ അവർ സഹിക്കാവുന്നതിനുമപ്പുറം അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. വീട്ടിനുള്ളിൽ പോലും അവർ സുരക്ഷിതരല്ലെന്നാണ് ഇന്നു പുറത്തു വന്നുകൊണ്ടിരിക്കുന്ന പല വാർത്തകളും സൂചിപ്പിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വിഡിയോയും സമാനമാണ്. വെറും മൂന്നു വയസ്സുള്ളൊരു പെൺകുട്ടിയെ രണ്ടാനമ്മ ചാക്കിൽകെട്ടി ക്രൂരമർദ്ദനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങളാണത്.
സംരക്ഷിക്കേണ്ടവർ തന്നെ കുരുന്നുകളുടെ വേട്ടക്കാർ ആകുന്നുവെന്നതാണ് ഈ ദൃശ്യം വ്യക്തമാക്കുന്നത്. ഛണ്ഡീഗഡ് സ്വദേശിയായ ജസ്പ്രീത് കൗർ എന്ന സ്ത്രീയാണ് മൂന്നു വയസ്സുള്ള കുഞ്ഞിനെ ചാക്കിനുള്ളിൽ കെട്ടി നിലത്തിട്ടടിക്കുന്നത്. സ്കൂളിൽ എന്താണു ചെയ്തതെന്ന േചാദ്യത്തോടെ ആദ്യം കുഞ്ഞിനെ അടിക്കുന്നതു കാണാം. തുടർന്ന് ചാക്കിനുള്ളിലാക്കി നിലത്തിട്ട് ഇടിക്കുന്നതും കാണാം.
രണ്ടരമാസം മുമ്പു നടന്ന സംഭവങ്ങളുടെ വിഡിയോ പകർത്തിയത് കുട്ടിയുടെ മൂത്ത സഹോദരനാണത്രേ. പല സമയങ്ങളിലായി അനുജത്തി നേരിട്ട പീഡനങ്ങളാണ് സഹോദരൻ പകർത്തി അച്ഛനെ കാണിച്ചത്. മകൾക്കു സംഭവിച്ച ഈ ക്രൂരതയെക്കുറിച്ച് അച്ഛൻ മന്‍മോഹനും അറിഞ്ഞിരുന്നില്ല. മകനാണ് ഈ വിഡിയോ തന്നെ കാണിച്ചതെന്നും ദൃശ്യങ്ങൾ കണ്ടു താൻ ഞെട്ടിപ്പോയെന്നും മൻമോഹൻ പറഞ്ഞു.
രണ്ടരവർഷം മുമ്പാണ് തന്റെ ആദ്യഭാര്യ മരിച്ചത്. തുടർന്ന് 2016ൽലാണ് ജസ്പ്രീതിനെ വിവാഹം കഴിച്ചത്. ജസ്പ്രീതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മൻമോഹൻ പറഞ്ഞു. ആദ്യവിവാഹത്തിൽ ജസ്പ്രീതിനും ഒരു കുഞ്ഞുണ്ട്. എന്നിട്ടും അവർക്ക് മറ്റൊരു കുരുന്നിന്റെ വേദന മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ എന്നു പറഞ്ഞാണ് പലരും വിഡിയോ പങ്കുവെക്കുന്നത്.
മകളുടെ കാലും ജസ്പ്രീത് കാരണമാണ് ഒടിഞ്ഞതെന്നു പറഞ്ഞ് മൻമോഹൻ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. ഇതെത്തുടർന്ന് രണ്ടുമാസം മുമ്പ് ആത്മഹത്യക്കു ശ്രമിച്ച ജസ്പ്രീത് രക്ഷപ്പെട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം ജസ്പ്രീതിനെതിരെ എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി നല്‍കിയതു മുതൽ കാണാതായിരുന്ന ജസ്പ്രീതിനെ പിന്നീട് മാതാപിതാക്കൾക്കൊപ്പമാണ് കണ്ടെത്തിയത്.
ചൈൽഡ് ഹെൽപ്‌ലൈൻ അധികൃതരോട് തന്നെക്കൊണ്ടാവും വിധം പ്രശ്നങ്ങളെല്ലാം പറഞ്ഞുകൊടുത്ത കുരുന്ന് അച്ഛനൊപ്പം നിൽക്കണമെന്നാണ് ആവശ്യപ്പെട്ടത്. ചെറിയ പ്രായത്തിനുള്ളിൽ തന്നെ ഒരായുസ്സിന്റെ മാനസിക–ശാരീരിക പീഡനങ്ങൾ അനുഭവിച്ച ആ കൊച്ചുമാലാഖയ്ക്ക് ഇവയെല്ലാം എളുപ്പം മാറാൻ കഴിയട്ടെ എന്നാഗ്രഹിക്കുകയാണ് സമൂഹം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam